Kesari WeeklyKesari

മുഖപ്രസംഗം

ഒരു വോട്ട്.... രണ്ട് നേട്ടം

on 19 April 2019

പൗരബോധത്തിന്റെയും  പ്രബുദ്ധതയുടെയും മേലാണ് ഒരു നാടിന്റെ ജനാധിപത്യഭാവി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ പൗരബോധത്തിന്റെ ഉരകല്ലായി മാറുന്നു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് സാക്ഷര മലയാളിയുടെ പൗരബോധത്തിനുള്ള പരീക്ഷാകാലമാകുന്നത് ഇതുകൊണ്ടാണ്. തെറ്റു തിരുത്താനും പ്രായശ്ചിത്തം ചെയ്യാനും കൂടി മലയാളിക്ക് കരഗതമാകുന്ന അവസരമാണ് ഈ ലോകസഭാ തിരഞ്ഞെടുപ്പ്. 2014-ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഗവണ്‍മെന്റിന് ശക്തി പകരുവാന്‍ ഒരു ജനപ്രതിനിധിയെപ്പോലും അയക്കാതിരുന്ന കേരളം ഈ തിരഞ്ഞെടുപ്പില്‍ അതിന് പ്രായശ്ചിത്തം ചെയ്യുമെന്ന് ഉറപ്പാണ്. സ്വതന്ത്രഭാരതചരിത്രത്തില്‍ നാളിതുവരെ ഉണ്ടാകാത്ത ഉജ്ജ്വല ഭരണനേട്ടങ്ങളുടെ അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയത്. കമ്മ്യൂണിസ്റ്റ് - കോണ്‍ഗ്രസ് ദുഷ്പ്രചരണങ്ങളില്‍ കുടുങ്ങി സമ്മതിദാനത്തെ നിഷ്ഫലമാക്കിയ ഭൂരിപക്ഷ മലയാളിക്ക് ഇന്ന് കുറ്റബോധം തോന്നുന്നുണ്ട് എന്ന കാര്യം ഉറപ്പാണ്. അതിന് പ്രായശ്ചിത്തം ചെയ്യുവാന്‍ കേരളം തയ്യാറെടുക്കുകയാണ്. അതേപോലെ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലൂടെ, ഐക്യകേരള രൂപീകരണത്തിനുശേഷം ആദ്യമായി, വകതിരിവും വിവേചന ബുദ്ധിയുമില്ലാത്ത ഒരു ഏകാധിപതിയായ മുഖ്യമന്ത്രിയുടെ കൈകളിലേക്ക് കേരള ഭരണമേല്‍പ്പിച്ചതിന്റെ ദുഃഖത്തിലാണ് മലയാളികള്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരഭരണത്തിനുള്ള താക്കീതു കൂടിയാവണം ഈ ലോകസഭാ തിരഞ്ഞെടുപ്പ്. ഒരുവോട്ടുകൊണ്ട് രണ്ട് നേട്ടമുണ്ടാക്കാനുള്ള അപൂര്‍വ്വ അവസരമാണ് മലയാളിക്ക് കൈവന്നിരിക്കുന്നത്.
അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും  കെടുകാര്യസ്ഥതയുടെയും വര്‍ഗ്ഗീയ പ്രീണനത്തിന്റെയും വിശ്വാസ, ആചാരലംഘനങ്ങളുടെയും ഭീകരവാഴ്ചക്കാലത്തിലൂടെയാണ് കേരള ഭരണം കടന്നുപോകുന്നത്. 483 പേര്‍ മരിക്കാനിടയായ പ്രളയദുരന്തം ഭരണകൂട സൃഷ്ടിയായിരുന്നു എന്ന് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി വരെ റിപ്പോര്‍ട്ടു നല്‍കിയിട്ടും ഇരകളോട് മാപ്പ് ചോദിക്കാനോ നഷ്ടപരിഹാരം നല്‍കാനോ തയ്യാറാകാത്ത ഇടതുപക്ഷ ഗവണ്‍മെന്റ് ലോക ജനാധിപത്യത്തിനു തന്നെ നാണക്കേടാണ്. മദ്യ മുതലാളിമാരുടെ പിന്‍തുണയോടെ അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ മദ്യവ്യവസായികളെ തൃപ്തിപ്പെടുത്തുവാന്‍വേണ്ടി ആയിരക്കണക്കിന് മദ്യശാലകളാണ് തുറന്നുകൊടുത്തത്. മയക്കുമരുന്ന് മാഫിയയുമായി ഭരണകൂടത്തിനുള്ള അവിഹിതബന്ധം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സ്‌കൂള്‍കുട്ടികളെവരെ മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും ഉപഭോക്താക്കളാക്കി മാറ്റുന്ന ജനവിരുദ്ധ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് കേരളത്തിലുള്ളത്.
സ്ത്രീസുരക്ഷ ഇതുപോലെ അപകടത്തിലായ ഒരു കാലമുണ്ടായിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും നിന്നും പുറത്തുവരുന്ന സ്ത്രീപീഡന വാര്‍ത്തകള്‍ മാത്രം മതി കേരളമെത്തിപ്പെട്ടിരിക്കുന്ന ദുരിതകാലത്തിന്റെ ആഴമറിയാന്‍. ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി വിജയന്റെ ഭരണത്തിനുകീഴില്‍ കേരളത്തിലെ ക്രമസമാധാനനില അമ്പേ തകര്‍ന്നിരിക്കുകയാണ്. 26 രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഇവിടെ സംഭവിച്ചിരിക്കുന്നത്. ലോക്കപ്പ് മര്‍ദ്ദനങ്ങളില്‍ നിരപരാധികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 'ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ടക്കൊലകള്‍ നടന്നിരിക്കുന്നത് കേരളത്തിലാണ്' എന്നു പറയുന്നത് ദേശീയ ന്യൂനപക്ഷ കമ്മീഷനാണ്.
ഇതിനെല്ലാം പുറമെയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഹിന്ദുവേട്ടകള്‍. ലോകത്തില്‍ ജാതിമത ലിംഗഭാഷാവിവേചനങ്ങളില്ലാത്ത ഏക തീര്‍ത്ഥാടനകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം ചെയ്ത കടുംകൈകള്‍ ഒരുകാലത്തും ഭക്തജനങ്ങള്‍ മറക്കില്ല. 2007ലും 2017ലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശബരിമല ആചാരലംഘനത്തെ അനുകൂലിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലമാണ് 2018ല്‍ സുപ്രീം കോടതി യുവതീപ്രവേശനത്തിനനുകൂലമായി ഉത്തരവിടാന്‍ കാരണം. സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ ഹിന്ദുവേട്ട ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും സ്റ്റാലിന്റേയും മനുഷ്യവേട്ടകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ ഒരുമിച്ചുകൂടുന്ന ശബരിമല മണ്ഡല വ്രതകാലത്ത് സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ് ഭീകരത അഴിച്ചുവിട്ടത് ഭക്തജനങ്ങള്‍ മരിച്ചാലും മറക്കില്ല. ശബരിമലയ്ക്ക് പോകണമെങ്കില്‍ പാസ് എടുക്കണം എന്നുവരെ ഉത്തരവിറക്കിയ ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ ഹിന്ദുക്കളോട് യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ശബരിമല മേല്‍ശാന്തിയേയും തന്ത്രിയേയും അയ്യപ്പന്റെ വളര്‍ത്തച്ഛന്റെ സ്ഥാനമുള്ള പന്തളം രാജാവിനെയും കുളിച്ചീറനായി അമ്പലങ്ങളില്‍ പോകുന്ന സ്ത്രീകളെയും വരെ മ്ലേച്ഛമായ ഭാഷയില്‍ അപമാനിക്കുവാന്‍ കമ്മ്യൂണിസ്റ്റ് മന്ത്രിമാരും നേതാക്കളും മത്സരിക്കുകയായിരുന്നു. ശബരിമലയിലെ ആചാരസംരക്ഷണത്തിന് സമാധാനപരമായി നാമംജപിച്ച പതിനായിരങ്ങളെയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ക്രിമിനല്‍ക്കേസില്‍ പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ ദുസ്ഥിതിയില്‍ മനംനൊന്ത് മൂന്ന് അയ്യപ്പഭക്തര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഒരാളെ നാമം ജപിച്ചതിന് സിപിഎം ഗുണ്ടകള്‍ കല്ലെറിഞ്ഞും മറ്റൊരാളെ പോലീസ് മര്‍ദ്ദിച്ചും കൊലപ്പെടുത്തിയത് അയ്യപ്പഭക്തര്‍ക്ക് മറക്കാന്‍ കഴിയില്ല. ശരണമന്ത്രത്തെ തെറി ജപമെന്നു വിളിച്ച കമ്മ്യൂണിസ്റ്റു ഭരണകൂടം അയ്യപ്പഭക്തരെ പട്ടിണിക്കിടാന്‍ അന്നദാനപ്പുരകള്‍ അടച്ചുപൂട്ടിക്കുകയും അയ്യപ്പന്മാര്‍ സന്നിധാനത്ത് വിരിവയ്ക്കാതിരിക്കാന്‍ നടപ്പന്തലുകളില്‍ വെള്ളമൊഴിക്കുകയും ചെയ്തതും വോട്ടുചെയ്യുമ്പോള്‍ ഓര്‍മ്മയിലുണ്ടാവേണ്ട കാര്യങ്ങളാണ്. ജനുവരി 2ന് കനകദുര്‍ഗ്ഗ, ബിന്ദു എന്നീ രണ്ടുയുവതികളെ ആചാരം ലംഘിക്കാന്‍ വേഷം മാറ്റി സന്നിധാനത്തെത്തിച്ചത് കേരളചരിത്രത്തിലെ തന്നെ കമ്മ്യൂണിസ്റ്റ് ധാര്‍ഷ്ട്യത്തിന്റെയും ഹിന്ദുവിരോധത്തിന്റെയും മകുടോദാഹരണമായി ശേഷിക്കുകയാണ്. കമ്മ്യൂണിസ്റ്റ് ഭീകരഭരണത്തോട് പ്രതികാരം ചെയ്യാനുള്ള ഭൂരിപക്ഷ സമൂഹത്തിന്റെ ജനാധിപത്യമാര്‍ഗ്ഗമാണ് ഈ ലോകസഭാ തിരഞ്ഞെടുപ്പ്.
കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ഭാരതത്തെ വികസനത്തിന്റെ പാതയിലെത്തിച്ച നരേന്ദ്രമോദി ഗവണ്‍മെന്റിന് ഭരണതുടര്‍ച്ചക്കുള്ള അംഗീകാരമാവണം നമ്മുടെ ഓരോ വോട്ടും. സാമ്പത്തിക പുരോഗതിയില്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ 11-ാം സ്ഥാനത്തുണ്ടായിരുന്ന ഭാരതം അഞ്ചുവര്‍ഷം കൊണ്ട് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 2014ല്‍ 36 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപമുണ്ടായിരുന്ന ഭാരതത്തില്‍ ഇന്ന് അത് 66 ബില്യണ്‍ ആയി ഉയര്‍ന്നിരിക്കുന്നു. ലോകത്തിലെ ഏത് വന്‍ ശക്തിരാജ്യത്തിനുമൊപ്പം കിടപിടിക്കുന്ന സൈനിക, ബഹിരാകാശ ശക്തിയായി ഭാരതത്തെ മാറ്റുന്നതിലും നരേന്ദ്രമോദി ഗവണ്‍മെന്റ് വിജയിച്ചിരിക്കുന്നു. ഭരണനേട്ടങ്ങളുടെ കേന്ദ്രഗവണ്‍മെന്റും ഭരണപരാജയങ്ങളുടെ കേരളഗവണ്‍മെന്റും മലയാളിക്ക് പാഠമാകുമ്പോള്‍ സമ്മതിദാന അവകാശത്തെ നമ്മള്‍ വിവേചനബുദ്ധിയോടെ ഉപയോഗിക്കുക തന്നെ ചെയ്യണം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

4 Comments

Avatar
Madhusoodanan
13 hours 40 minutes ago

മുഖ പ്രസംഗം കാലോചിതം ... നമ്മുടെ പൌരാവകാശം രാഷ്ട്ര പുരോഗതിക്കായിരിക്കട്ടെ വന്ദേ മാതരം

Avatar
Knight Riders
3 hours 43 minutes ago

നിങ്ങളുടെ ഈ മുഖപ്രസംഗം ..കേസരി വായിക്കുന്ന ഒന്നോ രണ്ടോ ആൾക്കാരെ കാണു..പബ്ലിക് മീഡിയയിൽ പോസ്റ്റുചെയ്യാൻ ധൈര്യമുണ്ടോ ??...കണ്ടംവഴി ഓടിക്കും ജനങ്ങൾ ഇമ്മാതിരി കള്ളത്തരങ്ങൾ വിളമ്പിയാൽ ...

Avatar
shekharan moyalali
3 hours 49 minutes ago

ഹ ഹ ഹ...മലയാളികൾ പ്രായശ്ചിത്തം ചെയ്യാൻ തെക്കേ ഇന്ത്യയിലെ ചാണകങ്ങൾ അല്ല .അഞ്ചു വർഷംകൊണ്ട് ഇൻഡ്യയെ കുത്തുപാള എടുപ്പിച്ചതാണോ നിങ്ങൾ ഓർമിപ്പിക്കുന്നത് .കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥയാണ് മോങ്ങിക്ക് .ഉളുപ്പില്ലാത്തവന്മാർ

Avatar
sreerag
3 hours 55 minutes ago

onnu podo