Kesari WeeklyKesari

നോവല്‍ നോവല്‍--തീണ്ടാളന്‍- തിരൂര്‍ ദിനേശ്‌

കാരിരുമ്പിനൊത്ത നിശ്ചയദാര്‍ഢ്യം

on 16 November 2018

''അശ്രീകരങ്ങള്''

തീക്കനലില്‍ ചവിട്ടിയ മട്ടില്‍ പെട്ടെന്നു നിന്ന നമ്പൂതിരി വെറുപ്പോടെ പറഞ്ഞു. ഭൃത്യനെ നോക്കിയിട്ട് വാക്കുകള്‍ ഇങ്ങനെ പൂര്‍ത്തിയാക്കി-

''അകമ്പടി നടക്കണ ആ കോന്തന്‍മാര് അത് കണ്ടില്യേ ആവോ.''

''എന്താണാവോ അവിടുന്ന് നിരൂപിക്കിണെ'' ഭൃത്യന്‍ നമ്പൂതിരിക്ക് ഒന്നും മനസ്സിലായില്ല.

''തനിക്കെന്താടോ, കണ്ണിനു തിമിരം പെട്ടൂന്ന്‌ണ്ടൊ. തോടിന്റെ മറുകരെ നിക്കണ ജന്തുക്കളെ കാണുന്നില്യേ.''

ഭൃത്യന്‍ നമ്പൂതിരി മുഖമുയര്‍ത്തി നോക്കിയപ്പോഴാണ് തോടിനപ്പുറത്ത് നില്‍ക്കുന്ന അയ്യന്‍കാളിയേയും യേശുദാസനേയും കണ്ടത്.

''ശ്രീ പത്മനാഭാ, എന്താ ഈ കാണുന്നേ. ജാതീ വ്യവസ്ഥ ഇല്ല്യാണ്ടാവുന്ന്വോ?'' ഭൃത്യന്‍ നമ്പൂതിരി ഭയപ്പെട്ടു.

അകമ്പടിക്കാരോടൊപ്പം നമ്പൂതിരിക്ക് തടിപ്പാലം കടന്ന് തോടിനപ്പുറം വരേണ്ടതുണ്ടെന്ന് തോന്നിയിട്ടാണ് പാലം കടക്കാതെ അയ്യന്‍കാളി നിന്നത്.

''തമ്പ്രാന്‍ എഴുന്നെള്ളുന്നത് കാണുന്നില്യോടാ.'' തോടിനപ്പുറം നിന്ന് അകമ്പടിക്കാര്‍ വിളിച്ചു ചോദിച്ചു.

''കണ്ടു... ഒതുങ്ങി നിന്നിട്ടുണ്ട്. തമ്പ്രാനും പരിവാരവും കടന്നു പോയിട്ടേ അടിയന്‍ പാലം കടക്കത്തുള്ളു.'' അയ്യന്‍കാളി മറുപടിയും പറഞ്ഞു.

''തമ്പ്രാനെ കണ്ടാല്‍ ഓടിയൊളിക്കേണ്ടവര്‍ ധിക്കാരം പറയുന്നോ?'' അകമ്പടിക്കാര്‍ ക്രൂദ്ധരായി.

അവര്‍ തമ്മില്‍ എന്തോ പറയുന്നുണ്ടെന്നേ നമ്പൂതിരിക്ക് മനസ്സിലായുള്ളു.

''നിങ്ങടെ കയ്യിലെന്തിനാ കുന്തം. അവന്‍മാരെ അടിച്ചുപായിക്ക്യാ.''

നമ്പൂതിരി ഈര്‍ഷ്യപെരുകി ഉറക്കെ വിളിച്ചു പറഞ്ഞു.

അയ്യന്‍കാളിയെ അടിച്ചോടിക്കാന്‍ അകമ്പടിക്കാര്‍ ധൃതിപ്പെട്ട് പാലം കടക്കുമ്പോള്‍ തോട്ടില്‍ വീഴുമോ എന്നു ഭയക്കുന്നതു കണ്ട് അയ്യന്‍കാളി പരിഹാസമട്ടില്‍ പറഞ്ഞു-

''ധൃതിപ്പെടാതെ വാങ്കോ. അല്ലാനാ കീളെ പൊത്തിടുവേന്‍.''

അയ്യന്‍കാളിയുടെ കളിയാക്കല്‍ അവരെ രോഷം കൊള്ളിച്ചു.

''ഓടി രക്ഷപ്പെടപ്പാ, അല്ലെങ്കില്‍ അവന്‍മാരുതല്ലിക്കൊല്ലും.'' യേശുദാസന്‍ പരിഭ്രമത്തോടെ പറഞ്ഞു.

''എതുക്ക് ഓടണം?'' കാളി അങ്ങനെ പറഞ്ഞിട്ട് അയാളെ കനപ്പിച്ചൊന്നു നോക്കി. അപ്പോഴേക്കും അകമ്പടിക്കാര്‍ കാളിയുടെ സമീപം എത്തിക്കഴിഞ്ഞിരുന്നു. അവര്‍ യേശുദാസനെ നോക്കി. കഴുത്തില്‍ കുരിശുമാല കണ്ടു.

''ഓ, നീ ക്രിസ്ത്യാനിയാണല്ലെ. കുഴപ്പമില്ല.'' യേശുദാസന്‍ പിന്നാക്കം മാറി. രണ്ടാമത് അവരുടെ തീക്ഷ്ണ നോട്ടം പതിച്ചത് അയ്യന്‍കാളിയിലാണ്.

''നിന്റെ കഴുത്തില്‍ കുരിശുമാലയൊന്നും കാണുന്നില്ലല്ലോടാ...'' ഒരാള്‍ ആക്രോശിച്ചു.

''ഞാന്‍ പുലയനാ.'' അയ്യന്‍കാളി അഭിമാനത്തോടെ പറഞ്ഞു.

''ക്രിസ്ത്യാനിയോടൊപ്പം നടന്നുവെന്നാലും മേല്‍ജാതിക്കാരെ കണ്ടാല്‍ പുലയന്‍ ഓടിയൊളിക്കണമെന്ന് അറിയില്യോടാ.''

''എതുക്ക് ഓടണം. തമ്പ്രാന്റെ വല്ലമുതലും ഏന്‍ മോട്ടിച്ചോ?''

അകമ്പടിക്കാര്‍ ഞെട്ടിപ്പോയി. ഒരു പുലയന്‍ ധിക്കാരം പറയുന്നു!

''നിന്നെ ഞങ്ങളിന്നു ശരിയാക്കുമെടാ'' ആക്രോശത്തോടെ രണ്ടുപേരുടേയും കയ്യിലെ വടി ഉയര്‍ന്നുതാണെങ്കിലും വടികളില്‍ പിടിമുറുക്കി അയ്യന്‍കാളി ശാന്തമായി ചോദിച്ചു -

''ഒതയ്ക്കറുത്ക്ക് മുന്നാടി ഏന്‍ ശെയ്തതപ്പ് എന്നാതെന്നു ശൊല്ലുങ്കോ.''

ഒരഭ്യാസിയെപോലെ വടികള്‍ പിടിക്കുക മാത്രമല്ല അവ ബലമായി താഴ്ത്തുകയും ചെയ്തപ്പോള്‍ അകമ്പടിക്കാര്‍ പതറിപ്പോയി. അസാമാന്യ ധൈര്യം! അവര്‍ വിചാരിച്ചു.

''പുലയനായ നിയ്യ് ജാത്യാചാരം ലംഘിച്ചു. അതിനുള്ള ശിക്ഷ മുക്കാലിയില്‍ കെട്ടിയുള്ള അടിയാണ്. മേല്‍ജാതിക്കാരെ കണ്ടാല്‍ ഓടിയൊളിക്കണമെന്ന വ്യവസ്ഥ ലംഘിച്ചിരിക്കുന്നു.''

അയ്യന്‍കാളി ഉറക്കെ ചിരിച്ചു. എന്നിട്ടു പറഞ്ഞു-

''അത് ഒരു തപ്പഅല്ല തമ്പ്രാന്‍മാരെ. എങ്കള്‍ക്കും നമ്പൂതിരി തമ്പ്രാനും മനുഷ്യജാതിയല്യോ. എങ്കള്‍ക്ക് കുടുമയും പൂണൂലുമില്ല. ഏന്‍ കറുത്തവന്‍. തമ്പ്രാന്‍ വെളുത്തത്. അത് തൈവ തീരുമാനം.''

''അതെ ആ കറുപ്പും വെളുപ്പും രണ്ടു ജാതിയുടെ അടയാളമാണ്. വെളുത്തവന്‍ ഉത്തമന്‍. കറുത്തവന്‍ നീചന്‍''

ഉറക്കെ ചിരിച്ച അയ്യന്‍കാളിയെ അകമ്പടിക്കാര്‍ തുറിച്ചുനോക്കി.

''നീ ഓടി ഒളിക്കുന്നോ ഞങ്ങളെക്കൊണ്ട് തല്ലി ഓടിപ്പിക്കണോ?'' അകമ്പടിക്കാരിലൊരാള്‍ സ്വരം കനപ്പിച്ച് ചോദിച്ചു. 

''മേല്‍ജാതിക്കാരെ കണ്ടാല്‍ ഓടിയൊളിക്കുന്നവരുണ്ട്. ഞാനും ഓടി ഒളിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓടിയൊളിക്കാറില്ല ഈ അയ്യന്‍കാളി.''

അയ്യന്‍കാളിയെന്ന പേരുകേട്ടയുടന്‍ അകമ്പടിക്കാര്‍ ഒന്നു ഞെട്ടി.

''നീ, അയ്യന്‍കാളി?'' അകമ്പടിക്കാര്‍ നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു.

''അതെ, നാന്‍ താന്‍ അയ്യന്‍കാളി. പുലയര്‍ക്ക് പൊതുവഴി നടപ്പിന് അവകാശമുണ്ടെന്നു വാദിക്കുന്നവന്‍. പൊതുവഴി നടന്നവന്‍.... അന്ത ആള് നമ്പൂതിരി തമ്പ്രാനെ കണ്ടാല്‍ ഓടി മറയണമാ?''

യേശുദാസനും അമ്പരന്നു. അത്രയും നേരം തന്നോടൊപ്പമുണ്ടായിരുന്നത് അയ്യന്‍കാളിയാണെന്നറിഞ്ഞ യേശുദാസന്‍ ഭയഭക്തിയോടെ കാളിയെ നോക്കി. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി അകമ്പടിക്കാര്‍.

''തമ്പ്രാന്‍ പാലം കടന്നു പോകട്ടെ. അല്ലാനാ അദ്ദേഹം ഏന്റെ വഴി തടയാതെ മാറിപോകട്ടും.'' അയ്യന്‍കാളി ശാന്തമായിപ്പറഞ്ഞു.

തോടിന്റെ ഒരു കരയില്‍ മേല്‍ജാതിക്കാരനും മറുകരയില്‍ താണജാതിക്കാരനും. അവര്‍ക്ക് കടന്നുപോകാന്‍ ജാതിയും വര്‍ണ്ണവും ജീവനുമില്ലാത്ത ഒരു കല്‍പ്പവൃക്ഷത്തടിയും. ഇവിടെ ജയിക്കുന്നത് ആരായിരിക്കും? യേശുദാസന്‍ ചിന്തിച്ചു. 

അയ്യന്‍കാളിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അകമ്പടിക്കാര്‍ ശരിക്കും പതറിപ്പോയി.

''നമ്മളിനി എന്തു ചെയ്യും.''അകമ്പടിക്കാരിലൊരാള്‍ സ്വരം താഴ്ത്തി കൂടെയൂള്ള ആളോടു ചോദിച്ചു.

''നമ്മുടെ കയ്യിലെ ദണ്ഡിനേക്കാള്‍ കരുത്തുണ്ട് കാരിരുമ്പിനൊത്ത കാളി. പുലയജാതിയിലെ ഉരുക്കുമനുഷ്യനോട് ഏറ്റുമുട്ടുമ്പോള്‍ സംഘബലം വേണമെന്ന പൊതു ധാരണയുണ്ടല്ലോ.''

നിസ്സഹായരായ അകമ്പടിക്കാര്‍ തടിപ്പാലം കടന്ന് നമ്പൂതിരിയുടെ അടുത്തെത്തി. 

''എന്താ ഉണ്ണാമന്‍മാരെ, ചുമ്മാ പോന്നത്. അവന്റെ കയ്യും കാലും തല്ലിയൊടിക്കാനാവാതെ കൈവിറച്ചോ?'' നമ്പൂതിരി തെല്ലുപരുഷമായി ചോദിച്ചു. 

''ഞങ്ങള്‍ അവരോടു കയര്‍ത്തു. അതിലൊരുത്തന്‍ കിസ്ത്യാനി. മറ്റൊരുത്തന്‍ പുലയന്‍. പുലയന്റെ ദേഹത്ത് ദണ്ഡുപതിഞ്ഞാല്‍ അവന്‍ ഞങ്ങളെ ചുരുട്ടിക്കൂട്ടും.'' അകമ്പടിക്കാരിലൊരാള്‍ തൊഴുത് ഉണര്‍ത്തിച്ചു. 

''ഉം, എന്താ അവനു കൊമ്പുണ്ടോ?''

''പുലയര്‍ ഊര്‍പിള്ളയായി വാഴ്ത്തുന്ന അയ്യന്‍കാളിയാണു തമ്പ്രാ, അവന്‍.''

അയ്യന്‍കാളിയെന്ന പേരുകേട്ടപ്പോള്‍ നമ്പൂതിരിയുടെ മുഖത്തൊരു നടുക്കമുണ്ടായി. എന്നിട്ട് സംശയത്തോടെ ചോദിച്ചു-

''അവനല്ലേ പരസ്യമായി പൊതുവഴി നടന്നത്?''

''അതെ തമ്പ്രാ.''

തോടിനപ്പുറത്തേക്ക് കണ്ണയച്ച് നമ്പൂതിരി അയ്യന്‍കാളിയെ തറപ്പിച്ചുനോക്കി. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു-

''പൊതുവഴി നടപ്പുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവനെ കാണാതിരിപ്പാന്‍ നമ്പൂരാര് ഇല്ലത്തുനിന്നും വെളിയിലേക്കിറങ്ങിയില്ല. പൊതുവഴി നടപ്പ് വിരോധിക്കുന്നതില്‍ പരാജയവും സംഭവിച്ചു.''

ഭൃത്യനെ നോക്കിയിട്ട് നമ്പൂതിരി പിറുപിറുത്തു.

''വില്ലുവണ്ടിയില്‍ പോയാല്‍ മതിയായിരുന്നു. വിനാശകാലേ വിപരീത ബുദ്ധി. അല്ലാതെന്തുപറയാന്‍. ഇല്ലത്തു കയറണമെങ്കില്‍ ഇനി മുങ്ങിക്കുളിക്കണം. ശകുനപ്പിഴ!''

''ഇനിയെന്തു ചെയ്യും?'' അകമ്പടിക്കാര്‍ ചോദിച്ചു.

''ആ ധിക്കാരി ഓടിയൊളിക്കുമെന്ന് തോന്നുന്നില്ല. അവന്റെ അരികത്തുകൂടി കടന്നുപോകാനും വയ്യ. ഒരു കാര്യം ചെയ്യാം, തോട്ടുവരമ്പിലൂടെ നേരെയങ്ങുപോവാം.'' നമ്പൂതിരി പറഞ്ഞു.

അകമ്പടിക്കാര്‍ നടന്നു.

കാളിയെ ഭയപ്പെട്ട് ആഢ്യന്‍ നമ്പൂതിരി വഴിമാറി പോകുന്നു! യേശുദാസന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തൊഴുകയ്യോടെ അയ്യന്‍കാളിയോടു പറഞ്ഞു-

''അറിഞ്ഞില്ല... ഈ ആള്‍ അയ്യന്‍ കാളിയാണെന്ന്.... കേട്ടിട്ടുണ്ട്, ധാരാളം.''

''പുലയരുടെ സംഘബോധമില്ലായ്മയും ധൈര്യക്കുറവുമാണ് ആ സമുദായത്തിന്റെ ദുരിതകാരണം. നിങ്ങളെപ്പോലെ മേലാളന്‍മാരെ പേടിച്ചു മതംമാറിയവര്‍ മതംമാറാത്തവരെ കൂടുതല്‍ ഭയചകിതരാക്കുന്നു.''

മരപ്പാലം കയറി അവര്‍ മറുകരയിലെത്തി.

ഇടയ്ക്ക് വച്ച് യേശുദാസന്‍ വഴി പിരിഞ്ഞു. അയ്യന്‍കാളി പിന്നേയും ഒട്ടനവധി ദൂരം നടന്നു. അയ്യന്‍കാളി ശാസ്താംവിള കോവിലിലെത്തി. അവിടെയുള്ള പെരുവഴിയില്‍ നിന്നു ചുറ്റും കണ്ണോടിച്ചു. നാലഞ്ചു ക്രിസ്ത്യന്‍ പള്ളികള്‍ കണ്ടു. മൂന്നാലു പേര്‍ നടന്നു വരുന്നത് ആശ്വാസമുണ്ടാക്കി.

''വൈകുണ്ഠസ്വാമികളുടെ...'' അവര്‍ അടുത്തെത്തിയപ്പോള്‍ കാളി ചോദിച്ചു.

''കൊഞ്ചം കൂടി മുന്നാടി പോങ്കോ.'' വാക്കുകള്‍ പൂര്‍ത്തിയാക്കും മുമ്പ് അവരിലൊരാള്‍ ഇടയ്ക്ക് കയറിപ്പറഞ്ഞു. 

അയ്യന്‍കാളി അവര്‍ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് നടന്നു.

ആദ്ധ്യാത്മികത മുറ്റിനില്‍ക്കുന്ന വൈകുണ്ഠസ്വാമികളുടെ കേന്ദ്രത്തിലെത്തിയ അയ്യന്‍കാളി അപരിചിതത്വത്തോടെ നിന്നു. അതുവരെ അനുഭവപ്പെടാത്ത ആത്മനിര്‍വൃതി കാളിക്കുണ്ടായി.

''എന്നപ്പാ കുന്തം പോലെ നിക്കറത്.'' കാളി തിരിഞ്ഞു നോക്കി. നരച്ച താടിയും മുടിയുമുള്ള ഒരു വൃദ്ധന്‍. ശുഭ്രവസ്ത്രധാരിയായ അയാള്‍ക്ക് എഴുപതുവയസ്സു തോന്നിക്കും. പുഞ്ചിരി തൂകി നില്‍ക്കുന്ന ശുഭ്രവസ്ത്രധാരിയെ അയ്യന്‍കാളി തൊഴുതു. എന്നിട്ടുചോദിച്ചു-

''ഇതു താനല്യോ വൈകുണ്ഠസ്വാമികളുടെ....''

''അതെയതെ. ഉങ്കള് ഏതു നാട്ടുകാരന്‍''. 

''കാളിയെന്നു പേര്. അയ്യന്‍കാളിയെന്ന് എല്ലാവരും വിളിക്കും.''

''എതുക്ക് വന്തേന്‍?, വണങ്കറുത്ക്കാ?''

''അതെയതെ''

''ചെന്നു വണങ്കപ്പാ''

വൃദ്ധന്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് അയ്യന്‍കാളി ചെന്നു.

''ഏയ്...''

കാളി തിരിഞ്ഞുനോക്കി. വൃദ്ധന്‍ വേഗം അടുത്തേക്ക് വന്നിട്ടു ചോദിച്ചു-

''തലപ്പാവെങ്കെടാ....'' കാളി തല ഉഴിഞ്ഞ് അമ്പരപ്പോടെ തിരക്കി-

''തലപ്പാവോ, എന്നാത്തിന്? മേല്‍ജാതിക്കാരും പ്രമാണികളുമല്യോ തലപ്പാവുവെക്കുക.''

വൃദ്ധന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഫലിതം കേട്ട ലാഘവത്തില്‍ ചോദിച്ചു-

''ആര് പെരിയവന്‍... എന്നടാ തമ്പി ശിന്ന പയ്യനെ പോലെ തലയില്ലായ്ക സൊല്ലറത്?''

അയ്യന്‍കാളിക്ക് മറുപടിക്ക് വാക്കുകള്‍ കിട്ടിയില്ല. വൃദ്ധന്‍ തുടര്‍ന്നു-

''പെരിയവന്‍ ഒരേയൊരാള്‍ മാത്രം. അത് സാക്ഷാല്‍ കടവുള്‍. തലപ്പാവു വെക്കാതെ ഇങ്കെവണങ്കിക്കൂടാത്.''

അയ്യന്‍കാളിക്ക് അമ്പരപ്പും കൗതുകവും വര്‍ദ്ധിച്ചു. ഇത്, ജീവിതത്തിലെ പുതിയ പാഠം!

''ഇങ്കെ നില്ല്... നാനിപ്പം വന്തിടുവേന്‍.''

വൃദ്ധന്‍ അങ്ങനെ പറഞ്ഞ് വേഗം തിരിച്ചുപോയിട്ട് അതേ വേഗത്തില്‍ തിരികെയെത്തി. അയാളുടെ കയ്യില്‍ ഒരു ശീലയുണ്ടായിരുന്നു. ''ആദ്യമായിട്ടായിരിക്കും ഇങ്കെ വരുന്നത്.'' ചെറുചിരിയോടെ പറഞ്ഞിട്ട് വൃദ്ധന്‍ അയ്യന്‍കാളിക്ക് ഒരു ശീലനീട്ടി-

''തലപ്പാവു കെട്ടുങ്കോ.''

''തലപ്പാവോ!  ''അയ്യന്‍കാളിയുടെ മുഖത്ത് പിന്നേയും അമ്പരപ്പുണ്ടായി.

''പതിയില്‍ തൊഴണമെങ്കില്‍ തലപ്പാവു കെട്ടണം. ഇത് വൈകുണ്ഠസ്വാമി തിരുവടികളുടെ നിശ്ചയം.''

അയ്യന്‍കാളി ഒന്നു മടിച്ചു. തലപ്പാവു കെട്ടിയ വേറെ ചിലരേയും കണ്ടു.

വൃദ്ധന്‍ അയ്യന്‍കാളിയുടെ തലയില്‍ തലപ്പാവുകെട്ടിക്കൊടുത്തു. എന്നിട്ട് ആ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു-

''റൊമ്പ ജോറാരുക്ക്. ഉങ്കള്‍ക്ക് ഈ തലപ്പാവ് ചേരും. കിരീടം വെച്ച രാസാവിനെപോലെ.''

അയ്യന്‍കാളി പതിയിലേക്ക് നടന്നു. അവിടെതൊഴുതു മടങ്ങുന്നവരും തലപ്പാവുധരിച്ചിരുന്നു.

പതിയില്‍ കണ്ടത് ഉയരമുള്ള കണ്ണാടിയായിരുന്നു വിഗ്രഹം കണ്ടില്ല. തൊഴുതുനിന്ന അയ്യന്‍കാളിയുടെ പ്രതിരൂപം കണ്ണാടിയില്‍ പ്രതിഫലിച്ചു.

മൗനപ്രാര്‍ത്ഥന നടത്തി മടങ്ങുമ്പോള്‍ വൃദ്ധന്‍ അയ്യന്‍കാളിയെ കാത്തുനിന്നിരുന്നു. 

''പതിയില്‍ കണ്ണാടി മാത്രം വിഗ്രഹം കാണാനില്ല.'' അയ്യന്‍കാളി തന്റെ സംശയം വൃദ്ധനോടു പങ്കുവെച്ചു.

''കടവുകള്‍ എല്ലായിടത്തുമുണ്ട്. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും. നമ്മുടെ മനസ്സിലും ആ ശക്തിയിരുക്ക്. കണ്ണാടിയില്‍ നോക്കിയാല്‍ കിട്ടുന്നത് തത്ത്വബോധമാണ്. ആത്മജ്ഞാനമാണ്. തത്ത്വമസി എന്ന പൊരുള്‍.''

വൃദ്ധന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അയ്യന്‍കാളി സംശയിച്ചു. പുലയരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനപദ്ധതികള്‍ തേടിയാണ് ഇവിടെ വന്നത്. ഇവിടെ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത് ആദ്ധ്യാത്മീക ഉപദേശമാണല്ലോ!

''എന്നപ്പാ, ചിന്തിക്കറുത്?'' അയാള്‍ ചോദിച്ചു.

''പറയാം.''

അയ്യന്‍കാളി മെല്ലെ നടന്നു. പിന്നാലെ വൃദ്ധനും.

''മുന്നേ പറഞ്ഞല്ലോ. പുലയജാതിയില്‍ ജനിച്ചവനാണു ഞാനെന്ന്. പുലയര്‍ അടക്കമുള്ള താണജാതിക്കാര്‍ അനുഭവിക്കുന്ന ദുരന്തങ്ങളും ദുരിതങ്ങളും എന്നെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട്. അയിത്തം കേരളത്തില്‍ താണ ജാതിക്കാരില്‍ നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. അയിത്തം അവസാനിപ്പിക്കണം. മേല്‍ജാതിക്കാരെ ഭയക്കാതെ മനുഷ്യരെപോലെ പൊതുവഴി നടക്കാന്‍ കഴിയണം. പുലയര്‍ക്ക് മനോവീര്യം പകര്‍ന്നുകൊണ്ട് തിരുവിതാംകൂറിലെങ്ങും പുലയജാതികളെ സജ്ജരാക്കി. പൊതുവഴി നടക്കാനുള്ള അവകാശം പ്രഖ്യാപിച്ച് പരസ്യമായി പൊതുവഴി നടന്നു. എന്റെ പ്രവര്‍ത്തനം മേല്‍ജാതിക്കാരെ, ജന്‍മിമാരേയും അസ്വസ്ഥമാക്കിയിട്ടുണ്ട്. പള്ളിക്കൂടത്തില്‍ പഠിക്കാനും പൊതുവഴി നടക്കാനുമൊക്കെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാന്‍ ശക്തമായ പ്രവര്‍ത്തനം നടത്താനിരിക്കുമ്പോഴാണ് വൈകുണ്ഠസ്വാമി തിരുവടികളെക്കുറിച്ചു കേട്ടത്. ഇവിടെയെത്തി അദ്ദേഹത്തെ പൂര്‍ണ്ണമായി പഠിക്കുകയായിരുന്നു ലക്ഷ്യം.''

അയ്യന്‍കാളി പറഞ്ഞത് സൂക്ഷ്മതയോടെ കേട്ട വൃദ്ധന്‍ ചോദിച്ചു-

''ഞാനും മലയാളിയാണ്. ഇവിടെ വന്നിട്ട് ഏറെ കാലമായി. എനിക്കൊരു സംശയം. അയ്യന്‍കാളി പള്ളിക്കൂടം കണ്ടിട്ടില്ല. എന്നിട്ടും എങ്ങനെയാണ് ഇങ്ങനെ വടിവൊത്ത് സംസാരിക്കാന്‍ കഴിയുന്നത്.''

കാളി പുഞ്ചിരിച്ചു. എന്നിട്ടുപറഞ്ഞു-

''പലരും ഇതേ പ്രകാരം ചോദിച്ചിട്ടുണ്ട്. ചിലരോടൊക്കെ സംസാരിക്കുമ്പോള്‍ വാക്കുകള്‍ അങ്ങനെ ഒഴുകി വരുന്നു. ചിലപ്പോള്‍ തമിഴും. ഇതെങ്ങനെയെന്ന് തെരിയലെ.''

''വരൂ''

വൃദ്ധന്‍ അയ്യന്‍കാളിയെ കൂട്ടിക്കൊണ്ടു പോയി.

ഒരു കിണറിനു സമീപമാണ് അവരെത്തിയത്.

''കാളീ, ഈ കിണറിനെ മുന്തിരിക്കിണര്‍ എന്നു പറയും''

''മുന്തിരിക്കിണര്‍?!''

''അതെ, തൊട്ടുകൂട്ടാത്തവനും തീണ്ടിക്കൂടാത്തവനും ദൃഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവനും കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കാന്‍ പോലും അവകാശമില്ല. അങ്ങനെയുള്ളവര്‍ക്ക് ആരേയും ഭയക്കാതെ ഇതില്‍ നിന്നും വെള്ളം കോരിക്കുടിക്കാം. പതിയില്‍ ചെന്നു തൊഴാം. ഇതെല്ലാം വൈകുണ്ഠസ്വാമി തിരുവടികള്‍ സ്ഥാപിച്ചതാണ്.''

അയ്യന്‍കാളിക്ക് കേട്ടതൊക്കെ അവിശ്വസനീയമായിത്തോന്നി.

''പതി?'' കാളി നെറ്റി ചുളിച്ചു.

''പതി ക്ഷേത്രമാണ്. താണജാതികള്‍ക്ക് പ്രാര്‍ത്ഥിക്കാനും ആരാധിക്കാനുമുള്ളത്. തിരുവടികള്‍ ഇതുപോലെ അഞ്ച് പതികള്‍ സ്ഥാപിച്ചിട്ടുണ്ട്.''

''വൈകുണ്ഠസ്വാമികളെക്കുറിച്ച് കൂടുതല്‍ പറഞ്ഞുതരാമോ.'' അയ്യന്‍കാളി ചോദിച്ചു.

''ഇരുപത്തൊമ്പത് വര്‍ഷം മുമ്പാണ് തിരുവടികള്‍ സ്വര്‍ഗ്ഗസ്ഥനായത്...'' ദീര്‍ഘനിശ്വാസത്തോടെ അങ്ങനെ പറഞ്ഞിട്ട് വൃദ്ധന്‍ തുടര്‍ന്നു.

''നമുക്ക്, കുറച്ചപ്പുറം മാറിയിരിക്കാം.''

അവര്‍ പതിയുടെ സമീപത്തുള്ള വൃക്ഷച്ചുവട്ടിലേക്ക് നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments