Kesari WeeklyKesari

ലേഖനം**

സാക്ഷരകേരളത്തിന്റെ 'രാക്ഷസമുഖം'--അഡ്വ.സനല്‍ പി.ഭാസ്‌കര്‍

on 04 May 2018

വനവാസിക്ഷേമത്തിനായി വര്‍ഷംതോറും കോടിക്കണക്കിനുരൂപ ചെലവഴിക്കപ്പെടുന്ന ഒരു സംസ്ഥാനത്താണ് ആ വിഭാഗത്തിലെ ശിശുക്കള്‍ പോഷകാഹാരക്കുറവുകൊണ്ടും കുട്ടികളും സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെ  ആയിരക്കണക്കിനുപേര്‍  പട്ടിണി മൂലവും മരിക്കുന്നത്. ലോകത്തെ എല്ലാ ജനവിഭാഗങ്ങളും എണ്ണത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ വനവാസികള്‍ മാത്രം എണ്ണത്തില്‍ കുറയുന്നതായി നാം കാണുന്നു. ഔദ്യോഗികവും അനൗദ്യോഗികവുമായ  കണക്കുകളെല്ലാം ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. നാം നിരന്തരം കേള്‍ക്കുന്ന ഒന്നാണ് വനവാസികളുടെ ഇടയിലെ ശിശുമരണങ്ങള്‍. മിക്കതും പട്ടിണി മരണങ്ങള്‍ ആണ്. പിന്നെ പോഷകാഹാരക്കുറവുമൂലമുള്ളതും. ജീവന്‍ നിലനിര്‍ത്താനുതകുന്ന ആഹാരം കിട്ടുന്നില്ല, പിന്നല്ലേ പോഷകാഹാരത്തിന്റെ കാര്യം? കേരളത്തിലെ വനവാസികളുടെയിടയിലെ പോഷകാഹാരക്കുറവുമൂലമുള്ള ശിശുമരണനിരക്ക് ദേശീയ ശരാശരിയെക്കാളും എന്തിനു സോമാലിയയിലെ നിരക്കിനെക്കാളും കൂടുതലാണെന്ന് കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പുലഭ്യം പറയാന്‍, വസ്തുതകളെ കൊഞ്ഞനംകുത്തി കാണിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത കേരളത്തിലെ കപടപ്രബുദ്ധതാവാദികള്‍ ശ്രമിച്ചത് നാം കണ്ടതാണ്. പട്ടിണിമരണങ്ങളും അടുക്കളകുഴിച്ചു ശവമടക്കുമൊക്കെ അതിനുമുമ്പും  അതിനുശേഷവും ഇവിടെ നടന്നിട്ടുണ്ട്. ഇപ്പോഴും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. എങ്കിലും ഗീര്‍വാണങ്ങള്‍ക്ക്  അവസാനമില്ല. ഇതൊക്കെ മറച്ചുവെച്ചിട്ട്  കേരളം 'നമ്പര്‍ വണ്‍' ആണെന്ന് വീമ്പിളക്കാന്‍ ഒരുപക്ഷെ 'പ്രബുദ്ധനായ' മലയാളിക്കേ കഴിയൂ. വനവാസി-ദളിത് പീഡനങ്ങള്‍ കേരളത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇതിനാല്‍ പീഡനങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളമെന്നു കാണാം.

കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ കലബുര്‍ഗിനയില്‍ അല്‍കമര്‍ നഴ്‌സിംഗ് കോളേജിലെ മലയാളി വിദ്യാര്‍ഥിനികളില്‍ നിന്ന് ക്രൂരമായ റാഗിങ്ങ് നേരിടേണ്ടിവന്ന അശ്വതി നല്കിയ മൊഴിയില്‍ പറയുന്നത് സീനിയര്‍ ആയ മലയാളി വിദ്യാര്‍ത്ഥിനികള്‍ ജാതി പറഞ്ഞാക്ഷേപിക്കുകയും കറുത്തവളെന്നു വിളിക്കുകയും ചെയ്തുവെന്നാണ്. സീനിയര്‍ വിദ്യാര്‍ഥിനികള്‍ ഈ പെണ്‍കുട്ടിയെ ടോയലറ്റ് ക്ലീനര്‍ കുടിപ്പിച്ചു. ഇതിന്റെ ഫലമായി കുട്ടിയുടെ അന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ കേടുസംഭവിച്ചു എന്നതാണ് കേസ്. 2016 മെയ് 9നാണ് സംഭവം നടന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍  കണ്ടെത്തിയത്. ഇവിടെ ഒരാളെ കളിയാക്കുന്നതിനും പീഡിപ്പിക്കുന്നതിനും ജാതിയും നിറവും കാരണമാകുന്നു എന്നു കാണാം. എന്നാല്‍ ഈ കേസില്‍ പ്രതികളായ, മലയാളികളായ, മുതിര്‍ന്ന വിദ്യാര്‍ത്ഥിനികളോട് കേരളസമൂഹം സ്വീകരിച്ചത് വളരെ  ഉദാരമായ സമീപനമാണ്. എന്നാല്‍ ജിഷയുടെ കൊലപാതകിയോട് കടുത്ത നിലപാടാണ് മലയാളി സമൂഹം സ്വീകരിച്ചത്. കാരണം, പോലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അത് ഒരു 'ഉത്തരേന്ത്യക്കാരന്‍' ഒറ്റയ്ക്ക് നടത്തിയ കൊലപാതകം ആണല്ലോ? ഇങ്ങനെ തരാതരം പോലെ പ്രതികരണത്തിലെ സ്വഭാവം മാറ്റുക എന്നത് മലയാളിയുടെ പൊതുബോധമാണ് എന്നതിന് ഇനിയും ഉദാഹരണങ്ങള്‍ ഉണ്ട്.

പിഞ്ചു കുട്ടിയെ 

ജയിലില്‍ അടച്ചു

ദളിത് പീഡനക്കേസുകള്‍ അട്ടിമറിക്കപ്പെടുന്നതിനു ഏറ്റവും വലിയ ഉദാഹരണമാണ് തലശ്ശേരിയില്‍ ദളിത് യുവതികള്‍ കൈക്കുഞ്ഞിനോടൊപ്പം ജയിലില്‍ അടക്കപ്പെട്ട സംഭവം. തലശ്ശേരി കുട്ടിമാക്കൂലില്‍ കൈക്കുഞ്ഞുമായി ദളിത് യുവതികള്‍ ജയിലില്‍ അടക്കപ്പെട്ട സംഭവത്തില്‍ ജൂഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായത് നെറികെട്ട സമീപനമാണ് എന്നു പറയാതെവയ്യ. രാഷ്ട്രീയക്കാരന്റെ കളിപ്പാവയായി പ്രവര്‍ത്തിക്കുന്ന പോലീസ് തയ്യാറാക്കിയ റിമാന്റ് നോട്ട് അതേപടി സ്വീകരിച്ച് യുവതികളെ റിമാന്റ് ചെയ്തതോടൊപ്പം  കൈക്കുഞ്ഞിനെക്കൂടി  ജയിലിലടയ്ക്കാന്‍ കാരണക്കാരനായ ജുഡീഷ്യല്‍ ഓഫീസര്‍ ജുഡീഷ്യറിക്ക് തീരാക്കളങ്കമല്ലേ? സാധാരണ നിലയില്‍ ഇത്തരം സാഹചര്യങ്ങളില്‍ കോടതിയിലെത്തുന്നവര്‍ക്ക് ജാമ്യം നല്‍കുന്ന സമീപനമാണ് കീഴ്‌വഴക്കമെന്നിരിക്കെ ''യുവതികള്‍ തുടര്‍ അന്വേഷണത്തെ തടസ്സപ്പെടുത്തു''മെന്ന് കരുതിയാല്‍ തന്നെ കൈക്കുഞ്ഞ് ചെയ്ത തെറ്റ് എന്താണ്? കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ മജിസ്‌ട്രേറ്റ് പരാജയപ്പെട്ടു. പട്ടാപ്പകല്‍ രണ്ട് സ്ത്രീകള്‍ പാര്‍ട്ടി  ഓഫീസ് അക്രമിച്ചെന്ന, അതും സി പി എം പോലൊരു പാര്‍ട്ടിയുടെ ഓഫീസ്, കണ്ടെത്തലിന്റെ സാംഗത്യം പരിശോധിക്കാന്‍ പോലും കഴിവില്ലാത്ത, അതിനു ധൈര്യമില്ലാത്ത ഇത്തരം ജുഡീഷ്യല്‍ ഓഫീസര്‍മാരെ നീക്കം ചെയ്യുകയാണ് വേണ്ടത്. മുത്തങ്ങ സമരത്തിനോടനുബന്ധിച്ചുണ്ടായ കേസ്സില്‍ അമ്മമാര്‍ക്കൊപ്പം കുട്ടികളെ ജയിലിലേക്കയച്ച മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കുകയുണ്ടായി എന്നുള്ളകാര്യം നാം ഓര്‍ക്കേണ്ടതാണ്.

ഇവിടെ ജയില്‍വാസത്തിന് വിധിക്കപ്പെട്ടവര്‍ പ്രത്യേക നിയമപരിരക്ഷയുള്ള ദളിത് വിഭാഗത്തിലുള്ള സ്ത്രീകളാണ്. എതിര്‍ കക്ഷികള്‍ സംസ്ഥാന ഭരണം കയ്യാളുന്ന സിപിഐഎം പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്. 

ദളിത്-പിന്നാക്ക വിഭാഗങ്ങളോടുള്ള സിപിഎമ്മിന്റെ  കപടസ്‌നേഹം തുറന്നുകാട്ടുന്ന ഒന്നാണ് ഈ സംഭവം. എങ്കിലും കേരള സമൂഹം പാഠങ്ങള്‍ പഠിക്കുന്നില്ല. ജയിലിലടക്കുക മാത്രമല്ല യുവതികള്‍ക്കെതിരെയും ഇവരുടെ കുടുംബത്തിനെതിരെയും വ്യാപകമായ രീതിയില്‍ സാമൂഹ്യ-ദൃശ്യമാധ്യമങ്ങളിലൂടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അപവാദ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ജയിലിലടക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ യുവതികളില്‍ ഒരാള്‍ സിപിഎമ്മിന്റെ അവഹേളനത്തില്‍ മനംനൊന്ത് ആത്മഹത്യാശ്രമം നടത്തിയതും നാം കണ്ടതാണ്. യുവതി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ പ്രേരണാകുറ്റത്തിന് ഡിവൈഎഫ്‌ഐ നേതാക്കളായ എം.എല്‍.എയും വനിതാനേതാവും ആണ് പ്രതിസ്ഥാനത്ത്. എല്ലാ കാലത്തും ദളിത് - പിന്നാക്ക വിഭാഗങ്ങളോട് സിപിഎം പിന്തുടര്‍ന്നുവന്ന നയങ്ങളുടെ തുടര്‍ച്ചയാണ് കുട്ടിമാക്കൂലിലും സംഭവിച്ചത് എന്നുമാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ തന്നെ നടന്ന ഈ കാടത്തം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി  കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അസഹിഷ്ണുതയുടെ നേര്‍ചിത്രം കൂടിയാണ്. 

പയ്യന്നൂരിലെ ചിത്രലേഖ

പയ്യന്നൂര്‍ എടാട്ട് ചിത്രലേഖയെന്ന ദളിത് യുവതിക്ക് സിപിഎം ക്രൂരതയുടെ ഫലമായി ഉപജീവനത്തിനുവേണ്ടി ചെയ്തുവരുന്ന തൊഴിലും സ്വന്തം വീടും ഉപേക്ഷിച്ച് പാര്‍ട്ടിഗ്രാമം വിട്ടോടേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു. എടാട്ട് ഓട്ടോറിക്ഷ ഓടിച്ച് ജീവിതം നയിക്കുകയായിരുന്ന ചിത്രലേഖയെ ദളിത് സ്ത്രീ എന്ന ഒറ്റക്കാരണത്താല്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും  അവരുടെ ഓട്ടോറിക്ഷ അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഒടുവില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ വരെ സമരം ചെയ്തതിനെ തുടര്‍ന്ന്  യുഡിഎഫ് സര്‍ക്കാര്‍ കാട്ടാമ്പള്ളിയില്‍ ഭൂമി അനുവദിച്ചെങ്കിലും അവിടെ ചിത്രലേഖയും കുടുംബവും സിപിഎമ്മില്‍ നിന്നും എടാട്ടേതിന് സമാനമായ ഭീഷണി നേരിടുകയാണ്. പിന്നാക്ക വിഭാഗത്തില്‍ ജനിക്കുകയും കുടുംബം പോറ്റാന്‍ പുരുഷന്മാര്‍ ഭൂരിപക്ഷമുള്ള ഓട്ടോ ഡ്രൈവര്‍ എന്ന തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്തു എന്നതിനാലാണ് ഈ യുവതിക്ക് പാര്‍ട്ടിയില്‍ നിന്നും ഈ ദുഃസ്ഥിതി നേരിടേണ്ടി വന്നത്.  ഒടുവില്‍ അനുവദിച്ച ഭൂമിയും റദ്ദാക്കി. ജാതീയമായ പീഡനത്തിന്റെ നിരവധി സംഭവങ്ങള്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും ഇരകള്‍ക്ക്  പരാതി പറയാന്‍ പോയിട്ട് വായതുറക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്. പാര്‍ട്ടി  നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടേയും പൗരസ്വാതന്ത്ര്യനിഷേധത്തിന്റെയും വ്യക്തമായ ചിത്രമാണ് കുട്ടിമാക്കൂല്‍  സംഭവത്തിലും  ചിത്രലേഖ സംഭവത്തിലും  ദൃശ്യമാകുന്നത്. മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന അസഹിഷ്ണുതാ മനോഭാവവും പാവപ്പെട്ടവനോടും പിന്നാക്കക്കാരനോടുമുള്ള നിഷേധാത്മക നിലപാടുകളും സവര്‍ണ്ണ ബൂര്‍ഷ്വാചിന്തയും തുറന്നുകാട്ടുന്നവയാണ് ഈ സംഭവങ്ങള്‍. 

നാട്ടകം പോളിയിലെ റാഗിങ്ങും 'പുലയക്കുടിലും'

കേരളീയ നവോത്ഥാനത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒരു ഉളുപ്പും കാണിക്കാത്ത മാര്‍ക്‌സിസ്റ്റുകള്‍ കലാലയങ്ങളില്‍ 'പുലയക്കുടിലുകള്‍' കെട്ടിയുയര്‍ത്തുന്നതും നാം കണ്ടു.

പരിസ്ഥിതി പ്രവര്‍ത്തകനും മരണംവരെ കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചയാളുമായ കല്ലേന്‍ പൊക്കുടന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ജാതിയുടെപേരില്‍ അധിക്ഷേപിക്കപ്പെട്ടു. പാര്‍ട്ടി  ഉപേക്ഷിച്ച തന്നെ പല രീതിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ നാം കേട്ടതാണ്. കൂടാതെ അദ്ദേഹം നട്ടുവളര്‍ത്തിയ കണ്ടല്‍ച്ചെടികള്‍ കമ്മ്യൂണിസ്റ്റുകള്‍ വെട്ടിനശിപ്പിച്ചതും കേരളീയ പൊതുസമൂഹത്തിനു അറിവുള്ളതാണ്. ഒരു ജനസമൂഹത്തെ മുഴുവന്‍ അധിക്ഷേപ്പിക്കുന്ന രീതിയില്‍  കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍  മാഗസിന്‍ പ്രസിദ്ധീകരിച്ചതും മാര്‍ക്‌സിസ്റ്റുകാരുടെ പുലയ പീഡനത്തിന്റെ ചില പര്‍വ്വങ്ങള്‍ മാത്രം.

തൃശ്ശൂര്‍ ജില്ലയിലെ നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കു നേരെ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. നടത്തിയ പീഡനങ്ങള്‍ കേരളത്തെ ഞെട്ടിച്ചതാണ്. രണ്ടു ദളിത്  കുട്ടികളെ 8 മണിക്കൂറോളം റാഗ് ചെയ്തു. ലൈംഗികാവയവം ഇടിച്ചു ചതച്ചു. അതിലൊരാളുടെ വൃക്ക തകര്‍ന്നു. ഇതേ കലാലയത്തില്‍ത്തന്നെ ജാതി വിവേചനത്തിനു തെളിവായി ദളിത് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന്റെ മുറിയിലും ഹാളിന്റെ ഭാഗത്തും 'പുലയക്കുടില്‍' എന്നെഴുതിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. പക്ഷെ ഉത്തരേന്ത്യയെ ഓര്‍ത്തു ഇടയ്ക്കിടെ ഞെട്ടുന്ന 'സാഹിത്യ നായകന്‍'മാരൊന്നും ഞെട്ടിയില്ല. കാമ്പസുകളില്‍ വളര്‍ന്നു വരുന്ന ജാതിഭ്രാന്ത് ഒരു സമുദായത്തെയാകെ അപമാനിക്കുന്ന വിധത്തിലേക്കു മാറി എന്നത്  കേരളത്തിന്റെ നവോത്ഥാന നേട്ടങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയാണെന്നു പറയേണ്ടതില്ലല്ലോ.

തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജ് സംഭവം

തീര്‍ന്നില്ല സമാനമായ മറ്റൊരു സംഭവമാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ സംഭവിച്ചത്. അവിടെ എസ്എഫ്‌ഐ നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് പാലാ സ്വദേശിനിയായ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. 2016 ഫെബ്രുവരി -9 നാണ് സംഭവം നടന്നത്. മുമ്പ് ആര്‍. എല്‍ വി കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃക്‌സാക്ഷിയായിരുന്ന പെണ്‍കുട്ടി മാനേജ്‌മെന്റിനു നല്‍കിയ മൊഴിയാണ് എസ്എഫ്‌ഐ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. മൊഴി പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ്‌ഐ നേതാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പിന്നീട് സ്വഭാവഹത്യ നടത്തുകയും ചെയ്തു. എസ് എഫ് ഐ നേതാക്കള്‍ മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ പെണ്‍കുട്ടി പ്രിന്‍സിപ്പാളിനു പരാതി നല്‍കിയിരുന്നു . എന്നാല്‍ കുറ്റാരോപിതര്‍ക്ക് മൗനപിന്തുണയാണ് അധികൃതര്‍ നല്‍കിയത് . പെണ്‍കുട്ടിയുടെ വിവാഹം മുടക്കാന്‍ എസ്എഫ്‌ഐ നേതാക്കള്‍ പ്രതിശ്രുത വരനെ വിളിച്ച് ആക്ഷേപങ്ങള്‍ പറയുകയുണ്ടായി. ഇതിനിടെ കോളേജില്‍ നടന്ന അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും യോഗത്തില്‍ പരസ്യമായാണ് പെണ്‍കുട്ടിക്കെതിരെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കിയത്. എന്നുമാത്രമല്ല, ചില അദ്ധ്യാപകര്‍ ഇതിനെ പിന്തുണക്കുകയും ചെയ്തു. ഇതാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തിനു കാരണം.

പ്രിന്‍സിപ്പാളിന്റെ കസേര കത്തിക്കല്‍

കോളേജ് കാമ്പസില്‍ അശ്ലീല ചുവരെഴുത്തുകള്‍ നടത്തിയതിനെതിരെ പോലീസില്‍ പരാതിപ്പെട്ടതിനും ക്ലാസിനുള്ളില്‍ സൗഹൃദത്തിന്റെ മറവില്‍ നടക്കുന്ന  ആണ്‍-പെണ്‍ അഴിഞ്ഞാട്ടങ്ങളെ ചോദ്യം ചെയ്തതിനും എറണാകുളം  മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ എന്‍.എല്‍.ബീനയോട്   എസ്.എഫ്.ഐ.ക്കാര്‍ പക തീര്‍ത്തത് അവരുടെ കസേര കത്തിച്ചുകൊണ്ടായിരുന്നു. 2017 ജനുവരി 19 നായിരുന്നു ഈ സംഭവം. കോളേജിലെ ഇടതു അധ്യാപകരുടെ പിന്തുണയോടെയായിരുന്നു ഇത്.

ഒരു പഴയ സംഭവം കൂടി ഓര്‍മിപ്പിക്കാം. 2003 ഫെബ്രുവരി 19ന് വയനാട് ജില്ലയിലെ മുത്തങ്ങയില്‍ നടന്നത് വനവാസികള്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. കേരളത്തിലെ ലക്ഷക്കണക്കിനു ഭൂരഹിതരായ  വനവാസികള്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഭൂമിക്കുവേണ്ടി നടത്തിയ സമരത്തെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്താനാണ് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്.സര്‍ക്കാര്‍ ശ്രമിച്ചത്. ഒടുവില്‍ വനത്തില്‍ കുടികെട്ടി താമസിച്ച നിരായുധരായ വനവാസികള്‍ക്കു നേരെ നടന്ന പോലീസ് വെടിവെപ്പില്‍ ജോഗി എന്ന വനവാസി കൊല്ലപ്പെടുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു പോലീസുദ്യോഗസ്ഥനും കൊല്ലപ്പെടുകയുണ്ടായി. ഓരോ വനവാസി കുടുംബത്തിനും 5 ഏക്കര്‍ വീതം ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഒന്നും സംഭവിച്ചില്ല. ഭൂരിഭാഗം വനവാസികളും  ഇപ്പോഴും ഭൂരഹിതരാണ്.

ഇത്രയും സംഭവങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടാന്‍ കാരണം മറ്റൊന്നുമല്ല. ഇത്തരം സംഭവങ്ങളോടുള്ള കേരളീയ പൊതുസമൂഹത്തിന്റെ കുറ്റകരമായ മൗനവും നിസ്സംഗതയുമാണ്. എണ്ണമറ്റ ഇത്തരം സംഭവങ്ങള്‍ സ്വന്തം നാട്ടില്‍ നടക്കുമ്പോഴും അതിനെയൊക്കെ സൗകര്യപൂര്‍വ്വം വിസ്മരിച്ചു 'അകലങ്ങളിലെ ഇന്ത്യ'യില്‍ നടക്കുന്ന സംഭവങ്ങളെ ഓര്‍ത്തു മാത്രം ഞെട്ടുന്ന മനോനിലയെ ചൂണ്ടിക്കാട്ടാന്‍ വേണ്ടിമാത്രമാണ്. അതുപോലെ സമന്വയത്തിന്റെയും സമരസതയുടെയും പരസ്പര ബഹുമാനത്തിന്റെയും നല്ല പാഠങ്ങള്‍ പകര്‍ന്നു കൊടുക്കേണ്ട അധ്യാപകര്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വക്താക്കളായി മാറുന്നതാണ് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജിലും പാലക്കാട് വിക്ടോറിയ കോളേജിലും കണ്ടത്. മാത്രമല്ല, ഇവര്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൂലിത്തൊഴിലാളികളായി മാറുന്ന ജുഗുപ്‌സാവഹമായ കാഴ്ചയും കണ്ടു. എന്നാല്‍ ഇതേ വ്യക്തികള്‍ തന്നെയാണ് ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്‍ പങ്കാളികളല്ലാത്തവര്‍ക്കു നേരെപോലും  അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആക്രോശങ്ങള്‍ നടത്തുന്നത്. മലയാളിയുടെ പ്രബുദ്ധതയും സദാചാരബോധവും സഹജീവിസ്‌നേഹവുമൊക്കെ വെറും പുറംപൂച്ചുകള്‍ മാത്രമാണ്.

ഇങ്ങനെ ദരിദ്രരും ദളിതരും  വനവാസികളും മനോനില തെറ്റിയവരുമൊക്കെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട 'കേരളമോഡലി'നെക്കുറിച്ചാണ് നാം എപ്പോഴും വീമ്പിളക്കാറുള്ളത്.

അങ്ങനെയല്ലെങ്കില്‍, രാഷ്ട്രീയ പ്രബുദ്ധത ഉള്ള ഒരു നാട്ടില്‍ എന്തുകൊണ്ട് എതിരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നത് പ്രാവര്‍ത്തികമാക്കുന്ന പ്രത്യയശാസ്ത്രത്തിന് വീണ്ടും വീണ്ടും അധികാരത്തിലെത്താന്‍ കഴിയുന്നു? അത്തരം ഉന്മൂലനപ്രക്രിയയില്‍ നേരിട്ടു പങ്കെടുത്തിട്ടുള്ളവര്‍ക്ക്  എന്തേ ഭരണനേതൃത്വത്തില്‍വരെ എത്താന്‍ കഴിയുന്നു? 'മതേതരത്വം' പ്രസംഗിക്കുകയും മതത്തെ 'തരാതരം' പോലെ ഉപയോഗിക്കുകയും ചെയ്യുന്ന, വര്‍ഗീയ-മതമൗലികവാദ പ്രസ്ഥാനങ്ങളുടെ തോളിലേറി നടക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്ക്് എന്തേ 'മതേതര കേരളത്തില്‍' അധികാരത്തിലെത്താന്‍ കഴിയുന്നു? ഭീകരപ്രവര്‍ത്തനത്തിന് ജയിലില്‍ അടക്കപ്പെട്ട മദനിക്കുവേണ്ടി 'ഏകകണ്ഠ'ത്തില്‍ പ്രമേയം പാസ്സാക്കിയ നിയമസഭയും 'മതേതര കേരളത്തിന്റെ'താണല്ലോ?   സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാത്രമല്ല, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പദവികള്‍ വരെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വീതംവെച്ചുനല്‍കുന്ന  നാടും കേരളമല്ലേ? ദേശം മുഴുവനും അടിമത്തം അടിച്ചേല്‍പ്പിച്ച അടിയന്തിരാവസ്ഥക്കെതിരെ വിധിയെഴുതിയപ്പോള്‍ കേരളം മാത്രം എന്തുകൊണ്ടാണ് അടിമത്ത നുകം അംഗീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പില്‍ വിധിയെഴുതിയത്? ദേശീയധാരയില്‍ നിന്ന് വ്യതിചലിക്കുന്ന സമീപനം എന്തുകൊണ്ടാണ് കേരളീയ പൊതുസമൂഹം സ്വീകരിച്ചുപോരുന്നത്? ദേശവിരുദ്ധ ശക്തികള്‍ക്ക് എന്തുകൊണ്ട് കേരളം വളക്കൂറുള്ള മണ്ണായി മാറുന്നു? സാക്ഷരതയില്‍, വിദ്യാസമ്പന്നതയില്‍, ആരോഗ്യ മേഖലയില്‍, മനുഷ്യ വികാസ സൂചികയില്‍ ഒക്കെ 'ഒന്നാം സ്ഥാനത്ത്'  നില്ക്കുന്ന കേരളം എന്തുകൊണ്ട് ആഗോള ഇസ്ലാമിക ഭീകരവാദത്തിന് ഇത്രയും പോരാളികളെ സംഭാവന ചെയ്തു കൊണ്ടിരിക്കുന്നു? അനവധി ചോദ്യങ്ങള്‍ ഇനിയുമുണ്ട്. 

കാരണം  ഒന്നേയുള്ളൂ. കപട- മതേതരത്വത്തിന്റെയും കപട പ്രബുദ്ധതയുടെയും, കപട മാനവികതയുടെയും ഒക്കെ കമ്പിളിപ്പുതപ്പിനുള്ളില്‍ പുതച്ചുമൂടിയിരിക്കാനാണ് മലയാളിക്കിഷ്ടം. കൊട്ടിഘോഷിക്കപ്പെടുന്ന രീതിയില്‍ അത്ര ആശാസ്യമൊന്നുമല്ല മലയാളിയുടെ മനോനില. ആരോഗ്യമേഖലയിലെ 'നമ്പര്‍ വണ്‍' സ്ഥാനമലങ്കരിക്കുമ്പോഴും ആത്മഹത്യയിലും 'നമ്പര്‍ വണ്‍' സ്ഥാനം മലയാളിക്കാണ് എന്നതുതന്നെയാണ് ഇങ്ങനെ പറയേണ്ടിവന്നതിനു ഒരു കാരണം. ശാരീരിക-മാനസിക-സാമൂഹിക-ആത്മീയ (മതപരമല്ല) സൗഖ്യവും സുസ്ഥിരതയുമാണല്ലോ ആരോഗ്യം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്?  വിശദമായ മനഃശാസ്ത്ര-സാമൂഹ്യശാസ്ത്ര പഠനങ്ങള്‍ക്ക്  വിധേയമാക്കേണ്ടതാണ് ഈ വിഷയം.   

മധുവിന്റെ മരണത്തിനുശേഷവും വനവാസികളോടുള്ള അധികൃതരുടെ അവഗണനയും അവഹേളനവും തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഏറ്റവും ഒടുവിലായി പത്തനംതിട്ടയില്‍ വനവാസി യുവതിക്ക് ചികിത്സ നിഷേധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വളരെ ദയനീയ അവസ്ഥയില്‍ കഴിയുന്നവരാണ് ഈ കുടുംബം എന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വനവാസികള്‍ക്ക്  ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ അനവധി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ആതുര സേവനരംഗത്ത് ഇത്തരം കണ്ണില്‍ ചോരയില്ലാത്ത 'അപ്പോത്തിക്കിരിമാരും ആതുരസേവകരും' വാഴുന്ന ഈ കേരളത്തില്‍ തന്നെ, തനിക്കു ലഭിക്കുമായിരുന്ന സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചു വനവാസികള്‍ക്കിടയില്‍ ആതുരസേവനം ജീവിതവ്രതമാക്കിയ നിസ്വാര്‍ത്ഥമതികളും താമസിക്കുന്നു എന്നത് കാണാതിരുന്നുകൂടാ.

സാമൂഹിക സേവനത്തിന്റെ് സംഘമുഖം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  തൊണ്ണൂറുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്തെ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാനമായ (അന്ന് ഫോര്‍ട്ട്  ഗേള്‍സ് ഹൈസ്‌കൂളിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന) സംസ്‌കൃതിഭവനില്‍വെച്ചാണ് ഡോ:നാരായണനെ ഈ ലേഖകന്‍ പരിചയപ്പെടുന്നത്. പില്‍ക്കാലത്ത് 'നരസേവ തന്നെയാണ് നാരായണസേവ' എന്നു തന്റെ  പ്രവൃത്തിയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു. 'ദരിദ്രനിലും പാവപ്പെട്ടവനിലും നീ നാരായണനെ കാണുക' എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഡോ. നാരായണന്‍ പ്രവൃത്തിപഥത്തിലെത്തിച്ചു. 2002-ലാണ് അദ്ദേഹം തന്റെ കര്‍മ്മഭൂമിയായ അട്ടപ്പാടിയിലെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ്. ബിരുദവും ശിശുരോഗ ചികിത്സയില്‍ ബിരുദാനന്തര ബിരുദവും നേടിയ തനിക്കു ലഭിക്കുമായിരുന്ന അനവധി അവസരങ്ങള്‍ ത്യജിച്ചുകൊണ്ട് അട്ടപ്പാടിയില്‍ ആതുരസേവനം നടത്താനാണ് അദ്ദേഹം തീരുമാനിച്ചത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയാല്‍ ഗ്രാമീണ മേഖലകളില്‍ സേവനം അനുഷ്ഠിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്ത പശ്ചാത്തലമുള്ള നാട്ടിലാണ് പ്രതിഫലത്തെക്കുറിച്ചുപോലും ചിന്തിക്കാതെ ഈ സേവനപാത തിരഞ്ഞെടുക്കാന്‍ ഡോ: നാരായണന്‍ തയ്യാറായത്.

2002 നവംബറില്‍  അട്ടപ്പാടിയില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് അദ്ദേഹം ആരംഭിച്ചു. പിന്നീട് 2004-സപ്തംബറില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ് രൂപീകരിച്ചു. തുടര്‍ന്ന് വിവിധ ഗ്രാമങ്ങളില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ടു 'ഗ്രാമീണ ആരോഗ്യ പ്രവര്‍ത്തക പദ്ധതി' (ഢശഹഹമഴല ഒലമഹവേ ണീൃസലൃ ജൃീഴൃമാാല) ക്കു തുടക്കം കുറിച്ചു. നിലവില്‍ 75 ലധികം  ഗ്രാമങ്ങളില്‍ ഇത്തരം സന്നദ്ധസേവകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനവാസികള്‍ക്കിടയില്‍ വ്യാപകമായി കണ്ടുവരുന്ന അരിവാള്‍ രോഗം (ടശരസഹലരലഹഹ റശലെമലെ (ടഇഉ)  ചികിത്സിക്കുന്നതിനായി പ്രത്യേക യൂണിറ്റും 2012 ജനുവരി മുതല്‍  പ്രവര്‍ത്തിക്കുന്നു. 2012 ഏപ്രില്‍ മുതല്‍ ഇവിടെ ഒരു ലഹരി മോചന കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വനവാസികള്‍ക്ക് മരുന്നടക്കമുള്ള ചികിത്സ ഇവിടെ തികച്ചും സൗജന്യമാണ്.

വനവാസികള്‍ക്കായി നടപ്പാക്കുന്ന മിക്ക പദ്ധതികളുടെയും അവസ്ഥ 'ദേ വന്നു, ദാ പോയി' എന്നതാണ്. ഇങ്ങനെ പാളംതെറ്റിയ അനേകം സര്‍ക്കാര്‍-സര്‍ക്കാരിതര ആരോഗ്യപദ്ധതികളുടെയും പുനരധിവാസ പദ്ധതികളുടെയും  അനുഭവമുള്ള അട്ടപ്പാടിയില്‍ ആതുരസേവനരംഗത്ത് വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ നടത്തുന്ന  പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. മിഷന്റെ മെഡിക്കല്‍ യൂണിറ്റുകള്‍ ഊരുകളിലെ  ചികിത്സയുമായി രോഗികളുടെ അടുത്തെത്തുന്ന അനുഭവമാണ് അട്ടപ്പാടിയിലുള്ളത്. അവരോടൊപ്പം ഉണ്ടും ഉറങ്ങിയും അവരുടെ വേദനകള്‍ കണ്ടുംകേട്ടുമുള്ള സ്‌നേഹ ചികിത്സയാണ് ഇവിടെ നാം കാണുക.

'മനുഷ്യനില്‍ അന്തര്‍ലീനമായ പൂര്‍ണ്ണതയുടെ ആവിഷ്‌കാരമാണ് വിദ്യാഭ്യാസം' എന്ന വിവേകാനന്ദവാണി പ്രാവര്‍ത്തികമാക്കിക്കൊണ്ട് മല്ലീശ്വര വിദ്യാനികേതന്‍ സ്‌കൂളും ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നൈപുണ്യ വികസന കേന്ദ്രം, മാനസികാരോഗ്യ കേന്ദ്രം, ലഹരി-മോചന കേന്ദ്രം, പോഷകാഹാര കേന്ദ്രം, സാമൂഹ്യ മാനസികാരോഗ്യ പദ്ധതി, വിദഗ്ദ്ധ ചികിത്സ ക്യാമ്പുകള്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പുകള്‍ എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക സേവനത്തിന്റെയും ആതുരസേവനത്തിന്റെയും പുതിയ പന്ഥാവ് വെട്ടിത്തുറന്ന കഥയാണ് ഡോ:നാരായണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മെഡിക്കല്‍ മിഷന് പറയാനുള്ളത്.

കേരളം മുന്നില്‍?

  നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ചഇഞആ) യുടെ കണക്കനുസരിച്ച് കേരളത്തില്‍ വനവാസികള്‍ക്കെതിരെയുള്ള അക്രമങ്ങളിലും മറ്റു പീഡനങ്ങളിലും 2014-ലുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2015-ലും 2016 ലും ഗണ്യമായ വര്‍ദ്ധവനവ് ഉണ്ടായതായി കാണുന്നു. ഇതനുസരിച്ച് 2014-ല്‍ 120 കേസുകള്‍ ആണ് കേരളത്തില്‍ റിപ്പോര്‍ട്ട്  ചെയ്തതെങ്കില്‍ 2015-ല്‍ അത് 165 കേസുകളായി മാറി. 2016-ല്‍ ആകട്ടെ അത് 182 ആയി ഉയരുകയും ചെയ്തു. അതുപോലെ വനവാസികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്കിലും കേരളം ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നിലാണ്. 2016-ലെ കണക്കനുസരിച്ചു ദേശീയ ശരാശരി 6.3 ആണെങ്കില്‍ കേരളത്തില്‍ അത് 37.5 ആണ്. പക്ഷെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം കണക്കുകള്‍ തമസ്‌ക്കരിക്കുന്നു. രാഷ്ട്രീയക്കാര്‍ അത് മറച്ചുവെക്കുന്നു. മധുവിന്റെ സംഭവം പുറത്തുവന്നതുപോലും സമൂഹ മാധ്യമങ്ങളുടെ ഇടപെടല്‍ മൂലമാണ്. മുഖ്യധാരാമാധ്യമങ്ങള്‍ അത് മറച്ചുവെക്കാനാണ് ശ്രമിച്ചത്. കുറച്ചുകാലം മാധ്യമങ്ങളും ചര്‍ച്ചാ  തൊഴിലാളികളും ആഘോഷിച്ച പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവും ആദ്യം ചരമക്കോളത്തില്‍ ഒരു വാര്‍ത്തയായി ഒതുക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നു നാം കണ്ടതാണ്. സമൂഹമാധ്യമങ്ങള്‍ അതേറ്റെടുത്തശേഷമാണ് ഗത്യന്തരമില്ലാതെ മുത്തശ്ശി പത്രങ്ങളൊക്കെ അതേറ്റടുപിടിക്കാന്‍ തയ്യാറായത്. ഇപ്പോള്‍ മധുവിന്റെ കൊലപാതകത്തില്‍ മുതലക്കണ്ണീരൊഴുക്കുന്ന മാധ്യമങ്ങള്‍ തുടക്കത്തില്‍ എങ്ങനെയായിരുന്നു ഈ സംഭവത്തെ അവതരിപ്പിച്ചതെന്ന് നോക്കാം. 23-02-2018 ലെ മാതൃഭൂമി മധുവിനെ 'മോഷണകേസ് പ്രതി'യെന്നു വിശേഷിപ്പിച്ചാണ് വാര്‍ത്ത  കൊടുത്തത്. 

എന്നാല്‍ ഇതേ മാതൃഭൂമി 2018 ഫെബ്രുവരി 24ന് ഒന്നാം പേജില്‍ തന്നെ 'മാപ്പിരന്നു' മുതലക്കണ്ണീരൊഴുക്കുന്നതുകാണാം. ദേശാഭിമാനിയാകട്ടെ 'മോഷണവസ്തുക്കള്‍  ഒളിപ്പിക്കുന്നതിനിടെയാണ്' നാട്ടുകാര്‍ മധുവിനെ പിടികൂടിയതെന്ന് 'വ്യക്തമാക്കുന്നു'. എന്താ ഈ യുവാവ് മോഷ്ടിച്ചത്? മധുവിനെ തല്ലിക്കൊന്ന തെമ്മാടികളെക്കാള്‍ എന്ത് വ്യത്യാസമാണ് ഈ മാധ്യമങ്ങള്‍ക്കുമള്ളത്? 

ആരാണ് ഉത്തരവാദി?

വനവാസികളിലെ പുരുഷന്മാരെ കള്ളിനും കഞ്ചാവിനും അടിമകളാക്കി വനവാസിസ്ത്രീകളെ ചൂഷണം ചെയ്യുന്ന 'പരിഷ്‌കൃത' മലയാളികള്‍  മധുരമനോജ്ഞ കേരളത്തില്‍ ഉണ്ട്. ഇവരാണ് മാനസികനില തെറ്റിയ ആദിവാസികളെയും അവിവാഹിത അമ്മമാരെയും സൃഷ്ടിക്കുന്നവര്‍. വനവാസികള്‍ക്കിടയില്‍ നൂറുകണക്കിന് ബലാല്‍സംഗ കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്നുണ്ടെങ്കിലും നടപടികള്‍ ഉണ്ടാകാത്തതു കാരണം അവ ആവര്‍ത്തിക്കപ്പെടുന്നു.  മനോനില തെറ്റിയ ആയിരക്കണക്കിനു വനവാസികള്‍ അട്ടപ്പാടിയിലെ ദുരിതക്കാഴ്ചകളില്‍ ഒന്നുമാത്രമാണ്. സര്‍ക്കാര്‍ കണക്കനുസരിച്ചുതന്നെ അവിടുത്തെ 500 ലധികം മനോനില തെറ്റിയവര്‍ ഉണ്ടെന്ന് പറയുന്നു.

വനവാസികളുടെ കൃഷിഭൂമി അവര്‍ക്ക്  നഷ്ടമായി. പരമ്പരാഗതമായി അവര്‍ കൃഷിചെയ്തിരുന്ന  വിളകളായ പയര്‍ വര്‍ഗ്ഗങ്ങളും ധാന്യങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളും കൃഷി ചെയ്യാന്‍ കഴിയാതായതോടെ അവര്‍ പട്ടിണിയിലായി. അവരുടെ പോഷകാഹാരക്കുറവിനുകാരണവും ഇതുതന്നെയാണ്. അവര്‍ക്ക്  അട്ടപ്പാടിയില്‍ മാത്രം വനവാസികളുടെ ആയിരക്കണക്കിനു ഏക്കര്‍ ഭൂമി കയ്യേറ്റക്കാര്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കയ്യേറ്റക്കാരനെ കുടിയേറ്റക്കാരനാക്കി പട്ടയം നല്കുന്ന സര്‍ക്കാരുകളാണല്ലോ കേരളം വാഴുന്നത്. കേരളത്തിലെ വനവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളുസരിച്ചു അവരുടെ മനോനില തെറ്റിയില്ലെങ്കിലേ  അത്ഭുതമുള്ളൂ.

മധു ഉള്‍പ്പെടുന്ന  വിവിധഗോത്ര ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ചത് അനേകായിരം കോടികളാണ്. എന്നിട്ടും ഈ വിഭാഗങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും കഴിയുന്നുവെങ്കില്‍ ഈ കോടികള്‍ എവിടെക്കാണ്‌പോകുന്നത്? അവസാനമായി, ഇപ്പോഴിതാ വനവാസികള്‍ക്കായി പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന 'സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി' സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതായ റിപ്പേര്‍ട്ടുകള്‍ പുറത്തുവരുന്നു.18 കോടിയോളം രൂപ വകമാറ്റി ചെലവഴിച്ചതായി രേഖകള്‍ പറയുന്നു.

വനവാസികള്‍ക്കും ദളിതര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ അനുഭവിക്കുക മാത്രമല്ല, ഇവയില്‍ കയ്യിട്ടുവാരി മന്ത്രി ബാലനെപ്പോലുള്ളവര്‍ തടിച്ചുകൊഴുക്കുമ്പോഴും വനവാസികളും ദളിതരും ദുരിതജീവിതം തുടരുകയാണ്. പത്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മക്ക് പാരമ്പര്യ ചികിത്സാകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് അരുവിക്കര എം.എല്‍.എ. ശബരീനാഥന്‍ കേരള നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചപ്പോള്‍ വനവാസിയായ ലക്ഷ്മിക്കുട്ടിയെ അവഹേളിക്കുകയാണ് കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ  ക്ഷേമ വകുപ്പുമന്ത്രിയായ ബാലന്‍ ചെയ്തത്. ഇതാദ്യമായല്ല ബാലന്‍ വനവാസി സമൂഹത്തെ അധിക്ഷേപിക്കുന്നത്. 2016 ഒക്ടോബര്‍ 19 ന് നിയമസഭയില്‍ വനവാസി ശിശുക്കളുടെ ക്രമാതീതമായ മരണനിരക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് വനവാസി സ്ത്രീകളെയാകെ അപമാനിക്കുന്ന മറുപടിയാണ് ബാലന്‍ നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ആദിവാസി ഗര്‍ഭങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ല എന്ന ഏറ്റവും അവഹേളനപരമായ മറുപടിയാണ്പട്ടികജാതി-പട്ടികവര്‍ഗ്ഗ  ക്ഷേമവും കൂടാതെ  സാംസ്‌കാരിക, പാര്‍ലമെന്ററി  കാര്യ വകുപ്പുകളും കൂടി കൈകാര്യം ചെയ്യുന്ന  എ.കെ.ബാലന്‍ നല്കിയത്. ഇതിലൂടെ സംസ്‌കാരവും മന്ത്രി ബാലന് അന്യമാണ് എന്നു തെളിയിച്ചു. ഇത്തരക്കാര്‍ ആണ് കാലാകാലങ്ങളില്‍ വനവാസി ക്ഷേമം കൈകാര്യം ചെയ്തവര്‍. ഇതാണ് കേരളത്തിലെ വനവാസി ദുരിതങ്ങളുടെ പശ്ചാത്തലം. ഒരുപക്ഷെ സത്യസന്ധമായി അന്വേഷണം നടത്തുകയാണെങ്കില്‍ വനവാസി-ദളിത് ക്ഷേമത്തിനായി അനുവദിച്ച കോടികള്‍ തട്ടിയെടുത്തതായിരിക്കും കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അഴിമതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

1 Comments

Avatar
shashi
2 hours 33 minutes ago

ഹ ഹാ ,,,,കേരളത്തിൽ വിവരദോഷികളായ കാക്കികോണകങ്ങൾക് രക്ഷയില്ല...വേഗം യുപിയിലേക് ഗുജറാത്തിലേക്കോ ഓടിക്കോ ,,,കക്കൂസ് മാമൻ എല്ലാം ശെരിയാക്കിത്തരും ,,,ബ്രിട്ടീഷുകാരുടെ ചെരുപ്പും കോണകവും നക്കിയ നിങ്ങളെ ഈ കേരളത്തിലേക്കു അടുപ്പിക്കില്ല .