Kesari WeeklyKesari

ലേഖനം

കമ്യൂണിസ്റ്റുകള്‍ നവോത്ഥാനത്തെ തുരങ്കംവെക്കുന്നവര്‍ --ഭാസ്‌കരന്‍ വേങ്ങര

on 28 December 2018

ളരെയേറെ തെറ്റിദ്ധാരണാജനകമായ ചരിത്ര ബന്ധമാണ് നവോത്ഥാന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ ഉള്ളത്. ചരിത്രകാരന്മാരും, പണ്ഡിതരും, ഗവേഷകരും ഇക്കാര്യം പലവട്ടം തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ചിട്ടും, കമ്യൂണിസ്റ്റുകള്‍ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു നടക്കുകയാണ്. നവോത്ഥാന ബന്ധം ആരോപിച്ചുകൊണ്ട് ഇപ്പോള്‍ സിപിഎം ഒരു സമര കോലാഹലത്തിനുള്ള പുറപ്പാടില്‍ ആണല്ലോ. ജനുവരി ഒന്നിന് അവര്‍ അതിന്റെ ഭാഗമായി വനിത മതില്‍ തീര്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥിതിക്ക് ചരിത്ര സത്യം വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു.
പ്രതിപാദിപ്പിക്കപ്പെടുന്ന മാറുമറക്കല്‍ സമരം നടന്നത് 1859ല്‍ ആണ്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പൊട്ടിമുളച്ചിട്ടുപോലും ഇല്ല. പാര്‍ട്ടിക്ക് ബീജാവാപം നല്‍കുന്നത് രഹസ്യമായി 1937ലും പരസ്യമായി 1939 ലുമാണ്. (സിപിഎം ചരിത്രരേഖ). പിന്നെങ്ങിനെയാണ് എണ്‍പത് വര്‍ഷം മുമ്പ് നടന്ന ഒരു ചരിത്ര സംഭവത്തിന്റെ പിതൃത്വം കമ്യൂണിസ്റ്റുകള്‍ അവകാശപ്പെടുന്നത്? എണ്‍പത് വര്‍ഷം എന്ന് പറഞ്ഞാല്‍ ഒരു തലമുറക്ക് അപ്പുറം ആണ്.
സിപിമ്മിന്റെ ഔദ്യോഗിക ചരിത്ര രേഖയില്‍ കൃത്യമായി പറയുന്നത്, അഖിലേന്ത്യാ തലത്തില്‍ വിവേകാനന്ദനും, തെക്കന്‍ കേരളത്തില്‍ ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, വടക്കന്‍ കേരളത്തില്‍ വാഗ്ഭടാനന്ദ സ്വാമികളും ആണ് പുരോഗമന ആശയം പ്രചരിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചത് എന്നാണ്. അവിടെയൊന്നും ഒരു കമ്യൂണിസ്റ്റുകാരനെയും കണ്ടിട്ടില്ല. മാത്രമല്ല, ഇവര്‍ ആവേശം കൊള്ളുന്ന റഷ്യന്‍ വിപ്ലവം നടന്നത് 1917 ലാണ.് കമ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരം കേരളീയ നവോത്ഥാനത്തില്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂ എന്ന് കാണാം. ചാന്നാര്‍ സമരത്തിനു അരനൂറ്റാണ്ടിനു ശേഷമാണ് മൂലധനം എന്ന കമ്മ്യൂണിസ്റ്റ് വേദം പ്രസിദ്ധീകരിക്കുന്നത്. മാറ് മറക്കല്‍ സമരം കഴിഞ്ഞു എട്ടു വര്‍ഷം കഴിഞ്ഞാണ് മൂലധനം പിറക്കുന്നത്. വേണമെങ്കില്‍, മാറ് മറക്കല്‍ സമരം കാള്‍  മാര്‍ക്‌സിനു പ്രചോദനം നല്കി എന്ന് ഇടതുപക്ഷ ചരിത്രകാരന്മാരെ പോലെ, വസ്തുതകള്‍ വളച്ചൊടിച്ചു വ്യാഖ്യാനിക്കാനും വകുപ്പുണ്ട്. വൈക്കം സത്യാഗ്രഹം  1924 ലും,  ക്ഷേത്ര പ്രവേശന വിളംബരം 1936ലും,  കുറിച്ച്യര്‍ ലഹള 1812ലും ആണ് നടന്നത്. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്ന വസ്തുത, കേരളീയ നവോത്ഥാന പൈതൃകത്തിനു കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായോ, ആശയങ്ങളുമായോ, ഏതെങ്കിലും നേതാക്കളുമായോ പുലബന്ധം പോലും ഇല്ലെന്നതാണ്. ശ്രീനാരായണ ഗുരു മൃതിയടയുന്നത്  കമ്യൂണിസ്റ്റ് ബീജാവാപം നടക്കുന്നതിന്റെ ഒമ്പത് വര്‍ഷം മുമ്പാണ്. വാഗ്ഭടാനന്ദ ഗുരു അന്തരിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച വര്‍ഷം ആണ്. സ്വാമി വിവേകാനന്ദനും പാര്‍ട്ടി രൂപീകരണം നടക്കും മുമ്പേ സ്വര്‍ഗ്ഗം പൂകി. ഇവരെയൊക്കെ എങ്ങിനെയാണ്  കമ്യൂണിസ്റ്റുകാര്‍ അവരുടെ ചരിത്രവുമായി കൂട്ടിക്കെട്ടുന്നത്?
സിപിഎം ചരിത്രരേഖ സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു വസ്തുത, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള, സഹോദരന്‍ അയ്യപ്പന്‍, പി.കേശവദേവ് എന്നിവരുടെ രചനകള്‍ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു എന്നാണ്. ഇവരാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധം ഉള്ളവരായി ആരും ഇന്നേവരെ അവകാശവാദം ഉന്നയിച്ചുകണ്ടിട്ടില്ല. സാക്ഷാല്‍ ഇ.എം.എസ് തന്നെ രേഖപ്പെടുത്തിയ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍, കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഉത്ഭവം ആദ്യം കോണ്‍ഗ്രസ്സും, പിന്നീട് സോഷ്യലിസ്റ്റ് ഗ്രൂപ്പും, അതില്‍ നിന്ന് കമ്യൂണിസ്റ്റ് എന്ന ക്രമത്തില്‍ ആണ്. അതായത്, ഇപ്പറഞ്ഞ എന്തെങ്കിലും ബന്ധം നവോത്ഥാന പ്രസ്ഥാനങ്ങളുമായി ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ട് എങ്കില്‍ അത് കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാണ്. എന്നാല്‍, പില്‍ക്കാല കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്ന സവര്‍ണ്ണ  മേധാവിത്വം ആ പാരമ്പര്യത്തെ തിരസ്‌കരിച്ചതു കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ നവോത്ഥാന പാരമ്പര്യത്തെ ദത്തെടുത്ത് തങ്ങളുടെ ചരിത്രവുമായി ചേര്‍ത്തുവായിച്ചത്. ഒരുപക്ഷെ, നാളെ ഇവര്‍ ശ്രീനാരായണഗുരു കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്ന് വാദിച്ചാല്‍ പോലും അതിശയപ്പെടേണ്ടതില്ല! കാരണം, കമ്യൂണിസ്റ്റുകളെപ്പോലെ ഇന്ത്യന്‍ ചരിത്രം വളച്ചൊടിച്ച വേറൊരു പ്രസ്ഥാനം കണ്ടെത്തുക പ്രയാസമാകും. കോണ്‍ഗ്രസ് പോലും നെഹ്‌റു കുടുംബ മഹാത്മ്യം പാടിയുറപ്പിക്കാന്‍ മാത്രമാണ് ചരിത്രത്തെ വികലമാക്കിയത്. അതേ സമയം കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ ആശയപ്രചാരണത്തിന് വേണ്ടി ചരിത്രം അടിമുടി മാറ്റിയെഴുതിയവര്‍ ആണ്. 
നവോത്ഥാന ചരിത്രം                        
കമ്യൂണിസ്റ്റുകള്‍ ചോരയും നീരും നല്കിയത് കൊണ്ടല്ല നവോത്ഥാന പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. അത് മര്‍ദ്ദിതരുടെ വികാരം ഉള്‍ക്കൊണ്ട് കാലഘട്ടത്തിന്റെ അനിവാര്യതയായാണ് പിറവിയെടുത്തത്. മാത്രമല്ല, സാമുദായിക ഉച്ചനീചത്വം നിമിത്തം ദുരിതമനുഭവിക്കുന്ന ജനലക്ഷങ്ങള്‍ അതിനു പിന്നില്‍ അണിനിരന്നിരുന്നു. കാരണം, അതവരുടെ ജീവന്മരണ പോരാട്ടത്തിന്റെ അനിവാര്യത ആയിരുന്നു. അതിജീവനത്തിന്റെ അത്തരം സമരങ്ങള്‍ ആണ് സമൂഹത്തെ എക്കാലത്തും മുന്നോട്ട് നയിച്ചിട്ടുള്ളത്. അവയൊക്കെ മനുഷ്യന്റെ ജീവിതവുമായി അഭേദ്യമായ ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍, ഇവിടെ ശബരിമല വിഷയത്തില്‍ അത്തരം നവോത്ഥാന മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള എന്തെങ്കിലും വിഷയമുണ്ടോ?  ശബരിമല യുവതീപ്രവേശനത്തില്‍ ലിംഗവിവേചനത്തിന്റെയോ പ്രാകൃത ആചാരത്തിന്റെയോ വിഷയം ഉത്ഭവിക്കുന്നില്ല. ഒരു ക്ഷേത്രത്തിലെ താന്ത്രികചാരത്തിന്റെ ഭാഗം മാത്രമാണത്.
ഇവിടെയാണ് സിപിഎം ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കാന്‍ വീണ്ടും പുറപ്പെടുന്നത്. ഒരുപക്ഷെ, ശബരിമല വാവര്‍ക്ക്  അവകാശപ്പെട്ടതാണ് എന്ന് ഏതെങ്കിലും ജിഹാദി വാദിച്ചാല്‍ സിപിഎം അതും വകവെച്ച് കൊടുക്കും. നവോത്ഥാന നേട്ടങ്ങളെ ബിജെപി പിറകോട്ട് പിടിച്ചു വലിക്കുന്നു  എന്നാണ് ആരോപണം! ശബരിമല വിഷയത്തില്‍ എവിടെയാണ് നവോത്ഥാന പ്രശ്‌നം കടന്നു വരുന്നത്? അവിടെ ദര്‍ശനം നടത്താന്‍ ശ്രമിച്ച സാമൂഹ്യ ദ്രോഹികളുടെ അവകാശവാദം ആണോ ഇവര്‍ ഉന്നയിക്കുന്ന നവോത്ഥാനം? അതോ, നവോത്ഥാന നായകരെ ഇവര്‍ തിരുത്തുകയാണോ? അവര്‍ ജീവന്മരണ സമരത്തിലൂടെ നേടിയെടുത്ത നേട്ടങ്ങളൊന്നും അല്ല നവോത്ഥാനം, അത് ലൈംഗിക അരാജകത്വവും, നിരീശ്വരവാദവും, സാമൂഹ്യ വ്യവസ്ഥയെ തല്ലിയുടക്കലും ആണെന്ന് സ്ഥാപിക്കുകയാണോ ഈ അഭിനവ നവോത്ഥാന പരിഷകളുടെ ഉദ്ദേശ്യം? 
ഒരുപക്ഷെ, നവോത്ഥാന നായകര്‍ ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ പിണറായിമാരെ എറിഞ്ഞോടിക്കുമായിരുന്നു. കാരണം, സമൂഹ നന്മയും, പുരോഗതിയും മുന്നോട്ടുള്ള പ്രയാണത്തില്‍ മുന്നില്‍ കാണുന്ന മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകളെയും നീക്കി പാത വെട്ടി തെളിയിക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍, ഇന്നത്തെ തലമുറയിലെ കമ്യൂണിസ്റ്റുകള്‍ അതിന്റെ ഗുണഭോക്താക്കള്‍ ആകുകയല്ലാതെ, അവരുടെ ത്യാഗത്തെ കുറിച്ച് ചെറിയ ധാരണപോലും ഇല്ലാത്തവരാണ്. അതുകൊണ്ടാണ് നവോത്ഥാനം അവര്‍ തെറ്റായി വായിച്ചു വ്യാഖ്യാനിക്കുന്നത്. അവിടെയാണ്, കുടുംബം, ദാമ്പത്യം, സമൂഹം തുടങ്ങിയ സ്ഥാപനങ്ങളെ തല്ലിയുടച്ച് ചുംബന സമരം, ലൈംഗിക അരാജകത്വം, ലൈംഗികസ്വാതന്ത്ര്യം, നിരീശ്വരവാദം എന്നിവയൊക്കെ നവോത്ഥാന പട്ടികയില്‍ അവര്‍ ഉള്‍പ്പെടുത്തുന്നത്. ഇവയൊക്കെ സ്വതന്ത്ര സ്ഥാപനങ്ങള്‍ ആയി രൂപം കൊണ്ടത് ഏതാനും വര്‍ഷങ്ങള്‍ കൊണ്ടല്ല. ലക്ഷക്കണക്കിന്‌വര്‍ഷങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങളുടെ പിന്‍ബലത്തില്‍ ആണ് കുടുംബം, ദാമ്പത്യം, ലൈംഗിക അച്ചടക്കം, സദാചാരം  എന്നിവക്കൊക്കെ പ്രമാണം ഉണ്ടായത്. അവയൊക്കെ തെറ്റാണെന്നു പറയാന്‍ ഏത് അതിവിപ്ലവകാരിക്കും കഴിയും. പക്ഷെ, അത് സൃഷ്ടിക്കുന്ന അരാജകത്വം നേരിടാന്‍ കെലപില്ലാതെ അവരൊക്കെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടും. അതാണ് പിണറായിമാരെ കാത്തിരിക്കുന്ന ദുരന്തം. 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments