Kesari WeeklyKesari

-ലേഖനം-

ഭരണമെന്തെന്നറിയാത്ത ഭരണകൂടം--സദാനന്ദന്‍ ചേപ്പാട്

on 19 April 2019

പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതപ്രാരാബ്ധങ്ങളില്‍ ഭരണകൂടം എങ്ങിനെ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു സര്‍ക്കാരിനെ പൊതുജനം വിലയിരുത്തുന്നത്. ഇടതുപക്ഷസര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ നമ്മുടെ സിവില്‍ സര്‍വ്വീസിലെ പ്രവര്‍ത്തനം എങ്ങനെ തുടരുന്നുവെന്ന് പരിശോധിക്കേണ്ടതല്ലേ? ഫയലുകള്‍ നടപടികാത്ത്  കെട്ടികിടക്കുന്നത് ഇന്നൊരു വാര്‍ത്തയല്ലാതെ വന്നിരിക്കുകയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടേയും സെക്രട്ടറിയേറ്റ് ജീവനക്കാരുടെയും മെല്ലെപ്പോക്ക് ഫയലുകള്‍ കുന്നുകൂടാന്‍ കാരണമായിരിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ കണക്കെടുപ്പുതുടങ്ങിയ വാര്‍ത്ത 2017 ഫെബ്രുവരി മൂന്നിനു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 
ഫയലുകള്‍ നീങ്ങാത്തതുമൂലം പദ്ധതിവിഹിതം ഉപയോഗിക്കുവാന്‍ കഴിയാതെ വരികയാണ്. 2017 ജനുവരി 31 ലെ കണക്കുകള്‍ പ്രകാരം 30,534 കോടിയുടെ പദ്ധതി അടങ്കലില്‍ 42.52 ശതമാനം മാത്രമാണ് വിനിയോഗിക്കാന്‍ കഴിഞ്ഞത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 5500 കോടി രൂപയില്‍ 12.8 ശതമാനം മാത്രം ചിലവിട്ടു.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്ന 6534 കോടിരൂപയില്‍ 74.41 ശതമാനം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ജനകീയ ഭരണം മെച്ചമെന്നു പറയണമെങ്കില്‍ സിവില്‍ സര്‍വ്വീസ് മികച്ച വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കഴിഞ്ഞ 1000 ദിനങ്ങളില്‍ നടന്നു വന്ന ഭരണത്തില്‍ ഇക്കാര്യം ഉറപ്പാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ?  2018 മേയ് പതിനെട്ടിന് പത്രമാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത ഇങ്ങനെയാണ്. ധനവകുപ്പില്‍ തീര്‍പ്പാക്കാത്ത ഫയല്‍കൂമ്പാരം. ഉദ്യോഗസ്ഥര്‍ പലരും പഞ്ചിംഗ് നടത്തി മുങ്ങുകയാണെന്നും പത്ര വാര്‍ത്ത വന്നിരുന്നു. സെക്രട്ടറി ഇക്കാര്യം പരിശോധിക്കുകയും ഫയലുകളില്‍ അനാവശ്യം എഴുതി ഫയല്‍ വൈകിപ്പിക്കരുതെന്നു ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി അറിയിച്ചെന്നും വാര്‍ത്ത വന്നിരുന്നു. നമ്മുടെ സെക്രട്ടറിയേറ്റില്‍ ധന വകുപ്പിലെ തീരുമാനങ്ങള്‍ കാത്തു മുപ്പതിനായിരത്തിലേറെ ഫയലുകള്‍ കുന്നുകൂടി കിടക്കുന്നു. പതിനായിരക്കണക്കിനു ഫയലുകള്‍ യാതൊരുവിധ നടപടികളും സ്വീകരിക്കാതെ കുന്നുകൂട്ടിയിട്ടിരിക്കുന്ന സന്ദര്‍ഭത്തിലും ഒരു പണിയും ചെയ്യാതെ വന്‍തുക ശമ്പളം കൈപ്പറ്റുന്നവര്‍ ധാരാളമാണ്. വെറുതെ വീട്ടില്‍ ഇരുന്നാലും ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. ഉത്തരവാദിത്തവും കാര്യക്ഷമതയും ഉള്ള ഒരു ഭരണം ഇവിടെ ഉണ്ടെങ്കില്‍ ഈ വിധം സംഭവിക്കുമോ? ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും കാര്യക്ഷമത ഇല്ലായ്മയും കാരണം ദര്‍ബാര്‍ ഹാളില്‍ ധനവകുപ്പിലെ അസിസ്‌ററന്റ് മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറി വരെയുള്ളവരുടെ യോഗം വിളിച്ചു വരുത്തി ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കേണ്ടിവരുമോ? 1000 ദിനാഘോഷച്ചടങ്ങുകള്‍ നടക്കുമ്പോള്‍ ഫയലുകളില്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ ഒന്നും ചെയ്തിട്ടില്ല. 
നമ്മുടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് പറയുമ്പോഴും ഒരു ജോലിയും ചെയ്യാത്ത 300 ഉന്നത ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടെന്നാണ് വാര്‍ത്ത. ഇവരെ വെറുതെ തീറ്റിപ്പോറ്റാന്‍ പ്രതിമാസം 3കോടിയിലധികം രൂപ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നുണ്ടത്രേ! അണ്ടര്‍ സെക്രട്ടറിക്ക് 70,000 രൂപയും സ്‌പെഷ്യല്‍ സെക്രട്ടറിക്ക്1.35 ലക്ഷം രൂപയും ഡെപ്യൂട്ടി സെക്രട്ടറിക്ക് 77000 രൂപയും, ജോയിന്റ് സെക്രട്ടറിക്കു 1.10 ലക്ഷവും അഡീഷണല്‍ സെക്രട്ടറിക്ക് 1.20 ലക്ഷവും ശമ്പളം നല്‍കുന്നുവത്രെ!ഫിനാന്‍സ്ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ലോ ഓഫീസര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍- അണ്ടര്‍ സെക്രട്ടറി-സ്‌പെഷ്യല്‍ സെക്രട്ടറി- തുടങ്ങിയ ഉദ്യോഗസ്ഥരുടെ ഒരു വലിയ നിരതന്നെ നമുക്കുള്ളപ്പോള്‍ ഭരണത്തിന് എന്തുകൊണ്ട് കാര്യക്ഷമത ഉണ്ടാകുന്നില്ല?
പ്രളയദുരിതം അനുഭവിക്കുന്നവര്‍, തൊഴില്‍ ഇല്ലായ്മയുടെ ഇരകള്‍, അഗതികള്‍, വൃദ്ധജനങ്ങള്‍ അങ്ങനെ നിരാലംബരുടെ ആര്‍ത്തനാദം മുഴങ്ങികേള്‍ക്കുന്ന കേരളത്തില്‍ ഭരണ രംഗത്ത് ചെലവിടലില്‍ മിതത്വം പാലിക്കുന്നുണ്ടോ? ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയശേഷം ടൂറിസം വകുപ്പ് വാങ്ങിയത് 6.78 കോടി രൂപയുടെ 35 പുതിയ കാറുകളാണ്. 2018 സപ്തംബറില്‍വന്ന പത്രവാര്‍ത്തയില്‍ മന്ത്രിമാരുടെയും മറ്റ്  ഉന്നത ഉദ്യോഗസ്ഥരുടെയും സഞ്ചാരത്തിന് വാങ്ങിക്കൂട്ടിയ പുതിയ വാഹനങ്ങളുടെ വിലയും ഇനവും ഉണ്ടായിരുന്നു. ഭരണവും ഭരണ പരിഷ്‌കാരവും ഒക്കെ കേരളത്തിലെ ഒരു പ്രത്യേകതയായി മാറിയിരിക്കുന്നു. ഭരണ പരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍, മറ്റുജീവനക്കാര്‍ എന്നിവരുടെ പ്രതിമാസ ശമ്പളം, മറ്റുചെലവുകള്‍ എന്നിവകള്‍ക്കു കോടികളാണ് ചെലവ്. നമ്മുടെ ഭരണ പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനായ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന് കമ്മീഷന്‍ പ്രവര്‍ത്തനത്തിനായി ഒരു വര്‍ഷത്തെ ചെലവ് ഒന്നരക്കോടിയോളം രൂപയാണ്! ഇക്കാലയളവില്‍ വിജിലെന്‍സ് പരിഷ്‌കരണം സംബന്ധിച്ച്  വിജിലന്‍സ് കമ്മീഷന്‍ സ്ഥാപിക്കണമെന്ന ശുപാര്‍ശ നല്‍കുന്ന 32 പേജുള്ള ഒരു റിപ്പോര്‍ട്ടാണ് ഈ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചതെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ ലഭിച്ചതെന്ന് 2018 ജനുവരി 15ലെ പത്രവാര്‍ത്തയില്‍ വന്നിരുന്നു. ഇതെല്ലാം 1000 ദിനാഘോഷം നടത്തുമ്പോള്‍ പൊതുജനം ചിന്തിക്കുന്നുണ്ട്. 
ഭഷ്യഭദ്രതാ നിയമം വഴി ലഭിയ്‌ക്കേണ്ട റേഷന്‍ വസ്തുക്കള്‍ ഇനിയും ലഭിക്കാത്തവര്‍, ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തവര്‍, അഗതികള്‍ക്കുള്ള സൗജന്യകിറ്റ് ലഭിക്കാത്തവര്‍- റേഷന്‍ കാര്‍ഡിനു അപേക്ഷിച്ചിട്ടു ലഭിക്കാത്തവര്‍,  വീടിനു നമ്പര്‍ ലഭിക്കാത്തവര്‍, കറണ്ടു ലഭിക്കാത്തവര്‍-അങ്ങനെ മറ്റാരുടേയും ഒരു വിധ സഹായങ്ങളും ഇല്ലാത്ത തികച്ചും ഒറ്റപ്പെട്ടുപോയ വൃദ്ധജനങ്ങള്‍ അഗതികള്‍, ഇത്തരക്കാരുടെ സങ്കടങ്ങള്‍- ആവലാതികള്‍ എന്നിവ ഈ 1000 ദിനാഘോഷപരിപാടിയില്‍ ഇവര്‍ നേരില്‍ കേട്ടിരുന്നെങ്കില്‍? 
ഈ 2019 ഫെബ്രുവരി 3-ാം തിയതി വിവിധ പത്രമാധ്യമങ്ങളില്‍ വന്നിരുന്ന ഒരു വാര്‍ത്ത ''പൊതുവിതരണ വകുപ്പില്‍നിന്നുള്ള തപാല്‍ വിതരണം മുടങ്ങി'' യെന്നായിരുന്നു. ധനവകുപ്പ് പണം നല്‍കുന്നില്ലെന്നും.  നമ്മുടെ സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പില്‍ നിന്നുള്ള തപാല്‍ വിതരണം ഒരു മാസത്തിലേറെയായി നടക്കുന്നില്ലായെന്നാണ് വാര്‍ത്ത. പാവപ്പെട്ട ദരിദ്രജനങ്ങളുടെ ധനസഹായവും ചികിത്സാസഹായം ഉള്‍പ്പെടെ ആയിരക്കണക്കിന് അറിയിപ്പുകളാണ് കെട്ടിക്കിടക്കുന്നത്. വിവിധ ഡയറക്ടറേറ്റുകളിലേയ്ക്കും, പൊതു ജനങ്ങള്‍ക്കുമുള്ള അറിയിപ്പുകളാണ് അയക്കുവാന്‍ നിവൃത്തിയില്ലാതെ കെട്ടിക്കിടക്കുന്നതത്രെ! 
എന്നാല്‍ 2019 ഫെബ്രുവരി 8-ന് വന്ന ഒരു വാര്‍ത്തയില്‍ ഭരണക്കാരുടെ വൈദ്യുതിബില്‍ ഒരു കോടി രൂപയെന്നും വെള്ളക്കരം അരക്കോടി രൂപയെന്നും പറയുന്നു! 1000 ദിനാഘോഷം പൊടിപൊടിക്കുമ്പോള്‍ പൊതുജനത്തിന്റെ ജീവിത പ്രാരാബ്ധങ്ങളില്‍ ഈ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്നു കൂടി വിശദീകരിക്കേണ്ടതില്ലേ? ഓരോ ഫയലും ഓരോ ജീവിതമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇക്കഴിഞ്ഞ 2018 ഡിസംബര്‍ 13ന്റെ പത്രവാര്‍ത്ത വായിച്ചിരിക്കുമോ? സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തോളം ഫയലുകള്‍ എന്നായിരുന്നു. ജനജീവിതം താറുമാറായ കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിമാസ ശമ്പളവും മറ്റാനുകൂല്യങ്ങളും ജനത്തിന്റെ പക്കല്‍ നിന്നു സ്വീകരിക്കുന്ന നികുതിപ്പണത്തില്‍ നിന്നുമാണെന്ന് ഓര്‍മ്മിക്കണം. നിയമസഭയില്‍ കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ യുടെ ചോദ്യത്തിന് രേഖാമൂലം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നതും.
ഇടതുമുന്നണി ഭരണം നടത്തുന്നതുമൂലമാണോ ഈ വിധം ഫയല്‍ കൂമ്പാരം ഉണ്ടായിരിക്കുന്നതെന്നു ചോദിക്കുന്നവര്‍ കണ്ടേയ്ക്കാം. അല്ല; എന്നാല്‍ 1000 ദിന ഭരണ നേട്ടങ്ങള്‍ വിവരിക്കുമ്പോള്‍ നിലവിലുള്ള ഈ പ്രതിസന്ധി തരണം ചെയ്യുവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്തുചെയ്തു എന്നതാണ് പ്രസക്തമായ ചോദ്യം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

1 Comments

Avatar
Soman nambuthiri
3 hours 30 minutes ago

നിങ്ങളുടെ ഈ മുഖപ്രസംഗം ..കേസരി വായിക്കുന്ന ഒന്നോ രണ്ടോ ആൾക്കാരെ കാണു..പബ്ലിക് മീഡിയയിൽ പോസ്റ്റുചെയ്യാൻ ധൈര്യമുണ്ടോ ??...കണ്ടംവഴി ഓടിക്കും ജനങ്ങൾ ഇമ്മാതിരി കള്ളത്തരങ്ങൾ വിളമ്പിയാൽ ... അഞ്ചുവർഷത്തെ മോങ്ങിയുടെ ഭരണ പരിഷ്കാരങ്ങളാണോ ഇവിടെ വിളമ്പുന്നത് ?,,,ഏതെങ്കിലും ഒരു നേട്ടമെങ്കിലും നിങ്ങൾക് ചൂണ്ടിക്കാണിക്കാൻ ഉണ്ടോ ജനങ്ങളുടെ മുൻപിൽ ...തെക്കേ ഇന്ത്യയിലെ പാവപെട്ട ജനങ്ങളെ കക്കൂസിന്റെ പേരുംപറഞ്ഞു പറ്റിക്കാനല്ലാതെ നിങ്ങൾക് കേരളത്തിലെ വിവരവും വിദ്യാഭ്യാസവും മൂല്യങ്ങളുമുള്ള ജനങ്ങളെ പറ്റിക്കാൻ ആവൂല മക്കളെ .വർഗീയത തലക്കുപിടിച്ച നിങ്ങളെപോലെയുള്ളവരെ ഈ നാട്ടിൽനിന്നും ഉന്മൂലനം ചെയ്യുന്ന കാലം വിദൂരമല്ല .ഈ മഞ്ഞ വീക്കിലി വായിക്കുന്ന വിവരദോഷികൾക് തെക്കേ ഇന്ത്യയിലേക് പൊയ്ക്കൂടേ ,,,പ്ലീസ്