Kesari WeeklyKesari

അനുസ്മരണം

സംഘത്തെ ഉപാസിച്ച നിത്യസഞ്ചാരി- മുരളി പാറപ്പുറം

on 21 September 2018
Kesari Article

പ്പോഴാണ് രാമനാഥ്ജിയെ ആദ്യമായി കണ്ടതെന്ന് കൃത്യമായി ഓര്‍ക്കാനാവുന്നില്ല. എണ്‍പതുകളുടെ തുടക്കത്തിലായിരിക്കണം. ഏതോ ഒരു സംഘപരിപാടിയിലായിരുന്നു അത്. 1985മുതല്‍ ഈ ലേഖകന്‍ ആര്‍എസ്എസ് പ്രചാരകനായിരിക്കെ ദീര്‍ഘമല്ലാത്ത ഇടവേളകളില്‍ രാമനാഥ്ജിയെ കണ്ടുകൊണ്ടിരുന്നു. പിന്നീട് എറണാകുളം എളമക്കരയിലെ പ്രാന്തകാര്യാലയമായ മാധവനിവാസില്‍ താമസിച്ച പത്ത് വര്‍ഷക്കാലത്താണ് രാമനാഥ്ജി എന്ന വ്യക്തിയേയും, എസ്. രാമനാഥന്‍ എന്ന ആര്‍എസ്എസ് പ്രചാരകനെയും അടുത്തറിയാന്‍ കഴിഞ്ഞത്. ഈ അടുത്തറിയല്‍ തികച്ചും ആപേക്ഷികമാണെന്നും പറയട്ടെ.
സംഘപ്രസ്ഥാനങ്ങളുടെ പൊതുധാരയില്‍ നിലയുറപ്പിക്കുമ്പോഴും ഒട്ടനവധി സവിശേഷതകളുള്ള വ്യക്തിത്വമായിരുന്നു രാമനാഥ്ജി. വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും അത് പ്രകടമായി. ലളിതവും വൃത്തിയുള്ളതുമായ വേഷം ധരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി കാണാം. കട്ടികുറഞ്ഞ തുണികൊണ്ട് തുന്നിയ ജുബ്ബപോലുള്ളതായിരുന്നു മേല്‍വസ്ത്രം. കടുംകളറുകള്‍ ഒഴിവാക്കി. ഒറ്റമുണ്ടാണ് ഉപയോഗിക്കുക. കാലം മാറുന്നതനുസരിച്ച് ഇക്കാര്യത്തില്‍ മാറ്റം വരുത്തിയില്ല.
കുറ്റിത്തഴച്ച കോലന്‍ തലമുടി, കട്ടിഫ്രെയ്മുള്ള കണ്ണട, പോക്കറ്റിലൊരുപേന, ചൂഴ്ന്നുനോക്കുന്ന കണ്ണുകള്‍, ക്ലീന്‍ഷേവ്, തോള്‍സഞ്ചി, കാലന്‍കുട, ഒതുക്കമുള്ള ചെരുപ്പ്. ഇക്കൂട്ടത്തില്‍ പിന്നീടെപ്പോഴോ ഒരു മൊബൈല്‍ ഫോണും സ്ഥാനംപിടിച്ചു. ഇത്രയുമാണ് രാമനാഥ്ജിയുടെ രേഖാചിത്രം. മുഷിഞ്ഞ വേഷങ്ങള്‍ ഒരിക്കലും ധരിച്ചുകണ്ടിട്ടില്ല. പഴകിത്തേഞ്ഞ ചെരുപ്പുകളും ഉപയോഗിക്കാറില്ല. എപ്പോഴും വളരെ മിതമായാണ് ഭക്ഷണം. ഭക്ഷണവിഭവങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും കഴിക്കുന്നതിലുമുണ്ടായിരുന്നു മിതത്വവും അഭിരുചിയും. സ്വാദിഷ്ടമെന്ന് പൊതുവെ കരുതപ്പെടുന്നതാണെങ്കിലും വേണ്ട എന്ന് തീര്‍ത്തുപറയും. ഇഷ്ടപ്പെട്ട ഭക്ഷണം സ്വന്തമായി തയ്യാറാക്കുന്നതിലായിരുന്നു താല്‍പ്പര്യം. താനുണ്ടാക്കുന്ന ഭക്ഷണം 'കഴിച്ചുനോക്ക്' എന്നുപറഞ്ഞ് അടുപ്പമുള്ളവരുമായി പങ്കുവയ്ക്കും.
സംഘത്തിന്റെ ആശയവും ആദര്‍ശവും രാമനാഥ്ജി മൗലികമായിത്തന്നെ ഉള്‍ക്കൊണ്ടിരുന്നു. ഏതു കാര്യത്തിലും തന്റേതായ യുക്തികളാവും മുന്നോട്ടുവയ്ക്കുക. മറ്റുള്ളവര്‍ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ലാതെ തര്‍ക്കിക്കുന്നതുകേട്ടാല്‍ വഴക്കുകൂടുകയാണെന്നേ തോന്നൂ. എന്നാല്‍ ഇതിനിടെ ആരെങ്കിലും ഒരു തമാശ പറഞ്ഞാല്‍ പരിസരം മറന്ന് പൊട്ടിച്ചിരിക്കും. ഇണങ്ങാനും പിണങ്ങാനും അധികം നേരം വേണ്ട. പക്ഷേ സ്‌നേഹത്തിന്റെ അടിയൊഴുക്ക് ശക്തമായിരിക്കും. വായന മൗലികമായിരുന്നു. അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങളും പ്രകടിപ്പിക്കും. ചിലപ്പോള്‍ ഇത് വളരെ നിശിതവുമായിരിക്കും.
നിരന്തര സഞ്ചാരിയായിരുന്നു രാമനാഥ്ജി. പ്രചാരകജീവിതം ഇതിന് ആക്കംകൂട്ടി. പ്രാന്തകാര്യാലയത്തിലായിരിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ യാത്രയ്ക്കിറങ്ങും.  'ഘൂമ്‌നേ കേലിയേ' എന്നാണ് ഇതിന് പറഞ്ഞുകൊണ്ടിരുന്നത്. നഗരത്തിലേക്കാവും ഈ യാത്ര. അവിടെ പരിചയമുള്ള ഏതെങ്കിലും ചെറുകടകളില്‍നിന്ന് ദോശ കഴിക്കും. കപ്പലണ്ടി, ചെറുപഴം, ചിലപ്പോള്‍ കശുവണ്ടിപ്പരിപ്പ് എന്നിവ വാങ്ങി തോള്‍സഞ്ചിയില്‍ സൂക്ഷിച്ച് കൊണ്ടുവരും. അടുപ്പമുള്ളവരെ വഴിയില്‍ കണ്ടുമുട്ടിയാല്‍ ''വരുന്നോ ദോശ വാങ്ങിത്തരാം'' എന്ന വാഗ്ദാനമുണ്ടാവും. 
യാത്രകള്‍ക്ക് വലിയ തയ്യാറെടുപ്പുകളൊന്നും നടത്താറില്ല. വയനാട്ടിലെ ഗണപതിവട്ടത്തേക്കാണെങ്കിലും, മധ്യപ്രദേശിലെ ബസ്തറിലേക്കാണെങ്കിലും പോക്കുംവരവും ഒരുപോലെയായിരിക്കും. പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷനാവും. പിന്നെ വളരെ ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിവരിക. അപ്പോള്‍ സഞ്ചരിച്ച സ്ഥലങ്ങളിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കും. വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രചാരകനെന്ന നിലയ്ക്ക് ഉത്തരഭാരതത്തിലെ പല പ്രദേശങ്ങളും സ്വന്തം നാടുപോലെ രാമനാഥ്ജിക്ക് സുപരിചിതമായിരുന്നു.
മലയാളത്തിനുപുറമെ കൊങ്കണി, മറാഠി, ഇംഗ്ലീഷ്, സംസ്‌കൃതം, ഹിന്ദി എന്നീ ഭാഷകള്‍ അറിയാമായിരുന്നു. ഹിന്ദിയില്‍ നന്നായി സംസാരിക്കും. ഈ ഭാഷാപരിചയമാണ് രാംനാഥ്ജിയെ എഴുത്തിലേക്ക് നയിച്ചത്. ജീവിതത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ എഴുത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. കേശവഗാഥ, സ്മരാമി മാധവം, ദീനദയാല്‍ ഉപാധ്യായ, മാധവറാവുമൂളെ, ഏകനാഥറാനഡെ, ബാബാ സാഹേബ് ആപ്‌തേ, വന്ദനീയ മൗസിജി, ഭഗിനി നിവേദിത (വിവര്‍ത്തനങ്ങള്‍), ലളിത രാമായണം, ഗുരുജി പറഞ്ഞ കഥകള്‍, കാമ്പുള്ള കഥകള്‍, ഹനുമദ് കഥകള്‍, ശ്രീഗുരുജി, സ്വാമി വിവേകാനന്ദന്‍ (ചിത്രകഥകള്‍), ഭാരതത്തിലെ മുനികുലങ്ങള്‍, കൃഷ്ണമനം തുടങ്ങിയ കൃതികള്‍ എഴുത്തില്‍ പുലര്‍ത്തിയിരുന്ന ശ്രദ്ധയ്ക്ക് തെളിവാണ്. 'സ്മരാമി മാധവ'ത്തിന് ഞാന്‍ ഒരു നിരൂപണമെഴുതിയിരുന്നു. ഇതിനുശേഷം പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെയെല്ലാം ഒരു കോപ്പി കയ്യൊപ്പ് ചാര്‍ത്തി എനിക്ക് സമ്മാനിക്കുക പതിവായിരുന്നു. വാല്മീകി രാമായണം കൊങ്കണി ഭാഷയിലേക്ക് മൊഴിമാറ്റുകയായിരുന്നു ഏറ്റവുമൊടുവില്‍. ആരോഗ്യം ക്ഷയിച്ചപ്പോഴും മനസ്സു തളര്‍ന്നിരുന്നില്ല. മരിക്കുന്നതിന് മാത്രകള്‍ക്ക് മുന്‍പും എഴുതിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments