Kesari WeeklyKesari

ലേഖനം..

ഇടതുഭരണത്തിലെ ദളിത് പീഡനങ്ങള്‍--മുരളി പാറപ്പുറം

on 19 April 2019
Kesari Article

കേരളം കണ്ട  ഏറ്റവും ക്രൂരമായ ഒരു ദളിത് പീഡനം മുതലെടുത്താണ് 2016 മെയ് മാസത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. വിരോധാഭാസമെന്നു പറയട്ടെ, അതിക്രൂരമായ ദളിത് പീഡനങ്ങളുടെ ഒരു പരമ്പര തന്നെയാണ് മൂന്നുവര്‍ഷക്കാലത്തെ ഇടതുമുന്നണി ഭരണകാലത്ത് നടന്നത്. അവഗണനകള്‍, അടിച്ചമര്‍ത്തലുകള്‍, അപമാനങ്ങള്‍, മര്‍ദ്ദനങ്ങള്‍, പീഡനങ്ങള്‍, കൊലപാതകങ്ങള്‍ എന്നിങ്ങനെ ദളിതര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാമൂഹ്യാന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു.
ജിഷ കൊലപാതകം
യുഡിഎഫ് ഭരണകാലത്താണ് പെരുമ്പാവൂര്‍ സ്വദേശിനിയായ നിയമവിദ്യാര്‍ത്ഥിനി ജിഷ സ്വന്തം വീട്ടില്‍ ലൈംഗികമായ പീഡനത്തിനിരയായി പൈശാചികമായി കൊലചെയ്യപ്പെട്ടത്. കേരളം നടുങ്ങിയ ഈ സംഭവത്തില്‍ രാഷ്ട്രീയത്തിലെ വന്‍ സ്രാവുകളിലൊന്നിന് കയ്യുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടും ഒരു ഇതര സംസ്ഥാന തൊഴിലാളി മാത്രമാണ് കേസില്‍ പ്രതിയായത്. കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. അന്വേഷണം കുറ്റമറ്റതാക്കി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുമെന്ന് സിപിഎമ്മും ഇടതുമുന്നണിയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഗ്ദാനം ചെയ്തു. എന്നാല്‍ അധികാരം കിട്ടിയ നിമിഷം മുതല്‍ അവര്‍ ഇത് മറന്നു. അന്വേഷണം കൊല്ലിച്ചവരിലേക്ക് എത്താനിടയുള്ള എല്ലാ വഴികളും അടയ്ക്കുകയാണ് പോലീസ് ചെയ്തത്. അനുസരണശീലമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇതിനായി നിയോഗിക്കപ്പെട്ടു. ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്റെ എല്ലാ ഒത്താശകളും ഇതിന് ലഭിച്ചു.
കണ്ണൂരിലെ കാടത്തം
ഇടതുമുന്നണി ഭരണത്തില്‍ ജിഷ കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത് ഒരു തുടക്കം മാത്രമായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസം കഴിഞ്ഞപ്പോള്‍ത്തന്നെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിലൊന്നില്‍നിന്ന് ജനങ്ങള്‍ ആ വാര്‍ത്ത കേട്ടു. തലശ്ശേരിയിലെ അഖില, അഞ്ജന എന്നീ രണ്ട് ദളിത് യുവതികളെ കൈക്കുഞ്ഞുമായി ജാമ്യം പോലും കിട്ടാത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു. ചില സിപിഎം നേതാക്കള്‍ ജാതീയമായി പരിഹസിക്കുന്നതിലും അധിക്ഷേപിക്കുന്നതിലും പൊറുതി മുട്ടിയ യുവതികള്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കടന്നുചെന്ന് പ്രതിഷേധിച്ചതാണ് കാരണം. ഇതിലൊരു യുവതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകകൂടി ചെയ്തതോടെ സംഭവം വലിയ വിവാദമായി. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പോലീസുകാരോട് പോയി ചോദിക്കാനാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ദളിത് വിരുദ്ധ മുഖമാണ് തലശ്ശേരി സംഭവത്തിലൂടെ തെളിഞ്ഞത്.
കെവിന്റെ ദാരുണമരണം
2018 മെയ് മാസത്തില്‍ കോട്ടയം ജില്ലയില്‍ കെവിന്‍ ജോസഫ് എന്ന ദളിത് ക്രൈസ്തവ യുവാവ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത് പിണറായി സര്‍ക്കാരിന്റെ മുഖംതന്നെ നഷ്ടപ്പെടുത്തി. നീനു എന്ന കത്തോലിക്കാ യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തുവെന്ന കുറ്റത്തിന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. പോലീസിന് ലഭിച്ച പരാതിയില്‍ സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ ദാരുണമായ ഈ സംഭവം ഒഴിവാക്കാമായിരുന്നു. പക്ഷേ പോലീസ് കരുതിക്കൂട്ടി നിഷ്‌ക്രിയത പാലിച്ച്  ഒരു  ദുരഭിമാന കൊലപാതകത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു. അക്രമികളും പോലീസും തമ്മിലുള്ള ദളിത് വിരുദ്ധ ഗൂഢാലോചനയാണ് കെവിന്റെ ദാരുണമായ മരണത്തിലേക്ക് നയിച്ചത്.
അതിക്രമങ്ങളുടെ പരമ്പര
കണ്ണൂരിലെ ദളിത് യുവതികളെ ജയിലിലടച്ചതും  കോട്ടയത്ത് ദളിത് യുവാവിന്റെ ദുരഭിമാനക്കൊലയും ഇടതുമുന്നണി ഭരണത്തിലെ ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ സംഭവങ്ങളല്ല. ദളിത് വിരുദ്ധമനോഭാവമുള്ളവര്‍ ഭരണത്തിന്റെ തണലില്‍ കെട്ടഴിച്ചുവിടുന്ന ആസൂത്രിതമായ അതിക്രമങ്ങളാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2016 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെ സംസ്ഥാനത്ത് 17 ദളിത് കൊലപാതകങ്ങളാണ് നടന്നത്. ഇരകള്‍ക്ക് മാരകമായി പരിക്കേറ്റ 56 അക്രമങ്ങള്‍ ഇക്കാലയളവില്‍ നടന്നു. 281 ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നതാണ് നടുക്കുന്ന മറ്റൊരു കാര്യം. ദളിതര്‍ക്കെതിരെ മറ്റു തരത്തിലുള്ള 1160 കുറ്റകൃത്യങ്ങളും അരങ്ങേറി. ആകെ 1514 കുറ്റകൃത്യങ്ങള്‍.
2018 ജനുവരി മുതല്‍ 2018 ആഗസ്റ്റ് വരെ നടന്ന ദളിത് അതിക്രമങ്ങളുടെ കണക്കും പിണറായി ഭരണത്തിന്റെ മനുഷ്യത്വ വിരുദ്ധ മുഖം പൂര്‍ണമായും വെളിപ്പെടുത്തുന്നുണ്ട്. ഇക്കാലയളവില്‍ എട്ട് കൊലപാതകങ്ങളും, ഇരകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ 27 അക്രമങ്ങളും, 126 ബലാത്സംഗങ്ങളും, നാല് സ്വത്ത് നശിപ്പിക്കല്‍ സംഭവങ്ങളും, 447 മറ്റ് തരത്തിലുള്ള കുറ്റകൃത്യങ്ങളുമാണ് അരങ്ങേറിയത്. മൊത്തം 612 കുറ്റകൃത്യങ്ങള്‍.
കേന്ദ്ര പദ്ധതികള്‍ക്ക് 
വിലക്ക്
പട്ടികജാതി ക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും പണം ചെലവഴിക്കുന്നതിലും നരേന്ദ്ര മോദി സര്‍ക്കാരിനോളം ഉദാരമായ സമീപനം പുലര്‍ത്തിയ മറ്റ് കേന്ദ്ര സര്‍ക്കാരുകള്‍ ഇല്ലെന്നു തന്നെ പറയാം. കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി അനുവദിച്ച പദ്ധതികളുടെ പട്ടിക ഇങ്ങനെയാണ്: മെട്രിക്കുലേഷനു ശേഷമുള്ള പഠനങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് (100% കേന്ദ്രസഹായം), പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള പഠന നിലവാരമുയര്‍ത്തല്‍ (100% കേന്ദ്രസഹായം), മുന്‍കാലങ്ങളില്‍ വൃത്തിഹീന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരുടെ ആശ്രിതരുടെ ഉന്നമനത്തിനു വേണ്ടിയുള്ള സ്‌കോളര്‍ഷിപ്പ്, 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്, 1955-ലെ പൗരാവകാശ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിനുള്ള സംവിധാനം (50% കേന്ദ്ര സഹായം), ബാബു ജഗജീവന്‍ റാം ഛാത്രവാസ് യോജന (പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മാണം).
എന്നാല്‍ ഇക്കാര്യത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍  മോദി സര്‍ക്കാരിനോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു. പട്ടികജാതി ക്ഷേമത്തിന് കേന്ദ്രം ആവിഷ്‌കരിച്ച പല പദ്ധതികളും നടപ്പാക്കാതെ കടുത്ത വഞ്ചന കാണിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. നാഷണല്‍ കര്‍മചാരി ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എസ്‌കെഎഫ്ഡിസി), വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് ഫോര്‍ എസ്‌സി, ക്രെഡിറ്റ് എന്‍ഹാന്‍സ്‌മെന്റ് ഗാരന്റി സ്‌കീം ഫോര്‍ എസ്‌സി, അസിസ്റ്റന്റ് ടു വോളന്ററി ഓര്‍ഗനൈസേഷന്‍ വര്‍ക്കിങ് ഫോര്‍ വെല്‍ഫെയര്‍ ഓഫ് എസ്‌സി എന്നിവ ഇതില്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയില്‍ ഈ വഞ്ചന പ്രകടമാണ്.
ബജറ്റ് വിഹിതം പാഴാക്കി
സംസ്ഥാന സര്‍ക്കാരിന്റെ തന്നെ പട്ടികജാതി വകുപ്പിന് അനുവദിച്ച തുകയും പൂര്‍ണമായി ചെലവഴിക്കാതെ നഷ്ടപ്പെടുകയാണുണ്ടായതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2016-17 സാമ്പത്തിക വര്‍ഷം 1746.42 കോടി രൂപയാണ് പട്ടികജാതി വകുപ്പിന് അനുവദിച്ചത്. ചെലവഴിച്ചത് 1447.14 കോടിയും. 299.28 കോടി രൂപ ലാപ്‌സാക്കി. 2017-18 സാമ്പത്തിക വര്‍ഷം 1889.10 കോടി രൂപ അനുവദിച്ചപ്പോള്‍ ചെലവാക്കിയത് 1525.87 കോടി മാത്രം. ലാപ്‌സായത് 313.23 കോടി. തുടര്‍ച്ചയായ രണ്ട് സാമ്പത്തികവര്‍ഷത്തിലുംകൂടി 612.51 കോടി രൂപ ഇപ്രകാരം നഷ്ടപ്പെടുത്തി. പട്ടികജാതി വികസനത്തിനായി വകയിരുത്തുന്ന തുക മറ്റ് പദ്ധതികള്‍ക്കായി ചെലവഴിക്കാനാവില്ല എന്നിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ അനാസ്ഥ.
പ്രളയത്തിലും വഞ്ചന
കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് പട്ടികജാതി വിഭാഗങ്ങളെയാണ്. പക്ഷേ പ്രളയത്തിനുശേഷം നവകേരളനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ച ഇടതുമുന്നണി സര്‍ക്കാര്‍ പട്ടികജാതി വിഭാഗങ്ങളെ ക്രൂരമായി അവഗണിക്കുകയായിരുന്നു. സംസ്ഥാനത്ത് പ്രളയബാധിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രളയദുരിതാശ്വാസ ഫണ്ടും, വീടു നഷ്ടപ്പെട്ടവര്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളും ആറ് മാസം കഴിഞ്ഞിട്ടും ലഭിച്ചില്ല. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഷാജുമോന്‍ വട്ടേക്കാടിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
 സംസ്ഥാനത്ത് 86893 പട്ടികജാതി കുടുംബങ്ങളാണ് പ്രളയബാധിതരായത്. ഇതില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാര്‍ തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്. തൃശൂര്‍-20986, ആലപ്പുഴ-20969, എറണാകുളം-16725  എന്നിങ്ങനെയാണ് ഇവരുടെ സംഖ്യ. സംസ്ഥാനത്ത് 17805 പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മാസം ആറായിട്ടും വിതരണം ചെയ്തില്ല. തൃശ്ശൂര്‍ ജില്ലയില്‍ 6617 കുടുംബങ്ങള്‍ക്കും, എറണാകുളം ജില്ലയില്‍ 3701 കുടുംബങ്ങള്‍ക്കും, ആലപ്പുഴ ജില്ലയില്‍ 2658 കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കിയില്ല. പ്രളയത്തെത്തുടര്‍ന്ന് പട്ടികജാതി വിഭാഗക്കാരുടെ 2733 വീടുകള്‍ പൂര്‍ണ്ണമായും 11223 വീടുകള്‍ ഭാഗികമായും തകര്‍ന്നു.  2733 വീടുകളില്‍ 243 പേര്‍ക്ക് മാത്രമാണ് വീട് പണിയുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. ഇതില്‍ 111 പേര്‍ക്ക് മാത്രമാണ് ആദ്യഗഡു നല്‍കിയത്. 
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ അധഃസ്ഥിത ജനവിഭാഗങ്ങളെ പലതരത്തില്‍ വഞ്ചിക്കാനും അടിച്ചമര്‍ത്താനും തുടങ്ങിയവര്‍ ഇപ്പോഴും അത് തുടരുന്നു എന്നതിന് തെളിവാണ് പിണറായിയുടെ ഭരണത്തിന്‍കീഴിലും നിര്‍ബാധം തുടരുന്ന ദളിത് പീഡനങ്ങള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments