Kesari WeeklyKesari

ലേഖനം..>>

ക്ഷേത്രഭരണം രാഷ്ട്രീയ മുക്തമാകണം--ഇ.എസ്.ബിജു

on 28 December 2018

1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ്ങ് ആന്റ് എസൈന്‍മെന്റ് ആക്ട്) പ്രകാരം കേരളത്തിലെ മുഴുവന്‍ സ്വകാര്യ വനവും സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി. അപ്രകാരം ക്ഷേത്രങ്ങളുടെ കൈവശമുണ്ടായിരുന്ന വനഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കൊട്ടിയൂര്‍ ദേവസ്വത്തിന്റെ മാത്രം 1,50,000 ഏക്കര്‍ വനഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പ്രസ്തുത നിയമപ്രകാരം ഏറ്റെടുത്ത വനഭൂമി രണ്ടു വര്‍ഷത്തിനകം കര്‍ഷകര്‍ക്കും ദരിദ്രവിഭാഗത്തിനും കാര്‍ഷികാവശ്യത്തിനായി പതിച്ചുനല്‍കണമെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍ അപ്രകാരം പതിച്ചു നല്‍കുകയുണ്ടായില്ല. പ്രസ്തുത വനഭൂമി ക്ഷേത്രങ്ങളെ തിരികെ ഏല്‍പ്പിച്ചതുമില്ല. അതിന് പ്രതിഫലം നല്‍കിയതുമില്ല. അപ്രകാരം ഏറ്റെടുത്ത വനഭൂമിയില്‍ നിന്ന് സര്‍ക്കാരിന് വര്‍ഷം പ്രതി ഏകദേശം എത്ര വരുമാനം ഉണ്ടാകുന്നുണ്ടെന്ന് കോടതി ചോദിച്ചപ്പോള്‍ വര്‍ഷംപ്രതി ഏകദേശം 2 കോടിയിലധികം രൂപ വരുമാനം ഉണ്ടാകുന്നുണ്ടെന്നാണ് അവര്‍ അറിയിച്ചത്.

മുകളില്‍ പറഞ്ഞ രണ്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ബോദ്ധ്യപ്പെട്ടപ്പോഴാണ് മലബാറിലെ ക്ഷേത്രങ്ങളും ക്ഷേത്രജീവനക്കാരും പട്ടിണിയിലായതിന്റെ കാര്യം കോടതിക്ക് പിടികിട്ടിയത്. അതുകൊണ്ട് കോടതി ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നു. അതായത് ക്ഷേത്രം നോക്കി നടത്താനായി ചുമതലപ്പെടുത്തിയ ട്രസ്റ്റിമാരായ ഊരാളന്മാരെ ഏല്‍പ്പിച്ചിരുന്ന കൃഷിഭൂമിയും വനഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ സര്‍ക്കാര്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരുടെ സ്ഥാനം ഏറ്റെടുത്തിരിക്കയാണെന്നും അതുകൊണ്ട് ക്ഷേത്രത്തിനേയും ക്ഷേത്ര ജീവനക്കാരെയും പരിപാലിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നുമാണ്. അതിന്റെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ബാലനാരായണമാരാരും ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യവും അടങ്ങുന്ന ബഞ്ച് 21-7-2004 ന് പുറപ്പെടുവിച്ച 47 പേജ് വരുന്ന സുപ്രധാന വിധിയില്‍ സര്‍ക്കാരിന് ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.

1. കാസര്‍ഗോഡ് ജില്ലയുള്‍പ്പെടെ മലബാര്‍ പ്രദേശത്തുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കുമായി (ഡിപ്പാര്‍ട്ടുമെന്റിന്റെ ഭരണത്തിലുള്ളതും അല്ലാത്തതും) കേരള ഗവണ്‍മെന്റ് ഹിന്ദു റിലിജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് ചേര്‍ന്ന് 6 മാസത്തിനകം ഒരു സ്‌കീം തയ്യാറാക്കണം.

2. ഒന്നാം എതിര്‍കക്ഷിയായ സര്‍ക്കാര്‍ മലബാറിലെ ഈ വിഭാഗത്തില്‍പ്പെട്ട ക്ഷേത്രജീവനക്കാര്‍ക്ക് കൊടുക്കേണ്ട ന്യായമായ വേതനം എന്തായിരിക്കണമെന്ന് നിശ്ചയിക്കണം.

3. ഇപ്രകാരം ന്യായമായ വേതനം നിശ്ചയിക്കുന്നതിന് തിരുവിതാംകൂര്‍, കൊച്ചി ദേവസ്വംബോര്‍ഡുകളില്‍ തത്തുല്യമായ ജീവനക്കാര്‍ക്ക് ഇന്ന് ലഭിക്കുന്ന ശമ്പളവും അലവന്‍സും ഒരു മാര്‍ഗ്ഗ ദര്‍ശകമായി കണക്കാക്കാവുന്നതാണ്.

4. വലുതും ചെറുതുമായ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭരണത്തിലിരിക്കുന്നതെന്നോ അല്ലാത്തതെന്നോ ഉള്ള ഭേദം കൂടാതെ മലബാറിലെ എല്ലാ പൊതുക്ഷേത്രങ്ങളെയും സ്‌കീമില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

5. സര്‍ക്കാരും ഹിന്ദു റിലിജിയണ്‍ എന്‍ഡോവ്‌മെന്റ് കമ്മീഷണറും മേല്‍ പ്രസ്താവിച്ച രീതിയിലുള്ള ശമ്പളം നല്‍കുന്നതിനാവശ്യമായ വരുമാനം ഉണ്ടാകുന്നതിനുള്ള മാര്‍ഗ്ഗം കണ്ടുപിടിക്കണം.

6. ക്ഷേത്രങ്ങള്‍ക്കു ലഭിക്കേണ്ട നാളിതുവരെയുള്ള ആനുവിറ്റി സ്റ്റേറ്റ്‌മെന്റ് ഒരു വര്‍ഷത്തിനകം സര്‍ക്കാര്‍ തയ്യാറാക്കി ഇനിയും കൂടുതല്‍ വിളംബം വരുത്താതെ എത്രയും വേഗം തുക നല്‍കണം.

7. ആനുവിറ്റി കാലാകാലങ്ങളില്‍ സാധനങ്ങളുടെ വിലക്കനുസരണമായി പുനര്‍നിര്‍ണ്ണയം ചെയ്യേണ്ട ആവശ്യകത സര്‍ക്കാര്‍ പരിഗണിക്കണം.

8. മലബാറിലെ ദേവസ്വങ്ങളുടെ വകയായിരുന്നതും ഇപ്പോള്‍ സര്‍ക്കാരിന്റെ നിക്ഷിപ്തമായിരിക്കുന്നതുമായ വനഭൂമിയില്‍ നിന്നും ലഭിക്കുന്നതുമായ ആദായം ദേവസ്വങ്ങളുടെ ആവശ്യത്തിലേക്ക് ഉപയോഗിക്കണമെന്നുള്ളത് ഉറപ്പ് വരുത്തണം.

9. ഇപ്രകാരമുള്ള തുക അതാത് ദേവസ്വങ്ങള്‍ക്ക് പ്രത്യേകമായി കൊടുക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെങ്കിലും പ്രസ്തുത തുക ഒരു കോമണ്‍ ഫണ്ടിലേക്ക് സമാഹരിച്ച് ക്ഷേത്ര ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് മലബാറിലെ ക്ഷേത്രങ്ങള്‍ക്കായി നല്‍കേണ്ടതാണ്.

10. സര്‍ക്കാര്‍ രൂപം കൊടുക്കേണ്ട ഈ സ്‌കീം ഇന്നു മുതല്‍ ഒരു വര്‍ഷത്തിനകം നടപ്പാക്കേണ്ടതാണ്.

11. ക്ഷേത്ര ജീവനക്കാര്‍ക്ക് ന്യായമായ ശമ്പളം കൊടുക്കണമെന്നുള്ള ഉത്തരവ് 1996 ജനുവരി 1 മുതല്‍ നടപ്പാക്കേണ്ടതാണ്.

മുകളില്‍ പറഞ്ഞ 11 നിര്‍ദ്ദേശങ്ങളും ക്ഷേത്രജീവനക്കാര്‍ക്ക് ന്യായമായും ശമ്പളം കൊടുക്കേണ്ടതിനെക്കുറിച്ചും അതിനുള്ള വരുമാനമുണ്ടാക്കേണ്ട മാര്‍ഗ്ഗത്തെക്കുറിച്ചും ഉള്ളതാണ്. അതോടൊപ്പം തന്നെ ഇന്ന് മലബാറിലെ ക്ഷേത്ര ഭരണത്തിന്റെ മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്ന എച്ച്.ആര്‍.ആന്റ് സി.ഇ ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള നിയമം ഇന്നത്തെ കാലഘട്ടത്തില്‍ പര്യാപ്തമല്ലെന്നു കണ്ട് ഹൈക്കോടതി മറ്റു രണ്ടു നിര്‍ദ്ദേശങ്ങള്‍ക്കൂടി 12 ഉം 13 ഉം നിര്‍ദ്ദേശങ്ങളായി വെക്കുകയുണ്ടായി. അവ ചുവടെ പറയും പ്രകാരമാണ്.

12. മദ്രാസ് ഹിന്ദു റിലിജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് മലബാര്‍  ഡിസ്ട്രിക്ട് നടപ്പാക്കിയതില്‍ പ്രകടമായ അസന്തുലിതാവസ്ഥ ഉണ്ടെന്ന് ഞങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഈ അസന്തുലിതാവസ്ഥയും അപാകതയും മാറ്റത്തക്കവിധത്തില്‍ ഒരു നിയമനിര്‍മ്മാണമാവശ്യമാകയാല്‍ ആയതിലേക്ക് ഞങ്ങളൊരു വര്‍ഷത്തെ സമയപരിധി അനുവദിക്കുന്നു.

13. മലബാറിലുള്ള ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകമായി ഒരു ബോര്‍ഡും കുട്ടികൃഷ്ണമേനോന്‍ കമ്മിറ്റിയുടേയും ശങ്കരന്‍ നായര്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളുടെ രീതിയില്‍ തിരുവിതാംകൂറിലേയും കൊച്ചിയിലേയും മലബാറിലേയും ക്ഷേത്രങ്ങള്‍ക്ക് ഒരു ഏകീകൃത സ്വഭാവത്തിലുള്ള ബോര്‍ഡും രൂപീകരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഞങ്ങള്‍ ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിക്കുന്നു.

തിരുവിതാംകൂറിലേയും കൊച്ചിയിലേയും മലബാറിലേയും ക്ഷേത്രഭരണത്തെക്കുറിച്ച് ഗാഢമായി പഠിച്ചുകൊണ്ട് തയ്യാറാക്കിയ കുട്ടികൃഷ്ണമേനോന്‍ കമ്മിറ്റിയുടെയും ശങ്കരന്‍ നായര്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഒരു ഏകീകൃത ദേവസ്വം നിയമം നിര്‍മ്മിക്കുന്നതിന് പകരം ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് തിരുവിതാംകൂര്‍ കൊച്ചി ദേവസ്വങ്ങളില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും പിടി ഒരിക്കല്‍കൂടി മുറുക്കുകയാണ് ചെയ്തത്. കൂടാതെ മറ്റൊരു ബോര്‍ഡ് മലബാറിനുകൂടി ഉണ്ടാക്കാനായി ഒരു നിയമം 2007 അവസാനത്തോടുകൂടി നിര്‍മ്മിക്കുകയും ചെയ്തു.

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ രാജഭരണകാലത്തിന് ശേഷം ബ്രിട്ടീഷ് ഭരണകാലത്തും, ജനാധിപത്യഭരണക്രമം നിലവില്‍ വന്നതിനുശേഷവും, അഴിമതിയും, കെടുകാര്യസ്ഥതയും തുടര്‍ക്കഥയായിരുന്നു എന്ന് തെളിയുകയാണ്. കേരളത്തിന്റെ ഭരണസാരഥ്യം വഹിച്ച ഭരണകര്‍ത്താക്കളില്‍ ബഹുഭൂരിപക്ഷവും, ക്ഷേത്രങ്ങളുടെ സ്വത്തുക്കളും, ഭൂസ്വത്തുക്കളും കൊള്ളയടിക്കുന്നതില്‍ പരസ്പരം മത്സരിച്ചു. ശബരിമലയെ കറവപ്പശുവായും, വാണിജ്യകേന്ദ്രമായും കണ്ടവര്‍, ദേവസ്വം ബോര്‍ഡിനെ രാഷ്ട്രീയ നേതാക്കളുടെ സൈ്വര്യവിഹാരകേന്ദ്രമാക്കി മാറ്റുകയായിരുന്നു. അഴിമതിമുക്ത ദേവസ്വംബോര്‍ഡ് എന്ന സങ്കല്പത്തെ അവര്‍ ഒരിക്കലും സാക്ഷാത്കരിക്കാന്‍ ശ്രമിച്ചില്ല എന്നു മാത്രമല്ല ദേവസ്വം ബോര്‍ഡുകളെ അഴിമതിയുടെ കേളീരംഗമാക്കി മാറ്റുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഹൈന്ദവസമൂഹം ജാതിവ്യത്യാസങ്ങളും, രാഷ്ട്രീയ വൈരങ്ങളും, പ്രാദേശിക പ്രശ്‌നങ്ങളും മാറ്റിവച്ച് സമൂഹ നന്മയ്ക്കായി ഒരുമിക്കണം. സര്‍ക്കാരുകളുടെ പിടിയില്‍നിന്നും ക്ഷേത്രങ്ങളെ മോചിപ്പിച്ച് ഭക്തജന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഹൈന്ദവജനതയ്ക്ക് സാധിക്കണം.

വൈദേശിക ഭരണത്തിന്റെ തിരുശേഷിപ്പുകള്‍ ഇന്നും ദേവസ്വം ഭരണത്തില്‍ അവശേഷിക്കുന്നു. കേണല്‍ മണ്‍ട്രോ, സാമ്രാജ്യത്വത്തിന്റെ കരുത്തിലാണ് ക്ഷേത്രഭരണവും ക്ഷേത്രസ്വത്തും കയ്യടക്കിയത്. മതേതര മുഖംമൂടിയണിഞ്ഞ് ഭക്തജന സമൂഹത്തിന്റെ ലേബല്‍ സ്വീകരിച്ച് കേരളസര്‍ക്കാര്‍, ജനാധിപത്യത്തിന്റെ പേരുപറഞ്ഞാണ് ഭക്തജനങ്ങളുടെ സ്വയംഭരണനിര്‍വ്വഹണാധികാരം കവര്‍ന്നെടുക്കുന്നത്. ദേവസ്വം ഭരണത്തെ അഴിമതിമുക്തമാക്കി, ക്ഷേത്രഭരണത്തില്‍നിന്ന് കൊള്ളക്കാരെ പുറത്താക്കാനുള്ള പ്രക്ഷോഭത്തിന് ഭക്തജനസമൂഹം സജ്ജമാകണം എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.

(ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

കടപ്പാട്:

1. ദേവസ്വം ലോക്കല്‍ ഓഡിറ്റ് പുതുക്കിയ വഴിപാട് നിരക്ക് 2. റിട്ട. ജില്ലാ ജഡ്ജ്  എ.ആര്‍. ശ്രീനിവാസന്റെ ലേഖനം

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments