Kesari WeeklyKesari

മുഖലേഖനം

സഖാവ് ലോറന്‍സിന്റെ മകള്‍ക്ക് പറയാനുള്ളത്--

on 19 April 2019
Kesari Article

ടതുപക്ഷ ജനാധിപത്യമുന്നണി മുന്‍ കണ്‍വീനറും മാര്‍ക്‌സിസ്റ്റ് 
നേതാവുമായ എം.എം.ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് തന്റെ കുടുംബം അനുഭവിച്ച പീഡനങ്ങള്‍ തുറന്നുപറയുന്നു.
എനിക്ക് എന്റെ അപ്പന്റെ 'ജോലി'യെക്കുറിച്ചൊന്നും തിരിച്ചറിവില്ലാത്ത പ്രായം. എറണാകുളം സിറ്റിയുടെ ഹൃദയഭാഗത്ത് തോട്ടക്കാട് റോഡിലെ കൊച്ചു വീട്ടിലാണ് അപ്പന്‍, അമ്മ, ഞങ്ങള്‍ നാല് മക്കള്‍ താമസിച്ചിരുന്നത്. നീണ്ട 20 വര്‍ഷങ്ങള്‍. ഇന്നാണ് സവര്‍ണ്ണനും അവര്‍ണ്ണനും മതങ്ങളും അതിനുള്ളിലുള്ള 'മതിലുകളും' ഞാന്‍ മനസ്സിലാക്കി വരുന്നത്. തമിഴ് ബ്രാഹ്മണരാണ് ചുറ്റും, പിന്നെ തുളു ബ്രാഹ്മണരും. സ്വാഭാവികമായും അവര്‍ക്ക് അവരുടേതായ ചിട്ടവട്ടങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്നതിന്റെ സ്വാധീനം എന്നില്‍ ഉണ്ട്. കൂട്ടുകാര്‍ അയല്‍ക്കാര്‍തന്നെ. അവര്‍തന്നെ 'ക്ലാസ്സ്‌മേറ്റ്‌സും'. ഞങ്ങളുടെ കുടുംബം കൂടാതെയുള്ള ഒരേയൊരു ക്രിസ്ത്യന്‍ കുടുംബം ഡോ. മേരി ആന്റണിയുടേതാണ്. ഡോക്ടര്‍ക്കും ഞങ്ങളോട് വളരെയധികം സ്‌നേഹമാണ്. 
അപ്പന്റെ ജോലി എന്റെ കൂട്ടുകാരുടെ അച്ഛനമ്മമാരുടേതില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് ക്രമേണ മനസ്സിലാക്കിത്തുടങ്ങി. കൊച്ചി സിറ്റി അന്നും വലിയ സിറ്റി തന്നെ. എന്നാലും മിക്കവര്‍ക്കും ഞങ്ങളെ അറിയാം. അപ്പന്റെ കൂടെ പോകുമ്പോള്‍ കിട്ടുന്ന പരിഗണനയെല്ലാം ഓര്‍ക്കുന്നു. അമ്മ തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു. ഞങ്ങള്‍ മക്കള്‍ക്ക് അപ്പനായിരുന്നു 'റോള്‍ മോഡല്‍'; അപ്പന്റെ 'നിരീശ്വരവാദം' ഞങ്ങളേയും ബാധിച്ചിരുന്നു. ശരിയല്ല അത് എന്ന് അമ്മ എന്നും പറയുമായിരുന്നു. എങ്കിലും 'ദൈവം' ഇല്ല എന്ന് തന്നെ ആയിരുന്നു വിശ്വാസം. എന്നല്‍ ഇടയ്‌ക്കൊക്കെ ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. പരീക്ഷാ സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന 'വിശ്വാസം' ആയിരുന്നു അത്.
എറണാകുളം ശിവക്ഷേത്രത്തില്‍ സ്ഥിരമായി പോകുമായിരുന്നു; കൂട്ടുകാരി സന്ധ്യയോടൊപ്പം. സന്ധ്യ തൊഴുന്നത് പോലെയെല്ലാം ഞാനും ചെയ്യുമായിരുന്നു. അന്നത്തെ പൂജാരിമാര്‍ക്കും അയല്‍പക്കക്കാര്‍ക്കുമെല്ലാം ഞാന്‍ ഏത് കുടുംബാംഗമാണ് എന്നറിയമായിരുന്നുവെങ്കിലും എല്ലാവര്‍ക്കും സന്തോഷമായിരുന്നു. ഉത്സവം തുടങ്ങിയാല്‍പ്പിന്നെ സ്ഥിരമായി വൈകുന്നേരങ്ങളില്‍ അമ്പലത്തില്‍ പോക്കാണ്. ശീവേലി കണ്ട് അവിടെയെല്ലാം കറങ്ങുക പതിവായിരുന്നു. അയല്‍പക്കത്ത് 'പറ' എടുക്കുന്ന ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതിരിക്കുമായിരുന്നു. ഇതിനൊന്നും യാതൊരു എതിര്‍പ്പുമില്ലായിരുന്നു വീട്ടില്‍.
'ഉത്സവം' ഞങ്ങളുടെ വീട്ടിലും ഉത്സവം കൊണ്ടുവരും. സ്ഥിരമായി രണ്ട് ആനകളാണ് വീട്ടുമുറ്റത്ത്. അതില്‍പ്പരം സന്തോഷമെന്താണ് കുട്ടിക്കാലത്ത്. വെടിക്കെട്ട്, ആറാട്ട് ഇതെല്ലാം ഞങ്ങള്‍ക്കെല്ലാം സന്തോഷമായിരുന്നു. അപ്പനുള്ള സമയത്താണെങ്കില്‍ വെടിക്കെട്ട് തുടങ്ങുമ്പോള്‍ ഞങ്ങളെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് കാണിച്ച് തരും. എന്റെയും അമ്മയുടെയും കൂടെ ഒരു ദിവസമെങ്കിലും ഉത്സവപ്പറമ്പ് കാണാനായി അപ്പന്‍ കൂടെവരും. 
സ്‌കൂള്‍ വിദ്യാഭ്യാസം സെന്റ് തെരേസാസില്‍ ആയിരുന്നു. പ്രീഡിഗ്രിയ്ക്ക് മഹാരാജാസില്‍ ചേര്‍ന്നു. വീട്ടുമുറ്റത്ത് തന്നെയുള്ള കോളേജ്. അപരിചിയത്വമൊന്നും അതുകൊണ്ടില്ല. പക്ഷേ, 'രാഷ്ട്രീയ അന്തരീക്ഷം' മാറി. കെ.എസ്.യു, എസ്.എഫ്.ഐ എല്ലാം ജീവിതത്തിലേക്ക് വരുന്നു. ആരും പറയേണ്ട കാര്യമില്ലല്ലോ, ഞാന്‍ എസ്.എഫ്.ഐ മെമ്പര്‍ഷിപ്പ് എടുത്തു. കൂട്ടുകാര്‍ കെ.എസ്.യു മെമ്പര്‍ഷിപ്പ് എടുത്തു. ഞങ്ങള്‍ രാഷ്ട്രീയം സംസാരിക്കാറില്ലായിരുന്നു. ഇലക്ഷന്‍ സമയത്ത് അവര്‍ ഇഷ്ടമുള്ളവര്‍ക്ക് വോട്ട് കൊടുക്കും. ഞാന്‍ എസ്.എഫ്.ഐയ്ക്ക് മാത്രം. എന്നിട്ടും 'പരാതി' എത്തി വീട്ടില്‍; അടുത്ത് അന്തരിച്ച സൈമണ്‍ ബ്രിട്ടോ വഴി. ഞാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തനത്തിന് ചെല്ലുന്നില്ല, മീറ്റിംഗിന് ചെല്ലുന്നില്ല എന്നൊക്കെ. കെ.എസ്.യുക്കാരാണ്, പണക്കാരാണ്. ആരോപണങ്ങള്‍ കൂടിക്കൂടി വന്നു. എസ്.എഫ്.ഐയുടെ പ്രവര്‍ത്തനത്തിനും മീറ്റിംഗിനും എന്നെ ആരും വിളിച്ചിരുന്നില്ല. പിന്നെ നഴ്‌സറി ക്ലാസ് മുതല്‍ കൂടെയുള്ള കൂട്ടുകാരെ പെട്ടെന്നൊരു ദിവസം 'രാഷ്ട്രീയ നിറം' നോക്കി മാറ്റുവാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ആരോപണം വന്നപ്പോള്‍ അച്ഛന്‍ ചോദിച്ചു മീറ്റിംഗിനൊക്കെ പോയ്കുടേ എന്ന്. താല്‍പര്യമില്ലാന്ന് മറുപടി- പിന്നീട് അച്ഛന്‍ അതേപ്പറ്റി ഒന്നും പറഞ്ഞില്ല. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ സെന്റ് തെരേസാസില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ കെ.എസ്.യു- എസ്.എഫ്.ഐ പ്രശ്‌നം ഇല്ലാതായി. പിന്നീട് എറണാകുളം ഗവ. ലോ കോളേജില്‍ പഠിക്കുവാന്‍ ചേര്‍ന്നപ്പോള്‍ എസ്.എഫ്.ഐ വീണ്ടും വന്നു. സഹോദരന്‍ എബി എന്റെ സീനിയര്‍ ആയി പഠിക്കുന്നുണ്ട്. എബി പറയുന്നതുകൊണ്ട് മാത്രം ഞാന്‍ ഒന്ന് രണ്ട് സമരങ്ങളിലും മീറ്റിംഗിലും പങ്കെടുത്തു. 
രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ വിവാഹം കഴിഞ്ഞു. അതോടെ ജീവിതമാകെ മാറി. ക്ഷേത്രത്തില്‍ പോക്കെല്ലാം കഴിഞ്ഞു. ജീവിതത്തില്‍ പല മാറ്റങ്ങളും വന്നു. രണ്ട് മക്കളുടെ അമ്മയായി, വിവാഹമോചിതയായി. മാറ്റങ്ങള്‍ വീണ്ടും വരികയാണ് ജീവിതത്തില്‍.  രണ്ട് മക്കളുടെ അമ്മയായതിന് ശേഷം ജോലിയ്ക്ക് പോയിത്തുടങ്ങി. ഒരുപാട് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടായി. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരിക്കല്‍ ദല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ സഹയാത്രികനില്‍ നിന്നും ഒരു പത്രം വാങ്ങി വായിച്ചു. സദ്ഗുരുവിന്റെ ഒരു കോളം വായിച്ചു. എന്നെ അത് ഏറെ ആകര്‍ഷിച്ചു. 'പത്ര'ത്തിന്റെ ഉടമസ്ഥനോട് ആ പത്രം എനിക്ക് തരുമോ എന്ന് ചോദിച്ചു. എന്താണതില്‍ പ്രത്യേകിച്ചുള്ളത് എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു. അദ്ദേഹവും അത് വായിച്ചു നല്ലത് എന്ന് പറഞ്ഞ് ആ പത്രം എനിയ്ക്ക് സ്വന്തമായി തന്നു. ആരാണ് ഈ സദ്ഗുരു എന്നൊന്നും അറിയില്ല; പിന്നീട് 'നെറ്റ്' നോക്കി. വിണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ഇഷ യോഗ സെന്ററി'ല്‍ ഞാന്‍ എത്തുന്നത്. 
സാധിക്കുമ്പോഴെല്ലാം കോയമ്പത്തൂരില്‍ പോകാറുണ്ട്. അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍, കണ്ട് നില്‍ക്കുന്നവരില്‍ ഒരാളായി ഞാനും നിന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് അദ്ദേഹത്തോട് എനിക്ക് മുഖാമുഖം ഇരുന്ന് സംസാരിക്കുവാന്‍ അവസരം ലഭിച്ചു, തിരുവനന്തപുരത്ത് വച്ച്. 
കുട്ടിക്കാലം തൊട്ട് ആരോടും പറഞ്ഞിട്ടില്ലെങ്കിലും രുദ്രാക്ഷം അണിയുന്നത് എനിക്കിഷ്ടമായിരുന്നു. ഇഷയില്‍ നിന്നുമാണ് ഒരു രുദ്രാക്ഷമാല സ്വന്തമായി ലഭിച്ചത്. രുദ്രാക്ഷം 'ശിവ'ന്റെ കണ്ണുനീരാണ് എന്നെല്ലാം വായിച്ചിട്ടുണ്ടെങ്കിലും രുദ്രാക്ഷം അണിയുന്നത് ആരോഗ്യത്തിന് നല്ലതെന്നുള്ള അറിവും രുദ്രാക്ഷമണിയുവാന്‍ എന്നെ പ്രേരിപ്പിച്ചു. അപ്പോള്‍ത്തൊട്ട് നിരവധി ചോദ്യങ്ങള്‍ ഞാന്‍ നേരിട്ട് തുടങ്ങി. എന്റെ വീട്ടില്‍ എല്ലാ മതഗ്രന്ഥങ്ങളും ഉണ്ട്. വായിക്കാറുമുണ്ട്. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും പടങ്ങളും ഉണ്ട്. പലരും ചോദിച്ചു 'ഘര്‍വാപസിയാണോ' എന്ന്. 
എന്തിനാണ് ഘര്‍വാപസി? എന്റെ അപ്പന്റെ അമ്മ പറയാറുണ്ടായിരുന്നു; അവരുടേത് ഹിന്ദു നായര്‍ കുടുംബമായിരുന്നു എന്ന്. എന്റെ വീട്ടില്‍ ഗണപതിവിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്നു. ഗണപതിയെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്, ഇതെല്ലാം ചോദ്യം ചെയ്യപ്പെടുവാന്‍ തുടങ്ങി. പലരും കുഞ്ഞായിരുന്ന മിലനോട് ചോദിക്കാറുണ്ടായിരുന്നു, എന്താണ് വീട്ടില്‍ ഇത്രയൊക്കെ ഗണപതി എന്ന്. എന്നോട് ചോദിച്ചില്ല. എന്തുകൊണ്ട് കുഞ്ഞുങ്ങളോട് ഈ ചോദ്യമെന്ന് മനസ്സിലായില്ല. പിന്നീട് ഞാന്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതനോട് ചോദിച്ചു. അദ്ദേഹം ഞങ്ങളെ ഉള്‍ക്കൊണ്ടു, അതൊന്നും സാരമില്ല. അതൊന്നും തെറ്റല്ല എന്നും പറഞ്ഞു. 'ഭഗവദ്ഗീത' വായിച്ചു തുടങ്ങിയപ്പോള്‍ നിരവധി സംശയങ്ങള്‍ ഉണ്ടായി. ഓഫീസിലെ സഹപ്രവര്‍ത്തകരോട് സംശയങ്ങള്‍ ചോദിച്ചു. പിന്നീട് അതേപ്പറ്റിയായി പരിഹസിക്കല്‍. സഹപ്രവര്‍ത്തകരില്‍ നിന്ന് 'എപ്പോഴും ദൈവത്തെപ്പറ്റിയാണ് സംസാരം', 'രോഗമാണ്' എന്നെല്ലാം പരിഹാസം വന്നു. ഭഗവദ്ഗീത പെട്ടെന്ന് മനസ്സിലാക്കാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. വായിച്ച് വരുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ ചോദിച്ചതിനാണ് പരിഹാസങ്ങള്‍ നേരിട്ടത്. മാനേജിങ് ഡയറക്ടര്‍ ജയകുമാറിന്റെ (സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോ എംഡി) പക്കല്‍ വരെ എത്തി എന്റെ 'രോഗം'. ഭഗവദ്ഗീതയിലെ സംശയങ്ങള്‍ ചോദിച്ചതിന് എന്നെ പരിഹസിച്ചവരെ ഭഗവാന്‍ തന്നെ നിശബ്ദരാക്കി, സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ രക്ഷകനായി എത്തുന്നയാള്‍ക്ക് ഞാന്‍ വേദനിച്ചതും കാണാതെ, കേള്‍ക്കാതെയിരിക്കുവാന്‍ സാധിക്കില്ലല്ലോ.
കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ കെ.എസ്.യു കാരുമായുള്ള കൂട്ടുകെട്ടായിരുന്നു പ്രശ്‌നം. അന്നൊക്കെ 'കമ്മ്യൂണിസ്റ്റുകാര്‍' കോണ്‍ഗ്രസ്സുകാരോട് സംസാരിക്കുക പോലുമില്ലല്ലോ. ഇപ്പഴല്ലേ പ്രാദേശിക കൂട്ട്‌കെട്ട് ഉണ്ടാക്കി തുടങ്ങിയത്. വീട്ടില്‍ അപ്പന്റെ വക വലിയ പുസ്തക ശേഖരം ഉണ്ട്. അച്ഛന്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ അടുക്കിവക്കുക എന്റെ ജോലിയായിരുന്നു, വിവാഹംവരെ. അന്നേരം വായിക്കാന്‍ നോക്കുമ്പോള്‍ എനിക്കൊന്നും മനസ്സിലാവുന്ന കാര്യങ്ങളല്ല, അതിലുള്ളത്;കൂടുതലും ഇംഗ്ലീഷ് ബുക്കുകളും. അന്നൊന്നും പെട്ടെന്ന് കടുകട്ടി ഇംഗ്ലീഷ് വായിച്ച് അര്‍ത്ഥം മനസ്സിലാക്കാനും സാധിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉണ്ടെങ്കിലും വായിച്ചിട്ടില്ല. ലെനിന്‍, മാര്‍ക്‌സ് എല്ലാം വീട്ടിലുണ്ട്.
ഞാന്‍ വായിച്ച കമ്മ്യൂണിസവുമായി ബന്ധപ്പെട്ടത് ചെറുകാടിന്റെ കഥകളും നോവലും (മുത്തശ്ശി), കെ.ടി. മുഹമ്മദിന്റെ നാടകങ്ങള്‍, ദേശാഭിമാനി വാരിക, ദേശാഭിമാനിപത്രം മുതലായവയാണ്. ദേശാഭിമാനി വാരിക വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. ഞാന്‍ അച്ഛനോട് ചോദിച്ചു അതില്‍ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും കഥകള്‍ കൂടി കൊടുത്തൂടെ എന്ന്. ആയിടയ്ക്ക് ദേശാഭിമാനി വാരിക പത്രാധിപര്‍ വീട്ടില്‍ വന്നപ്പോള്‍ അപ്പന്‍ പറഞ്ഞു, നിന്റെ അഭിപ്രായം പറയേണ്ട ആളാണ് വന്നിരിക്കുന്നതെന്ന്.ഞാന്‍ അദ്ദേഹത്തോട് ആവശ്യം പറഞ്ഞു. അതിന് ശേഷം കുറച്ച് കഴിഞ്ഞപ്പോള്‍ 'ബാലപംക്തി' തുടങ്ങി.
അപ്പനോട് അന്നും ഇന്നും ഭയങ്കര ഇഷ്ടം തന്നെയാണ് എനിക്കുള്ളത്. ഇഷ്ടം കൂടിക്കൂടി വഴക്കിലെത്തുമെന്ന് കേട്ടിട്ടില്ലേ? ഇപ്പോള്‍ ഞങ്ങളുടെ ഇടയില്‍ കുറച്ച് ഇഷ്ടക്കേടും വഴക്കും ഉണ്ട്, അത് കുടുംബപരമായ ചില കാരണങ്ങളാലാണ്, രാഷ്ട്രീയപരമല്ല. 
ഞങ്ങളുടെ അപ്പന്‍ ഞങ്ങള്‍ക്ക് സ്വകാര്യമായി ഒരു പേനപോലും കൊണ്ട് തന്നിട്ടില്ല, ഞങ്ങള്‍ക്കതില്‍ പരാതിയില്ല. അഭിമാനമേയുള്ളു, ഞങ്ങളുടെ തെറ്റുകള്‍ക്ക് കൂട്ട് നിന്നിട്ടുമില്ല ന്യായീകരിച്ചിട്ടുമില്ല. എന്നാല്‍ സ്‌നേഹിക്കാന്‍ സമയം കിട്ടിയില്ല അപ്പന്, ആ പരാതി എന്നുമുണ്ടാവും. അപ്പന് എന്നും പാര്‍ട്ടിയും സിഐടിയുവുമായിരുന്നു വലുത്. ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സമയം തരുവാന്‍ അപ്പന് സാധിച്ചിരുന്നില്ല. എന്റെ കുട്ടിക്കാലത്ത് ഞാന്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും പ്രകടനത്തിനും പോയിട്ടുണ്ട്, അമ്മയുടെ കൈയുംപിടിച്ച് എറണാകുളത്ത്.സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഞങ്ങള്‍ക്കും ആവേശമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടന്നപ്പോള്‍ എന്റെ നിര്‍ബന്ധംകാരണം അമ്മയും മൂത്തസഹോദരനുംകൂടി തിരുവനന്തപുരത്ത് കൊണ്ടുവന്നു. ശംഖുമുഖം കടപ്പുറത്ത് നടന്ന സമ്മേളനം. കാണാന്‍ പോയിട്ട് അടുക്കാന്‍ പോലും പറ്റിയില്ല.
 കുട്ടിക്കാലത്ത് ഞാന്‍ കണ്ട പാര്‍ട്ടിയോ പാര്‍ട്ടി സഖാക്കളോ അല്ല ഇപ്പോഴുള്ളത്. ഇപ്പോഴുള്ള പലരേയും എനിക്കറിയില്ല. അവരില്‍ പലര്‍ക്കും അവരുടെ 'സഖാക്കളെ' തന്നെ അറിയില്ല. പിന്നെയെങ്ങനെ കുടുംബാംഗങ്ങളെ അറിയാനാണ്?
ഞാന്‍ രുദ്രാക്ഷമണിയുവാന്‍ തുടങ്ങിയത്, ഭഗവദ്ഗീതയിലെ സംശയങ്ങള്‍ ചോദിച്ചത്, വീട്ടിലെ ഗണപതി വിഗ്രഹങ്ങള്‍, ഇതെല്ലാം പലര്‍ക്കും പലവിധ സംശയങ്ങള്‍ ഉണ്ടാക്കി. അതെല്ലാം നിലനില്‍ക്കേയാണ് 2018 ഒക്‌ടോബര്‍ 30-ാം തീയതി നടന്ന ബിജെപി സമരത്തില്‍ എന്റെ മകന്‍ മിലന്‍ പങ്കെടുത്തത്. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ കേരളം മുഴുവനും അറിഞ്ഞതാണല്ലോ. 
ചില സഖാക്കള്‍ അന്നേ ദിവസം പറഞ്ഞത് ''ആ തള്ള ബിജെപികാരിയാണ്, ആ തള്ളയാണ് മകനെ വിട്ടത്. ബിജെപി സമരത്തിന് കൊണ്ടാക്കിയത്, ഇനി അവരോട് മിണ്ടരുത്'' എന്നൊക്കെയാണ്. 'തള്ള' എന്ന് വിളിച്ചത് ഓരോരുത്തരുടെ രീതി, സംസ്‌കാരം. തെറ്റൊന്നുമില്ല. ഞാന്‍ രണ്ട് മക്കളുടെ അമ്മയാണ്. മകന് അനുവാദം കൊടുത്തത് ഞാന്‍ തന്നെയാണ്. 
എന്റെ കുട്ടിക്കാലം മുതല്‍ അയല്‍പക്കത്തെ വീടുകളിലെ പുരുഷന്മാര്‍ 'മല' യ്ക്ക് പോകാന്‍ മാലയിട്ടാല്‍ ഞങ്ങളെയെല്ലാം അറിയിക്കാറുണ്ട്. ഞങ്ങള്‍ അവരുടെ ആചാരങ്ങളെ ബഹുമാനിച്ചിരുന്നു. കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് ആ വീടുകളിലെ സ്ത്രീകള്‍ക്കുള്ളത്. മലയ്ക്ക് പോകുന്നവരുടെ ഒരു കാര്യത്തിനും ഒരു തടസ്സവും വരാതെ നോക്കും അവരെല്ലാം. അതെല്ലാം കണ്ട് വളര്‍ന്ന എനിയ്ക്ക് എന്തിന്റെ പേരിലാണെങ്കിലും യുവതികള്‍ ശബരിമലയില്‍ പോകുന്നതിനോട് യോജിപ്പില്ല. കോടതിവിധി ചോദ്യം ചെയ്യാന്‍ ഞാനോ മകനോ ആരുമല്ല. വിശ്വാസത്തെ കോടതിയില്‍ എത്തിച്ചതാണ് ആദ്യത്തെ തെറ്റ് എന്നാണ് എന്റെ അഭിപ്രായം. അമൃതാനന്ദമയി അമ്മ ഒരിക്കല്‍ പറഞ്ഞത് പോലെ- ക്ഷേത്രം ഒരു കുഞ്ഞാണ്, പൂജാരി പിതാവിന്റെ സ്ഥാനത്താണ്, ആചാരങ്ങള്‍ നടപ്പാക്കണം. ആ പറഞ്ഞതില്‍ എല്ലാം ഉണ്ട്. 
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഓഫീസില്‍ പുരോഹിതന്‍മാരോ സന്യാസി-സന്യാസിനിമാരോ ചെന്ന് അവിടത്തെ മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ ശ്രമിച്ചാല്‍ അനുവദിക്കുമോ?ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ 'ആള്‍ത്താര' ഉണ്ട്. അവിടെ പുരോഹിതന്മാര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമേ കാല്‍കുത്താന്‍ അവകാശമുള്ളു. ചില പുരോഹിതന്മാരെക്കാളും വിശ്വാസം ചില അല്‍മായര്‍ക്ക് (വിശ്വാസികള്‍) ഉണ്ടാവും. എന്നിരുന്നാലും 'എനിക്കാണ് കൂടുതല്‍ 'ഭക്തി' എന്ന് പറഞ്ഞ് ഏത് വിശ്വാസി ചെന്നാലും അവിടെ കയറാന്‍ അനുവദിക്കില്ല.  ഇതെല്ലാം കൊണ്ടാണ് എന്റെ മകന്‍ മിലന്‍ അന്നവിടെ പോയത്. പോലിസ് അതിക്രമത്തിലുള്ള വിയോജിപ്പും ഉണ്ട്. ഇതിന് ശേഷം ഞാന്‍ 'സംഘി' ആയി ചിലര്‍ക്ക്. എന്താണ് മനുഷ്യര്‍ ഇങ്ങനെ പെരുമാറുന്നത്?
തിരുവനന്തപുരത്ത് മലയിന്‍കീഴിലുള്ള  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശമില്ലെന്ന് എത്ര പേര്‍ക്കറിയാം? ശ്രീകൃഷ്ണഭഗവാന്‍ സ്ത്രീകളുടെ സ്വന്തം ഭഗവാനാണ്. എന്നിട്ടും ശ്രീകൃഷ്ണഭഗവാനെ സ്ത്രീകള്‍ക്ക് പുറമേ നിന്നു കാണുവാനെ അവിടെ അനുവാദമുള്ളു. പണ്ട് ഒരു സ്ത്രീ തൊഴാന്‍ അകത്ത് പോയിട്ട് പിന്നീട് തിരിച്ച് വന്നിട്ടില്ലാന്നാണ് വിശ്വാസം. ഇതിനെതിരെ ആരും കോടതിയില്‍ പോകാത്തത് എന്തുകൊണ്ടാണ്? മണ്ണാറശാലയില്‍ പൂജാരിണി അവിടത്തെ അമ്മയാണ്. അമ്മയ്ക്ക് പൂജ നടത്തുവാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ക്ഷേത്രം അടച്ചിടാം. ഒരു 'വിശ്വാസി'യും ഇത് ചോദ്യം ചെയ്തിട്ടില്ലല്ലോ?
എല്ലാവരും ശബരിമലയില്‍ത്തന്നെ കേന്ദ്രീകരിക്കുന്നതെന്താണ്. ദൈവങ്ങള്‍ക്ക് അവകാശങ്ങളില്ലേ, അവര്‍ക്ക് ഇഷ്ടാനിഷ്ടങ്ങള്‍ ഇല്ലേ, ദൈവാവകാശ കമ്മീഷനാണ് വേണ്ടത്, ദേവസ്വം ബോര്‍ഡല്ല. ഇങ്ങനെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഒരിക്കല്‍ ചോദ്യം ചെയ്യപ്പെട്ടപ്പോളാണ് യേശുദേവന്‍ ചാട്ടവാര്‍ എടുത്തത്. എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരെയും അനുവദിച്ചിട്ടില്ല. എന്റെ മകന്റെ വിശ്വാസത്തെ ഞാനും ചോദ്യം ചെയ്യുന്നില്ല. അതൊരു ഔദാര്യമല്ല, അവന്റെ അവകാശമാണ്. അവന്‍ എന്നെ ആശ്രയിച്ച് ജീവിക്കുന്നു എന്നുവെച്ച് അവനെ തടയാന്‍ ഞാന്‍ ആരാണ്? നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ പോലും അവനെ തടയില്ലല്ലോ. അവന്റെ ദൈവവിശ്വാസം അവനെ എത്തിച്ചത് ബിജെപി സമരവേദിയിലാണ്. അങ്ങനെ അവനവിടെ പോയതുകാരണം, രുദ്രാക്ഷം ഇടുന്നത് കാരണം, ചില പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയുന്ന ദിവസങ്ങളില്‍ ഞാന്‍ 'സംഘിയാകും', ചിലരെല്ലാം കൂടെ എന്നെ സംഘിയാക്കുന്നു.
ഇന്ന് എന്നെ സംഘിയാക്കി പരിഹസിക്കുന്നവരില്‍ എത്രപേര്‍ അവരവരുടെ വിശ്വാസത്തെ മനസ്സിലടക്കി നടക്കുന്നുണ്ടെന്ന് സ്വന്തം മനഃസാക്ഷിയോട് ചോദിക്കുക. ഒന്ന് കാലിടറിയാല്‍, ഒരു ചെറിയ തലവേദന വന്നാല്‍ പോലും എല്ലാവരും ആദ്യം വിളിക്കുന്നത് അമ്മേ എന്നാണ്; കാലിടറി വീണാല്‍ ചെറിയ വേദന ശക്തമായാല്‍ ദൈവമേ എന്നും. ആരും 'ലീഡറേ' സഖാവേ, ചേട്ടാ, ചേച്ചി...' എന്നൊന്നും വിളിക്കില്ല. എന്റെയും മകന്റെയും ഒരു ദിവസം തുടങ്ങുന്നതുതന്നെ 'ജ്ഞാനപ്പാന' കേട്ട് കൊണ്ടാണ്. രണ്ട് നേരം കുളിച്ച് വിളക്ക് / തിരി തെളിയിച്ച് ഇഷ്ടദൈവങ്ങളോട് പ്രാര്‍ത്ഥിക്കാറുണ്ട്. 'ഹരിവരാസനം' മിലന്‍ കുഞ്ഞായിരിക്കുമ്പോള്‍മുതല്‍ കേള്‍ക്കുന്നതാണ്. എന്റെ അമ്മയ്ക്കും വളരെ ഇഷ്ടമായിരുന്നു ഹരിവരാസനം. അവന്റെ വിശ്വാസം, രാഷ്ട്രീയം ഇതൊന്നും ചോദ്യം ചെയ്യുവാന്‍ അമ്മയായ എനിയ്ക്ക് പോലും നിയമപരമായ അനുവാദമില്ലാത്ത സ്ഥിതിയ്ക്ക് എന്തിനാണ് മറ്റുള്ളവര്‍ ഇതില്‍ വ്യാകുലപ്പെടുന്നത്? നിലവില്‍ മിലന്‍ രാഷ്ട്രീയ പ്രഖ്യാപനമല്ല, മറിച്ച് അവന്റെ വിശ്വാസ പ്രഖ്യാപനമാണ് നടത്തിയത്.
മിലന്‍ അന്നുതന്നെ വ്യക്തമാക്കിയതാണല്ലോ, 'ഇപ്പോള്‍ അവന്‍ വിദ്യാര്‍ത്ഥിയാണ്, രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടെങ്കിലും 'പാര്‍ട്ടി' ഒന്നും തീരുമാനിച്ചിട്ടില്ല, അതിന് സമയമുണ്ടല്ലോ എന്ന്.' ഒരു പതിനേഴര വയസ്സുകാരനില്‍ നിന്നും ഇതില്‍ കൂടുതല്‍ പക്വത ഒന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
പലരും പലവിധത്തിലും ഞങ്ങളെ ഭയപ്പെടുത്തുവാന്‍ നോക്കി, നോക്കിക്കൊണ്ടേയിരിക്കുന്നു. ആദ്യം എന്റെ വരുമാനമാര്‍ഗ്ഗമായ ജോലി ഇല്ലാതാക്കാന്‍ ശ്രമിച്ചു, ഇപ്പോള്‍ എനിക്കെതിരെ കള്ളപ്പരാതി കൊടുത്തിരിക്കുന്നു. എസ്‌സി/എസ്ടി കമ്മീഷനില്‍. തെറ്റ് ചെയ്യാത്തതുകൊണ്ട് ഭയക്കുന്നില്ല. ചതിയിലൂടെ കള്ളത്തരങ്ങളിലൂടെ എന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരി ലില്ലിയുടെ ഓഫീസിലെ അംഗമാണ് പരാതിക്കാരി. ജനങ്ങളറിയണം ഈ ക്രൂരതകള്‍. 'ദൈവവിശ്വാസ'ത്തിന്റെ പേരില്‍ ഒരു അമ്മയെയും മകനെയും ജീവിക്കുവാന്‍ അനുവദിക്കാതിരിക്കുക. വിദ്യാഭ്യാസം കൊണ്ടും സ്ഥാനം കൊണ്ടും വളരെയേറെ ഉന്നതിയിലുള്ള ഒരു വ്യക്തി എന്നോട് രുദ്രാക്ഷം ഇനി ഇടരുതെന്ന് പറഞ്ഞു. ഞാനവരോട് ചോദിച്ചു 'ആലഞ്ചേരി പിതാവ്' രുദ്രാക്ഷം ഇടുന്നുണ്ടല്ലോ എന്ന്. മറുപടി, പിതാവ് നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലേ, നീ ആലഞ്ചേരി പിതാവല്ലല്ലോ എന്നായിരുന്നു. 
വര്‍ഷങ്ങളായി 'മാതാ അമൃതാനന്ദമയി'യെപ്പറ്റി കേള്‍ക്കുന്നുണ്ട്, വായിക്കുന്നുണ്ട്. എന്നെങ്കിലും ഞാന്‍ അമ്മയെ കാണുമോ എന്ന് എനിക്കറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം അങ്ങനെയും ഒരു ഭാഗ്യമുണ്ടായി. അമ്മയ്ക്ക് എന്ത് വാല്‍സല്യമായിരുന്നു എന്നോടും മകനോടും. ഒരു അമ്മയ്ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന സ്‌നേഹവാത്സല്യമാണ് അമ്മയില്‍ നിന്നും ലഭിച്ചത്. എന്റെ അമ്മയുടെ മരണമാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. പരാതി പറയാന്‍, വഴക്കിടാന്‍, സ്‌നേഹിക്കാന്‍, സ്‌നേഹിക്കപ്പെടാന്‍ ആരുമില്ലാത്തവര്‍ക്ക് 'അമ്മ' നല്‍കുന്ന സാന്ത്വനം വലുതല്ലേ. ഉള്ളവരും ഇല്ലാത്തവരും 'അമ്മയുടെ' അടുക്കല്‍ ഓടി എത്തുന്നതെന്തിനെന്ന് മനസ്സിലായ ദിവസമായിരുന്നു ഞാന്‍ 'അമ്മയെ' കണ്ട ദിവസം.
അപ്പന്റെയും അമ്മയുടെയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പള്ളിയില്‍ വെച്ച് നടത്തപ്പെട്ട കല്യാണം. കത്തോലിക്ക സഭ കമ്മ്യൂണിസ്റ്റുകാരുടെ കല്യാണം ആശിര്‍വദിക്കുവാന്‍ തയ്യാറില്ല. അമ്മയുടെ സഹോദരന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അങ്ങനെ നടന്ന വിവാഹ ആലോചനയായിരുന്നു. പിന്നീട് യാക്കോബ സഭയില്‍ ചേര്‍ന്നാണ് വിവാഹം നടത്തിയത്. യാക്കോബ സഭയ്ക്ക് പണ്ട് മുതലേ കമ്മ്യൂണിസ്റ്റ് ചായ്‌വ് ഉണ്ടല്ലോ. അവരുടെ തിരുമേനിമാരുടെ കുപ്പായം പോലും ചുവപ്പ് നിറമാണ്. 1959ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സഭയും ബന്ധുക്കളും ഭീകരമായി ഒറ്റപ്പെടുത്തിയ കഥകള്‍ അമ്മ പറഞ്ഞ് തന്നിട്ടുണ്ട്. ഇന്ന് കത്തോലിക്ക സഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തോളോട് തോള്‍ ചേര്‍ന്ന്, പരസ്പരം പുകഴ്ത്തി പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിവരും. യേശുദേവനെയും ശ്രീകൃഷ്ണ ഭഗവാനെയും കമ്മ്യൂണിസ്റ്റുകാരാക്കി. യേശു ആദ്യത്തെ കമ്മ്യൂണിസ്റ്റും, ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുമായി. ശ്രീകൃഷ്ണ ഭഗവാനെയും 'കമ്മ്യൂണിസ്റ്റാക്കാം, കാലിമേയ്ച്ച് നടന്ന്, കുചേലന്റെ തോളത്ത് കൈയിട്ട് നടന്ന്, ഒരു ഗ്രാമത്തെ മുഴുവനായി രക്ഷിച്ച ശ്രീകൃഷ്ണന്‍ 'കമ്മ്യൂണിസ്റ്റാകുമല്ലോ?
അമൃതാനന്ദമയി അമ്മയെ 'സംഘി' ആക്കുന്നതിലും നല്ലത് കമ്മ്യൂണിസ്റ്റ് ആക്കുന്നതായിരുന്നു. ഞാനും മിലനും കണ്ട ദിവസം എത്ര ഉന്നതരാണ് അമ്മയെ കണ്ട് സംസാരിക്കുവാന്‍ വന്നത്. ഞങ്ങള്‍ കണ്ട പിറ്റേന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അമ്മയെ കാണുവാന്‍ എത്തിയത്. എല്ലാവരെയും അമ്മ കണ്ടു. ഒരേ ചിരി, ഒരേ വാല്‍സല്യം, എല്ലാവരോടും, എല്ലാവരേയും തുല്യരായി കാണുന്നതല്ലേ കമ്മ്യൂണിസം. ഞാന്‍ കുട്ടിക്കാലത്ത് മനസ്സിലാക്കിയത് അങ്ങിനെയായിരുന്നു. വീട്ടില്‍ അങ്ങനെ കണ്ടാണ് വളര്‍ന്നത്. കൊച്ചി കോര്‍പ്പറേഷന്‍ കണ്ടിജന്‍സി ജീവനക്കാര്‍ അച്ഛനെ കാണുവാന്‍വരുമ്പോള്‍ അമ്മ അവരോട് കുടുംബാംഗങ്ങളെപ്പോലെയേ കരുതിയിട്ടുള്ളു. ഞങ്ങള്‍ മക്കളും. വീട്ടില്‍ സഹായത്തിന് വരുന്നവരെപോലും അമ്മ പ്രായമനുസരിച്ച് പേര് വിളിക്കേണ്ടവരാണെങ്കില്‍ അങ്ങനെ, മുതിര്‍ന്നവരാണെങ്കില്‍ അങ്ങനെ. അല്ലാതെ എടീ, പോടീ വിളിയൊന്നും ഇല്ലായിരുന്നു. ഭക്ഷണകാര്യത്തിലും അങ്ങനെതന്നെ, എന്ത് വീട്ടിലുണ്ടോ അതെല്ലാവര്‍ക്കും കൂടിയാണ്.
ഞങ്ങള്‍ക്ക് വസ്ത്രമെടുക്കുന്ന സമയമാണെങ്കില്‍ ആദ്യം അവര്‍ക്കാകും എടുക്കുക. ഇതൊക്കെയാണ് എന്റെ കമ്മ്യൂണിസം. പക്ഷേ മുതിര്‍ന്നപ്പോള്‍ നേതാക്കന്‍മാരുടെ മുന്നില്‍ ഇരിക്കാന്‍ പോലും മടിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. മിക്ക പാര്‍ട്ടികളിലെയും നേതാക്കന്മാരെയും 'അപ്പന്റെ' മകളെന്ന നിലയില്‍ പരിചയപ്പെടുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം അവരാരും തന്നെ എന്റെ അപ്പന്റെ പാര്‍ട്ടിയിലുള്ള ആരേയും വ്യക്തിപരമായി ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല എന്നതാണ്. അതേ സമയം പാര്‍ട്ടിക്കാര്‍ പാര്‍ട്ടിക്കാരെപ്പറ്റി പറയുന്ന പരദൂഷണകഥകള്‍ ഞാന്‍ എഴുതിയാല്‍ പല നേതാക്കന്മാരും സഖാക്കളും തലകുമ്പിട്ട് നില്‍ക്കേണ്ടിവരും.
ഒരിക്കല്‍ പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവ് എന്നോട് പറഞ്ഞത് 'നിന്റെ അപ്പന്‍ പാര്‍ട്ടിയ്ക്കാണ് മുന്‍ഗണന കൊടുത്തത്, പക്ഷേ പാര്‍ട്ടി അങ്ങേര്‍ക്ക് യാതൊരു മുന്‍ഗണനയും നല്‍കിയില്ല' എന്നാണ്.ഇവരാണ് ഞാന്‍ സംഘിയാണെന്ന് പറയുന്നത്, എന്റെ മകനെപ്പറ്റി പറയുന്നത്! സത്യത്തില്‍ കമ്മ്യൂണിസം എന്താണ്, സംഘിയെന്താണ് എന്ന് എനിക്കറിയില്ല. എന്റെ മുന്നില്‍ എന്റെയും എന്റെ മകന്‍ മിലന്റെയും ജീവിതമാണ് ഉള്ളത്. അതൊന്ന് നല്ല രീതിയില്‍ സമാധാനമായി കൊണ്ട് പൊയ്‌ക്കോട്ടെ. എന്റെ മകന്റെ കുഞ്ഞ് കൈകളും പിടിച്ച് ഞാന്‍ പതറി നിന്നപ്പോള്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നവരെ, കുറ്റപ്പെടുത്തുന്നവരെ ആരെയും ഞാന്‍ കണ്ടില്ല. അതേ സമയം വീണുപോയിടത്ത് നിന്നും എന്റെ കൈ പിടിച്ച് എഴുന്നേല്‍പ്പിച്ച, എഴുന്നേറ്റ് കഴിഞ്ഞപ്പോള്‍ താങ്ങി നിര്‍ത്തിയ ആരും തന്നെ എന്നെ 'മിലന്റെ ബിജെപി വേദിയെപ്പറ്റി' വിമര്‍ശിച്ചില്ല, കുറ്റപ്പെടുത്തിയില്ല. 
ഒക്‌ടോബര്‍ 30ന് ശ്രീധരന്‍പിള്ളയോട് ഞാന്‍ സംസാരിച്ചിരുന്നു. സ്‌നേഹാന്വേഷണത്തിനാണ് വിളിച്ചത്. അദ്ദേഹം എന്നോട് പറഞ്ഞത് മിലന്‍ മിടുക്കനാണ് അവന്‍ പഠിക്കട്ടെ എന്നാണ്, അത് തന്നെയാണ് എന്റെയും അവന്റെയും തീരുമാനവും ആഗ്രഹവും. അതേസമയം, സിപിഎം നേതാവ് അവനെ എ.കെ.ജി. സെന്ററിലേയ്ക്ക് ക്ഷണിച്ചു, അവിടെ ലൈബ്രറിയുണ്ടെന്ന്. ഞങ്ങള്‍ തിരുവനന്തപുരത്ത് വന്നിട്ട് അഞ്ചുമാസം തികഞ്ഞിരുന്നു ഓക്‌ടോബറില്‍. എത്രയോ പ്രാവശ്യം സിപിഎം നേതാക്കന്‍മാരെ കണ്ടു, അന്നൊന്നും ഏകെജി സെന്റര്‍ ഉണ്ടെന്ന് ആരും പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തിയില്ല. അല്ലെങ്കില്‍ത്തന്നെ ഇവിടെ സ്റ്റേറ്റ് ലൈബ്രറിയില്‍ മിലന് നേരത്തേതന്നെ മെമ്പര്‍ഷിപ്പ് ഉണ്ട്. വായിക്കുവാന്‍ എ.കെ.ജി. സെന്ററില്‍ ചെല്ലേണ്ട കാര്യമില്ല. ഫ്യുഡല്‍ പ്രഭുക്കളെപ്പോലെ പെരുമാറുന്നവരെ കാണേണ്ടല്ലോ? 
അപ്പന്റെ സ്ഥാനക്കയറ്റങ്ങള്‍ ഉണ്ടായകാലത്ത്, പണ്ട് ഒരിക്കല്‍ പോലും അമ്മയെയും നാല് മക്കളെയും അന്വേഷിക്കാത്ത ബന്ധുക്കളുടെ കടന്നുകയറ്റമായിരുന്നു. അപ്പന്‍ വെട്ടിനിരത്തപ്പെട്ടപ്പോള്‍ ആരേയും കണ്ടതുമില്ല. കത്തോലിക്ക സഭയും അങ്ങനെ തന്നെയായിരുന്നു. അപ്പന്‍ അറിയപ്പെടുന്ന നേതാവായപ്പോള്‍, എംപി ആയപ്പോള്‍, ഇടതുമുന്നണി കണ്‍വീനര്‍ ആയപ്പോള്‍ അവര്‍ക്കും എം.എം. ലോറന്‍സിനെയും കുടുംബത്തേയും കണ്ടാല്‍ ചിരിക്കാമെന്നായി. സംസാരിക്കാമെന്നായി. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണം അധികാരത്തിലേറിയ ദിവസം ഒരു സഭ നേതാവ് പറഞ്ഞത് 'ഞങ്ങള്‍ സനാഥരായി' എന്നാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എങ്ങനെ ചിരിക്കാതിരിക്കും. ഞങ്ങളൊക്കെ അടിയന്താരവസ്ഥ സമയത്തെല്ലാം അനുഭവിച്ച അനാഥത്വം എത്രമാത്രം ഭീകരമായിരുന്നു.
സ്‌കൂളില്‍ പോകുമ്പോള്‍, മാര്‍ക്കറ്റില്‍ പോകുമ്പോള്‍, വെറുതെ തോന്നുമ്പോള്‍ പോലും ഞങ്ങള്‍ കുട്ടികള്‍ കാനന്‍ഷെഡ് റോഡിലെ 'കൊച്ചു പാര്‍ട്ടി ഓഫീസില്‍' പോകും. അവിടെ ഉള്ളവര്‍ക്കും വളരെയേറെ വാല്‍സല്യമാണ്. ഞങ്ങള്‍ക്കവര്‍ കുടുംബാംഗങ്ങള്‍ ആയിരുന്നു. അതുകാരണം 'അങ്കിള്‍' എന്നേ വിളിക്കുമായിരുന്നുള്ളു. ആ അങ്കിള്‍മാരില്‍ ഇപ്പോള്‍ കെ.ജെ. ജേക്കബ് എന്ന ജേക്കബ് അങ്കിള്‍ മാത്രമെ ഉള്ളു. വീട്ടില്‍ എന്ത് പ്രശ്‌നമുണ്ടായാലും ഇവരെല്ലാം ഓടി എത്തുമായിരുന്നു. അത് സങ്കടമായാലും സന്തോഷമായാലും. കാനന്‍ഷെഡ് റോഡിലെ ജില്ലാകമ്മറ്റി ഓഫീസ് ലെനിന്‍ സെന്ററായി വളര്‍ന്നപ്പോള്‍ ഓഫീസ് കെട്ടിടത്തിന് മാത്രമല്ല സഖാക്കള്‍ക്കും മാറ്റമുണ്ടായി, പാര്‍ട്ടി വളര്‍ന്നല്ലോ, തിരസ്‌കരിച്ചിരുന്ന സമൂഹം 'കമ്മ്യൂണിസ്റ്റുകാരെ' അംഗീകരിക്കാന്‍ തുടങ്ങിയിരുന്നല്ലോ.
ഞങ്ങള്‍ വളര്‍ന്നു. പാര്‍ട്ടിയില്‍ 'വിഭാഗീയത' വന്നപ്പോഴും ഞങ്ങള്‍ എന്താവശ്യത്തിനും പാര്‍ട്ടി ഓഫീസ് സെക്രട്ടറി ഷണ്‍മുഖനങ്കിളിനെയോ, പാര്‍ട്ടി ജില്ലാ സെക്രട്ടറി വര്‍ക്കി അങ്കിളിനെയോ ആണ് വിളിക്കാറ്. അപ്പനുമായി 'പാര്‍ട്ടികാര്യത്തില്‍' അകല്‍ച്ചയില്‍ ആയിരുന്നുവെങ്കിലും ഞങ്ങള്‍ അമ്മയോ മക്കളോ എന്ത് കാര്യത്തിന് വിളിച്ചാലും അവരെല്ലാം വിളിപ്പുറത്തുണ്ടായിരുന്നു. അത് അന്നത്തെ പാര്‍ട്ടി, അന്നത്തെ സഖാക്കള്‍. അന്നത്തെ സഹവര്‍ത്തിത്വം. പാര്‍ട്ടി പഴയ 'പാര്‍ട്ടി'  അല്ല എന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലായി. അതിനേക്കാള്‍ പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ തന്നെ പറഞ്ഞിട്ടുമുണ്ട് 'പാര്‍ട്ടി പഴയ പാര്‍ട്ടി അല്ല' എന്ന്.
2005ല്‍ ഒരു കുടുംബ പ്രശ്‌നമുണ്ടായി. കുട്ടിക്കാലത്തെ ഓര്‍മ്മയില്‍ ഞാന്‍ ഓടിചെന്നത് ലെനിന്‍ സെന്ററിലായിരുന്നു. അന്ന് എറണാകുളം ജില്ല ഭരിച്ചിരുന്നത് ജില്ലാ സെക്രട്ടറിയായിരുന്ന 'കൊച്ചി രാജാവ്' ഗോപി കോട്ടമുറിക്കലെന്ന ഉഗ്രപ്രതാപിയായിരുന്നു. എനിക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള മര്യാദപോലും ഗോപി കോട്ടമുറിക്കല്‍ കാണിച്ചില്ല, നേരില്‍ കാണാനുള്ള അനുമതി തന്നില്ല എന്ന് മാത്രമല്ല 'കോട്ട' കാക്കാന്‍ പാര്‍ട്ടിഗുണ്ടകളെ വാതില്‍ക്കല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. പിന്നീടാണ് ഏ.കെ.ജി. സെന്ററില്‍ വിളിച്ചതും എം.എ ബേബി കുടുംബകാര്യത്തില്‍ ഇടപെടില്ല എന്ന് പറഞ്ഞതും. അതേ കുടുംബവഴക്ക് പിന്നീട് വി.എസ്. അച്യുതാനന്ദന്‍ എം.എം. ലോറന്‍സിനെ അപമാനിക്കുവാന്‍ ആയുധമാക്കി. രാഷ്ട്രീയപരമായി, ആശയപരമായി നേരിടുന്നതിന് പകരം ഞങ്ങളുടെ സങ്കടം മുതലെടുക്കുകയാണ് ചെയ്തത്. പാര്‍ട്ടിയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു സഖാവിനെ അപമാനിച്ചപ്പോള്‍ ഒരു സഖാവും നേതാവും ഉണ്ടായില്ല, എതിര്‍ക്കാന്‍, സാന്ത്വനിപ്പിക്കാന്‍. 
ഒരു കേന്ദ്രകമ്മറ്റി അംഗം പാര്‍ട്ടി വിട്ടപ്പോള്‍ പറഞ്ഞ ഒരു കാര്യം നേതാക്കന്‍മാര്‍ കണ്ടാല്‍ ചിരിക്കുക പോലും ഇല്ലാ എന്നാണ്. ഒരു കേന്ദ്ര കമ്മിറ്റി മെമ്പര്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? സെല്‍വരാജ് എന്ന സിപിഎം എം.എല്‍.എ പാര്‍ട്ടി വിട്ടപ്പോള്‍ കേട്ടത് 10ലക്ഷം/കോടി കൊടുത്തിട്ടാണ് എന്നാണ്. അപ്പോള്‍ 'ഒരു സിപിഎം എം.എല്‍.എയ്ക്ക് ഇത്രയേ വിലയുള്ളു എന്ന് സാരം. 
എന്റെ മകന് മിഠായിയും ബലൂണുകളും കൊടുത്തിട്ടാണ് ബിജെപി സമരപന്തലില്‍ കൊണ്ട്‌പോയത് എന്നൊക്കെ ട്രോള്‍ കണ്ടു.  ജീവിതം എന്താണ് എന്ന് അറിഞ്ഞാണ് മിലന്‍ ഈ പ്രായത്തില്‍ എത്തിയത്.  കുഞ്ഞായിരിക്കുമ്പോള്‍ പോലും അനാവശ്യമായി മിഠായി ഒന്നും ഞാന്‍ വാങ്ങി കൊടുത്തിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുമ്പോള്‍ പലതും ആഗ്രഹിച്ച് അവനെടുത്താലും ബില്‍കൗണ്ടറില്‍ വച്ച് അതില്‍ മിക്കതും തിരിച്ച് ഏല്‍പ്പിക്കുന്ന അമ്മയെ കണ്ടാണ് അവന്‍ വളര്‍ന്നത്, ആരെങ്കിലും എന്തെങ്കിലും നീട്ടിയാല്‍ കൈനീട്ടി മേടിക്കുന്ന സ്വഭാവം അവനില്ല.
വ്യക്തമായ കാരണത്താല്‍ വ്യക്തമായ തീരുമാനത്തില്‍ തന്നെയാണ് മിലന്‍ സമരവേദിയില്‍ പോയത്. ഞങ്ങള്‍ ബഹുമാനപ്പെട്ട ഗവര്‍ണറെ കണ്ട് പരാതി കൊടുത്ത അന്ന് ഒരു സിപിഎം പ്രവര്‍ത്തകന്‍ എന്നെ വിളിച്ച് ചില കാര്യങ്ങള്‍ ചോദിച്ചു. ഗവര്‍ണറെ നേരില്‍ കണ്ടോ, അനുവാദം കിട്ടിയോ എന്നൊക്കെയായിരുന്നു അത്. സംസ്ഥാന ഗവര്‍ണറെ കണ്ടു എന്നൊക്കെ കള്ളം പറയാവുന്നകാര്യമല്ലല്ലോ. പിന്നീട് ചോദിച്ചത്, പിണറായി വിജയനെകണ്ട് മാപ്പ് പറഞ്ഞില്ലേ എന്നായിരുന്നു. 
പിണറായി വിജയന്‍ എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, പാര്‍ട്ടി നേതാവിന് അറിയാമല്ലോ, ഞാന്‍ മാപ്പ് പറയേണ്ട തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്. അതുകൊണ്ടുതന്നെ അദ്ദേഹം അത് പ്രതീക്ഷിക്കുകയും ഇല്ല. ഒക്‌ടോബര്‍ 30നും പിന്നീടും നിരവധി പേര്‍ ചോദിച്ചു, ഭയമില്ലേ എന്ന്. പാര്‍ട്ടി ഞങ്ങളെ ഇല്ലാതാക്കുവാന്‍ നോക്കില്ലേ എന്ന്.  ഭീഷണിപ്പെടുത്തുവാന്‍ ആയിരുന്നു ജോലിയില്‍ നിന്നും പിരിച്ച് വിട്ടത്. അങ്ങേയറ്റം അനീതിയായത് കൊണ്ട് തിരിച്ചെടുത്തു. പിന്നീട് നിശ്ശബ്ദയാക്കാനാണ് 'കള്ളപ്പരാതി' ഉണ്ടാക്കിയെടുത്തത്. 'മടിയില്‍ കനമുള്ളവനേ ഭയക്കേണ്ട കാര്യമുള്ളു' എന്നാണ് മുഖ്യമന്ത്രിതന്നെ പറഞ്ഞ് തന്നിട്ടുള്ളത്. കള്ളപ്പരാതി ആണെന്ന് ബോധ്യമുള്ളത് കാരണം രാഷ്ട്രീയക്കാരേയും പോലീസ് ഉദ്യോഗസ്ഥരേയും സ്വാധീനിക്കാനൊന്നും ഞാന്‍ പോയിട്ടില്ല. പോകുകയും ഇല്ല.
ഈ നാട്ടിലെ ജനങ്ങള്‍ അറിയട്ടെ ഈ ക്രൂരതകള്‍. ഒരു ചോറ്റുപൊതിയില്‍ നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച വ്യക്തിയാണ്, ഞാനവരെ ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന് പറഞ്ഞ് എസ്.സി/എസ്.ടി കമ്മീഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. അവര്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത ബന്ധം ഉണ്ട്. ഓഫീസിലെ സഹപ്രവര്‍ത്തകവഴി, പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യാസഹോദരി വഴി. അവര്‍ 'സ്ഥിര' ജീവനക്കാരി ആയത് കാരണം മാനേജ്‌മെന്റിന്റെയും യൂണിയന്റെയും പിന്തുണയും ഉണ്ട്. എന്റെ കൂടെ ഉള്ളത് എന്റെ മനഃസാക്ഷി മാത്രം.
പിന്‍വാതില്‍ നിയമനം നേടി, കസേര സ്ഥിരമാക്കി അതിലിരുന്ന് അഴിമതി നടത്തുന്നവരാണ് ഒറ്റക്കെട്ടായി എന്നെ അപമാനിക്കുന്നത്. വിചാരിച്ചിരുന്നുവെങ്കില്‍ ഏതെങ്കിലും കോര്‍പ്പറേഷനില്‍ എനിക്കൊരു 'സ്ഥിര ജോലി' ലഭിക്കുമായിരുന്നു. പലകാരണങ്ങള്‍ കൊണ്ട് ശ്രമിച്ചില്ല. എങ്കില്‍ എന്റെ അപ്പന്റെ പേരുതന്നെ വലിച്ചിഴയ്ക്കപ്പെടുമായിരുന്നു. മുന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഒരു താല്‍ക്കാലിക ജോലിയ്ക്ക് ഞാന്‍ ശ്രമിച്ചതാണ്, അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനോട് നേരിട്ട് ചോദിച്ചു, അന്നേരം ലഭിച്ച മറുപടി ''ലോറന്‍സ് പറയട്ടെ, ലോറന്‍സ് പറഞ്ഞാല്‍ തരാം എന്നായിരുന്നു.'' ഞാന്‍ അപ്പനോട് പറഞ്ഞില്ല, രണ്ട് കാര്യങ്ങള്‍ കൊണ്ട്. ഒന്ന് അച്ഛന്റെ എതിര്‍ ഗ്രൂപ്പ്കാരനാണോ എളമരം കരീം എന്ന് എനിക്കറിയില്ല. അപ്പന്‍ എളമരം കരിമീന്റെ മുന്നില്‍ മകള്‍ക്ക് ഒരു ജോലിയ്ക്ക് വേണ്ടി ചെല്ലുന്ന ഒരു സാഹചര്യം ഒരുക്കാന്‍ വേണ്ടിയാണോ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. അപ്പനുമായി ഞാന്‍ അകല്‍ച്ചയിലുമായിരുന്നു ആ സമയം. അതുകൊണ്ടാണോ അങ്ങനെ നിര്‍ദ്ദേശിച്ചത് എന്നും അറിയില്ല.
ഞാന്‍ മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് ചോദിച്ചു എന്റെ സംശയം. അദ്ദേഹം ചിരിച്ചു, ആ ചിരിയായിരുന്നു മറുപടി. പിന്നീട്്യൂഞാന്‍ ആ ഗവണ്‍മെന്റിന്റെ കാലത്ത് ജോലിയ്ക്ക് ശ്രമിച്ചില്ല. പിന്നീട് യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് മൂന്ന് മാസം കഴിഞ്ഞാണ് കരാര്‍ പുതുക്കി നല്‍കിയത്. എന്റെ അപ്പന്റെ പാര്‍ട്ടിക്കാര്‍ക്കറിയാം എനിയ്ക്ക് ജീവിയ്ക്കാന്‍ ജോലി കൂടിയേ തീരൂവെന്ന്. അതില്ലാതെയാക്കി എന്നെ ഭയപ്പെടുത്തുവാനാണ് ശ്രമിച്ചത്. ഇനിയും ശ്രമിക്കും. സ്ത്രീശാക്തികരണത്തിന് മതിലുകള്‍ കെട്ടിയവരാണ് അബലയായ ഒരു അമ്മയുടെ നേരേ തിരിഞ്ഞത്. ഇവിടെ മാറി മാറി ഭരിച്ചവരാരും ഒരു വനിതാ മുഖ്യമന്ത്രിയെയും അധികാരത്തില്‍ കൊണ്ട് വന്നില്ലല്ലോ. എന്തിന് ഒരു വനിതാ ആഭ്യന്തര മന്ത്രിപോലും ഉണ്ടായിട്ടില്ല, അപ്രധാന വകുപ്പുകള്‍ കൊടുത്ത് ഒതുക്കി തീര്‍ക്കുകയല്ലേ, ചെയ്തിട്ടുള്ളു. ഗൗരിയമ്മയെയും സുശിലഗോപാലനെയും മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടി സഖാക്കളുടെ ഇടയില്‍ അഭിപ്രായമുണ്ടായിരുന്നല്ലോ. ഇല്ലാതാക്കിയത് പുരുഷനേതാക്കന്മാര്‍ തന്നെയല്ലേ?
25 വര്‍ഷം മുന്‍പ് ഞാന്‍ അപ്പനോട് പറഞ്ഞു 'അപ്പന്റെ പാര്‍ട്ടിയ്ക്ക് ഇന്ത്യയില്‍ വലിയ നേട്ടമൊന്നും ഉണ്ടാക്കാനെന്നും പറ്റില്ലാ' എന്ന്. എന്താണെന്ന് അപ്പന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, 'ബഹുകോടി ജനങ്ങളും 'വിശ്വാസികളാണ്'. ആ വിശ്വാസത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയെ ഒരു ജനതയും സ്വീകരിക്കില്ല' എന്ന്. അപ്പന്‍ പറഞ്ഞത് ശരിയാണ് എന്നാണ്. ഇന്നിപ്പോള്‍ 'വിശ്വാസികളുടെ ഒപ്പം' എന്ന് പാര്‍ട്ടി പറയുന്നത് ജനങ്ങള്‍ക്ക് ഏത് ഇസത്തെക്കാളും വലുത് വിശ്വാസമാണ് എന്ന തിരിച്ചറിവാണ്. അപ്പന്‍ ഈ കാര്യം കേന്ദ്ര കമ്മിറ്റി (സിസി)യില്‍ അവതരിച്ചപ്പോള്‍ കിട്ടിയ പ്രതികരണം എഴുതേണ്ടത് ഞാനല്ല, അന്ന് സിസി അംഗമായിരുന്ന എന്റെ അപ്പന്‍ എം.എം. ലോറന്‍സാണ്. 
ഇന്ന് പാര്‍ട്ടിക്കാര്‍ അരമനയില്‍ പോകുന്നു, സഭാമേലധ്യക്ഷന്‍മാര്‍ പാര്‍ട്ടി ഓഫീസില്‍ പോകുന്നു, പരസ്പരം പുകഴത്തുന്നു, വാഴ്ത്തുന്നു. 'വിമോചനസമരം' നടത്തിയവര്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നു. ഇതെല്ലാം കാലത്തിന് ആവശ്യമായ ബന്ധങ്ങളാണെന്ന് രാഷ്ട്രീയ വിശദീകരണയോഗങ്ങളില്‍ വിശദീകരിക്കാം. നേതാക്കന്മാര്‍ക്ക് തിരുവായ്‌ക്കെതിര്‍വായ് ഇല്ല. പാര്‍ട്ടിയിലെ സാധാരണ സഖാക്കളാണ് പ്രവര്‍ത്തകരാണ് വഞ്ചിക്കപ്പെടുന്നത്.
എന്റെ മകന്‍ എന്റെ ആശ്രിതനാണ് ഇപ്പോള്‍. പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാകുന്നതുവരെ അവന് എന്നെ ആശ്രയിച്ചേ പറ്റൂ. അതിനര്‍ത്ഥം അവന്‍ എന്റെ അടിമയാണ് എന്നല്ല. അവന്റെ വ്യക്തമായ, നല്ലതായ നിലപാടുകള്‍ക്കെതിരെ ഞാന്‍ നില്‍ക്കേണ്ടതില്ലല്ലോ. പണ്ട് ഒരു നേതാവിന്റെ മകളെ ആര്‍.എസ്.എസ്സുകാരനാണ് കല്യാണം കഴിച്ചത് എന്ന് പറഞ്ഞ് പാര്‍ട്ടിയില്‍ സംസാരമായതൊക്കെ എനിക്കുമറിയാം. പിറ്റേന്ന് അവരുടെ വിവാഹമോചനമൊന്നും നടന്നില്ലല്ലോ? ഇപ്പോഴും സുഖമായി ജീവിക്കുന്നു. നേതാവിനെതിരെയും ഒരു നടപടിയും ഉണ്ടായതായി എനിക്കറിവില്ല. ഇപ്പോള്‍ എന്താണ് ഉണ്ടായത്? എന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. (തിരിച്ചെടുത്തു) വീണ്ടും ഭയപ്പെടുത്തുവാന്‍ കള്ളപ്പരാതി കൊടുത്തിരിക്കുന്നു. നിശബ്ദരാക്കാനാണ് ഈ നീക്കം നടത്തുന്നത്. നേതാവിന്റെ ഭാര്യാ സഹോദരിക്കെതിരെ ഞാന്‍ നല്‍കിയ പരാതിയും കാരണമാണ്. 
അന്ന് ദല്‍ഹിയിലായിരുന്നപ്പോള്‍ ആരോപണം ആനി രാജയുടെ കൂടെ നടക്കുന്നു എന്നായിരുന്നു. ആരോ വിവരം നാട്ടില്‍ എത്തിച്ചു. അന്വേഷണം നടന്നു. ചോദ്യം ചെയ്യല്‍ (ഫോണിലൂടെ) അന്നും നടന്നു. എനിയ്ക്ക് പറയാനുള്ളത് ഞാന്‍ അന്നും പറഞ്ഞു. അന്ന് പലരും പറഞ്ഞു കോണ്‍ഗ്രസ്സുകാരുടെ പുറകെ നടന്നാല്‍ പ്രശ്‌നമില്ല സിപിഐ കാരുടെ കൂടെക്കൂടണ്ട, സിപിഎമ്മിന് ഒട്ടും ഇഷ്ടമല്ല, സിപിഐകാരെ, എന്ന്. 
എന്താണ് ഇങ്ങനെ? എനിയ്ക്ക് ഇങ്ങനെ (ആര്‍ക്കും) വിലക്ക് ഏര്‍പ്പെടുത്തേണ്ട കാര്യമെന്താണ്? എന്ത് ധരിക്കും, എന്ത് കഴിക്കും എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന് പറഞ്ഞവര്‍ എന്തിനാണ് എന്റെ അപ്പന്‍ സിപിഎമ്മിലാണ് എന്ന കാരണത്താല്‍ വേറൊരു രാഷ്ട്രീയ പാര്‍ട്ടിക്കാരുമായും ഞാന്‍ ബന്ധപ്പെടുവാന്‍ പാടില്ല എന്ന് പറയുന്നത്? 
എന്റെ അപ്പന്‍ അപ്പന്റെ കുടുംബ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിച്ചാണ് പാര്‍ട്ടിയില്‍ എത്തിയത്. അപ്പന്റെ അപ്പന്‍ യുക്തിവാദിയായിരുന്നു, നിരീശ്വരവാദി. അപ്പന്റെ അമ്മ വിശ്വാസിയായിരുന്നു, എന്റെ അറിവില്‍. ഞാന്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു. ഓരോ മതക്കാര്‍ ഓരോ രൂപങ്ങള്‍ ഉണ്ടാക്കി ഓരോ പേരിട്ട് ഓരോ ആചാരങ്ങള്‍ നടത്തുന്നു. നമ്മള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമല്ലേ. ദല്‍ഹിയില്‍ ആയിരുന്നപ്പോള്‍ ഞായറാഴ്ചകളില്‍ മുടങ്ങാതെ പള്ളിയില്‍ പോകും. അവിടത്തെ ഹനുമാന്‍ ക്ഷേത്രത്തില്‍ പോകും. ഗുരുദ്വാരയിലും പോകും. ഗുരുദ്വാരയിലെ ആരാധനയില്‍ ആര്‍ക്കും പങ്കെടുക്കാം. പക്ഷേ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉണ്ടവിടെയും. അത് പാലിച്ചില്ലെങ്കില്‍ അവര്‍ സമ്മതിക്കില്ല.
2005-06 ല്‍ ഒരു രാത്രി അപ്പന് ലെനിന്‍ സെന്ററില്‍ കിടക്കേണ്ടി വന്നു. രാവിലെ 'കൊച്ചി രാജാവായിരുന്ന' എറണാകുളം ജില്ലയെ മൊത്തമായും പാര്‍ട്ടിയേയും പോലീസിനേയും ലെനിന്‍ സെന്ററിനേയും ഭരിച്ചിരുന്ന ഗോപി കോട്ടമുറിക്കല്‍ അതിരാവിലെ തന്നെ ലെനിന്‍ സെന്ററിലെത്തി എം.എം. ലോറന്‍സിനോട് പറഞ്ഞു, 'ഇത് ഇവിടെപ്പറ്റില്ല'എന്ന്. പാര്‍ട്ടിയ്ക്ക് നാണക്കേടാവും എന്ന്. ജീവന്‍പോലും നഷ്ടമാകുമെന്ന് കരുതപ്പെട്ടിരുന്ന കാലത്ത് പാര്‍ട്ടി കെട്ടിപ്പൊക്കാന്‍ ഓടിനടന്ന ഒരു സഖാവ് ഒരു രാത്രി പാര്‍ട്ടി ഓഫീസില്‍ കിടന്നതാണ് ഗോപികോട്ടമുറിക്കലിന് 'നാണക്കേടാ'വുന്നത്. ഈ സംഭവം എന്നോടും എന്റെ അമ്മയോടും പറഞ്ഞത് കെ.ജെ.  ജേക്കബ് ആണ്. കൂടെ പാര്‍ട്ടി ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്ന സഖാവും ഉണ്ടായിരുന്നു. നേതാക്കന്മാര്‍ക്ക്, സഖാക്കള്‍ക്ക് എന്ത് പറയാനുണ്ട് ഇതേപറ്റി? ജേക്കബ് അങ്കിളിന്റെ കണ്ണ് നിറഞ്ഞിരുന്നു, ഗോപികോട്ടമുറിക്കല്‍ എം.എം. ലോറന്‍സിനോട് ചെയ്ത കാര്യം പറഞ്ഞപ്പോള്‍.
എം.എം ലോറന്‍സ് എന്ന എന്റെ അപ്പന്‍ തലയുയര്‍ത്തിപ്പിടിച്ച് തന്നെ ജീവിക്കുന്ന വ്യക്തിയാണ്. രാഷ്ട്രീയജീവിതത്തിലും കുടുംബജീവിതത്തിലും ഉണ്ടായ പ്രശ്‌നങ്ങള്‍ എല്ലാം നേരിട്ട വ്യക്തിയാണ്. ചെറുമകന്‍ ബിജെപി സമരത്തിന് പോയത് രാഷ്ട്രീയമായി തെറ്റാണ് എന്ന് ഉറച്ച് കമ്മ്യൂണിസ്റ്റുകാരന്‍ പറഞ്ഞതില്‍ തെറ്റില്ല. പക്ഷേ എന്റെ അപ്പന്‍ അതൊരു പീഡനമായി കരുതുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പന്‍ കമ്മ്യൂണിസ്റ്റായ കാലഘട്ടത്തില്‍ ഒരു ക്രിസ്ത്യാനിയ്ക്ക്  ചെയ്യാവുന്ന ഏറ്റവും വലിയ പാപമാണ് നിരീശ്വരവാദികളുടെ കൂടെക്കൂടുക എന്നത്. അപ്പന്റെ വ്യ.ക്തമായ ലക്ഷ്യം, ഉറച്ച നിലപാട് ഇതെല്ലാം അങ്ങനെയുള്ള കുറ്റാരോപണങ്ങള്‍ നേരിടാന്‍ സഹായിച്ചില്ലേ. അപ്പന്‍ പഠനവും ഉപേക്ഷിച്ചു. 'മര്യാദയ്ക്ക്' പഠിച്ചിരുന്നുവെങ്കില്‍ എന്റെ അപ്പന്‍ നല്ലൊരു ഡോക്ടര്‍ ആകുമായിരുന്നു. നല്ലൊരു അധ്യാപകന്‍ ആകുമായിരുന്നു. ഇവിടെ ഭാഗ്യത്തിന് മിലന്‍ പഠനം ഉപേക്ഷിച്ചിട്ടില്ല.
 എന്റെ മകന്‍ സാമൂഹ്യദ്രോഹിയായി, രാജ്യദ്രോഹിയായി ജീവിക്കുവാന്‍ ഞാന്‍ അനുവദിക്കില്ല. അതില്‍ കൂടുതല്‍ ഒന്നും എനിക്ക് ഒരു ഉറപ്പു തരുവാന്‍ സാധിക്കില്ലല്ലോ. നാലര വയസ്സ് മുതല്‍ അവന്‍ തനിച്ച് യാത്ര ചെയ്യുന്നുണ്ട്. ഏഴ് വയസ്സില്‍ ഒരു വീട്ടിലെ ജോലി തനിച്ച് ചെയ്യേണ്ടി വന്നിട്ടുണ്ട്, എനിയ്ക്ക് സുഖമില്ലാതെ കിടപ്പി ലായപ്പോള്‍. വസ്ത്രങ്ങള്‍ അലക്കാനും തേക്കാനും പഠിച്ചു. പാചകം അറിയാം, വീട് വൃത്തിയാക്കാന്‍ അറിയാം.  ഞങ്ങളുടെ ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ ഇത്രയൊക്കെ അവന്‍ പഠിച്ചെടുത്തിട്ടുണ്ട്.
ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ എന്തെന്ന് അറിഞ്ഞ് തന്നെയാണ് ജീവിക്കുന്നത്. അവന് ബോധ്യമുള്ള കാര്യം ചെയ്യാന്‍ ഞാന്‍ തടസ്സം നില്‍ക്കാന്‍ പാടില്ലല്ലോ. ഞാന്‍ ഒന്നിന്റെയും ആരുടേയും അടിമയല്ല. എന്റെ മകനെയും ഞാന്‍ അത് മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. അടിമത്തത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കാലം കഴിഞ്ഞിട്ടും ചിലരെങ്കിലും,  ചിലര്‍ക്കെങ്കിലും അടിമത്തത്തിന് വഴങ്ങണമെന്നാണ് ആഗ്രഹം. അതിനാണ് കള്ളപ്പരാതിയും അപവാദങ്ങളും ഭീഷണികളും ഉയര്‍ത്തുന്നത്.
മുന്നോട്ട് പോകുക എന്നുതന്നെയാണ് തീരുമാനം. എന്നെപ്പോലെ ഒറ്റയ്ക്ക് ജീവിതം കൊണ്ടുപോകുന്നവരെ ഉദ്ദേശിച്ചായിരിക്കും സഖാവ് കൃഷ്ണപിള്ള 'സഖാക്കളെ മുന്നോട്ട്' എന്ന് പറഞ്ഞിട്ടുള്ളത്.
സത്യത്തില്‍ എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്ത് ഞാന്‍ ഒരു പരിഹാരം തേടി പോയത് പി.കെ. വാസുദേവന്‍ നായരുടെ അടുത്താണ്. അദ്ദേഹം സ്‌നേഹത്തോടെ, സഹാനുഭൂതിയോടെ ചേര്‍ത്ത് നിര്‍ത്തി. അപ്പന്റെ പാര്‍ട്ടിയില്‍ ആരുടെയും അടുക്കല്‍ പോകാതിരുന്നത്, അപ്പനെ വെട്ടിനിരത്തി ഏരിയ കമ്മറ്റിയില്‍ ആക്കിയിരുന്ന സമയമാണ്, ആര് എങ്ങിനെ പെരുമാറുമെന്നാന്നും അറിയാഞ്ഞാണ്.
പിന്നീടൊരിക്കല്‍ പോയത് വി.എസ്, പിണറായി വിജയന്‍ മുതലായ നേതാക്കന്മാരുടെ അടുക്കല്‍. വി.എസ്. അപ്പനോടുള്ള പക തീര്‍ക്കാന്‍ ഇക്കാര്യം പിന്നീട് ഉപയോഗിക്കുകയും ചെയതു. ലോ കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ വിവാഹിതയായി, അമ്മയായി. ആയിടയ്ക്ക് വിദ്യാര്‍ത്ഥി  സംഘട്ടനത്തിനിടയ്ക്ക് എബിവിപി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. അത് ദേശാഭിമാനിയില്‍ വന്നത് ചെറിയ വാര്‍ത്തയായി. എസ്.എഫ്.ഐക്കാര്‍ കൊല്ലപ്പെട്ടാല്‍ വലിയ വാര്‍ത്ത, കുറ്റം പറയാന്‍ പറ്റില്ല, പാര്‍ട്ടി പത്രത്തില്‍ എസ്.എഫ്.ഐക്കാര്‍ക്ക് പ്രാമുഖ്യം കൊടുക്കണം. പക്ഷേ അമ്മമാര്‍ക്ക് മക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഒരേ വേദനയാണ് എന്ന് ഞാന്‍ അപ്പനോട് പറഞ്ഞു. 1990കളിലാണത്. എന്നിലെ അമ്മയാണത് പറഞ്ഞത് എന്ന് മനസ്സിലാക്കാന്‍ എന്റെ അപ്പന് സാധിച്ചു.
ഞങ്ങളുടെ അമ്മ മരണം വരെ ദൈവവിശ്വാസം കൈവിട്ടിരുന്നില്ല. 'ദൈവത്തെ' തള്ളിപ്പറഞ്ഞ നാല് മക്കളില്‍ മൂന്നു പേരും ഇന്ന് ദൈവവിശ്വാസികളാണ്. മൂത്തസഹോദരന്റെ നിലപാട് എന്താണ് എനിക്കറിയില്ല. സഹോദരി ദുബായില്‍ ആണ്. സിവില്‍ എഞ്ചിനീയറാണ് (സുജ) അവര്‍ സുവിശേഷവേലയ്ക്കായി പോകുന്നു, അഭിമാനത്തോടെ. എബിയും തിരിച്ചറിവിന്റെ പാതയിലാണ്. അഭിമാനത്തോടെ ഉറക്കെ പറയും, ഞങ്ങള്‍ ദൈവവിശ്വാസികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

4 Comments

Avatar
Palakkattillam
16 hours 29 minutes ago

നന്മകൾ തിരിച്ചറിവാണ് ജ്ഞാനം അതിന് മുജ്ജന്മ പുണ്യം തന്നേ ഗുരൂ

Avatar
Palakkattillam
16 hours 29 minutes ago

നന്മകൾ തിരിച്ചറിവാണ് ജ്ഞാനം അതിന് മുജ്ജന്മ പുണ്യം തന്നേ ഗുരൂ

Avatar
Palakkattillam
16 hours 29 minutes ago

നന്മകൾ തിരിച്ചറിവാണ് ജ്ഞാനം അതിന് മുജ്ജന്മ പുണ്യം തന്നേ ഗുരൂ

Avatar
Madhusoodanan
13 hours 9 minutes ago

സ്വയം വിലയിരുത്തല്‍ സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിക്കുന്നു ... ആരോടും പ്രീണനമില്ല ആരെയും തള്ളി പ്പറയുന്നുമില്ല ,,,, മുഖം നഷ്ടപ്പെട്ട പാര്‍ട്ടിയെ ഒരിക്കല്‍ക്കൂടി വിലയിരുത്തുന്നു .... ആശംസകള്‍