Kesari WeeklyKesari

ബാലഗോകുലം

വെറ്റിലച്ചെല്ലം--ഹരീഷ് ആര്‍.നമ്പൂതിരിപ്പാട്

on 21 September 2018

''അപ്പൂ... മുത്തശ്ശന്റെ വെറ്റിലച്ചെല്ലം... ഒന്നെടുത്തോണ്ട് വരൂ...'' ഊണുകഴിഞ്ഞ് പൂമുഖത്ത് എത്തിയ മുത്തശ്ശന്‍ വിളിച്ചുപറഞ്ഞത് കേട്ട് അപ്പു ചെല്ലവുമായി
ഓടിച്ചെന്നു...
മുത്തശ്ശന്, അത് മുത്തശ്ശന്റെ മുത്തശ്ശന്‍ സമ്മാനിച്ചതാണ്. നൂറിലേറെ വര്‍ഷം പഴക്കമുണ്ട്. എന്നാല്‍ മുത്തശ്ശന്‍ നിധിപോലെ സൂക്ഷിക്കുന്ന ആ ചെല്ലത്തിന് ഇപ്പോഴും പൊന്നിന്റെ നിറമാണ്. രണ്ട് ആനകളുടെ രൂപവും, പിന്നെ കുറേ ചിത്രപ്പണികളുമുള്ള ആ ചെല്ലപ്പെട്ടിയ്ക്ക് മൂന്ന് അറകളുണ്ട്. നടുക്ക് വെറ്റില വെക്കാനുള്ള വലിയ അറ. വലതുവശത്തെ, ചെറിയ അടപ്പോടുകൂടിയ അറയില്‍, ചെറുതായി നുറുക്കിയ അടയ്ക്കയും ഇടതുവശത്ത് കുറച്ചുകൂടി വലിപ്പമുള്ള കള്ളി, രണ്ടായി തിരിച്ചിരിയ്ക്കുന്നു, മുക്കാല്‍ 
ഭാഗമുള്ള കള്ളിയില്‍ നിറയെ പുകയില, ചെറിയ കള്ളിയില്‍ ചുണ്ണാമ്പ്. ഒരു മടക്കു പിച്ചാത്തിയും ഉണ്ട് 
മുത്തശ്ശന്.''
രണ്ടായി മടക്കാവുന്ന ഉരുക്കുകത്തിയുടെ പിടി പിച്ചള കെട്ടിയിരിക്കുന്നു. എറണാകുളത്തിനടുത്ത് തോട്ടറ എന്ന സ്ഥലത്തുണ്ടാക്കിയതാണ് 
ഈ കത്തി - മുത്തശ്ശന്‍ അഭിമാനത്തോടെ പറയും. മുറുക്കിയശേഷം, തുപ്പാന്‍, പിച്ചളകൊണ്ട് ഉണ്ടാക്കിയ കോളാമ്പിയുമുണ്ട്. ഓടുകൊണ്ട് നിര്‍മ്മിച്ച, കോളാമ്പി, തേച്ചുമിനുക്കി സൂക്ഷിച്ചു വച്ചിരിക്കുന്നത് 
എടുക്കാറില്ല.
അപ്പുവിന്റെ വീട്ടില്‍, ഓട് കൊണ്ട് നിര്‍മ്മിച്ച നിരവധി പാത്രങ്ങളുണ്ട്.
ഓട് കൊണ്ട് നിര്‍മ്മിച്ച, ചതുരപ്പെട്ടിയില്‍ ചിരട്ടക്കരിനിറച്ച്, ഉപയോഗിക്കുന്ന തേപ്പ് പെട്ടി ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.
കൂടുതല്‍ ചുണ്ണാമ്പ്, അഥവാ നൂറ് സൂക്ഷിച്ചുവയ്ക്കുന്ന ഓടുകൊണ്ടുള്ള കൂജയാണ് നൂറ്റുകുടം. വിസ്താരം കുറഞ്ഞ കഴുത്തോടു കൂടിയ ഈ കുടത്തില്‍ നിന്നും, നീളമുള്ള കമ്പി ഉപയോഗിച്ച് നൂറ് കോരിയെടുക്കുന്നു, കുടത്തിന്റെ കഴുത്തില്‍ ചങ്ങലയില്‍ കോര്‍ത്ത് ബന്ധിച്ചാണ് ഈ കോല് സൂക്ഷിയ്ക്കുക.
കത്രികപോലെയുള്ള, അടയ്ക്കാക്കത്തി ഉണ്ടെങ്കിലും മുത്തശ്ശന്, ചെല്ലത്തിലെ കത്തിയോടാണ് പ്രിയം.
പൂക്കള്‍ നിറയ്ക്കുന്ന പിച്ചളപ്ലേറ്റ് അഥവാ പൂപ്പാലിക, വെറ്റില നിരത്തിവെയ്ക്കുന്ന പിച്ചളത്താമ്പാളം എന്നിവയും ഉണ്ട്.
വൃത്താകൃതിയിലുള്ള ഒരു ഉയരം കൂടിയ പാത്രമാണ് കിണ്ടി. അതിന്റെ വയറ് പോലെയുള്ള ഭാഗത്ത് ഒരു കുഴലും ഉണ്ട്.
ഈ പുരാതനവസ്തുക്കള്‍ ഒന്നും കേടുവരുത്താതെ തേച്ചുമിനുക്കി സൂക്ഷിച്ച് വച്ചിട്ടുണ്ട് മുത്തശ്ശന്‍ എന്നത് അപ്പുവിനും അഭിമാനമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments